ന്യൂദല്‍ഹി: ബംഗാള്‍ ഉള്‍ക്കടലില്‍ മൊന്‍ത ചുഴലിക്കാറ്റ് രൂപപ്പെട്ടതോടെ വിവിധ സംസ്ഥാനങ്ങളില്‍ അതീവ ജാഗ്രതാ നിര്‍ദേശം പുറപ്പെടുവിച്ചു.
ആന്ധ്രാപ്രദേശിലും ഒഡിഷയുടെ തെക്കന്‍ ജില്ലകളിലും റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്. തമിഴ്‌നാട്ടില്‍ ചെന്നൈ അടക്കം വടക്കന്‍ ജില്ലകളിലും ശക്തമായ മഴ പെയ്യുമെന്നാണ് കാലാവസ്ഥാ വകുപ്പ് നല്‍കുന്ന മുന്നറിയിപ്പ്.
മൊന്‍ത തീരം തൊടുമെന്നിരിക്കെ ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട് സംസ്ഥാനങ്ങളിലെ വിവിധ സ്‌കൂളുകള്‍ക്ക് പ്രാദേശിക ഭരണകൂടം അവധി പ്രഖ്യാപിച്ചു. മുന്‍കരുതല്‍ നടപടിയുടെ ഭാഗമായ് മൂന്ന് സംസ്ഥാനങ്ങളിലെയും തീരദേശ മേഖലകളിലുളള ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കുമാണ് സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുള്ളത്.
ആന്ധ്രാപ്രദേശിലെ വിവിധ ജില്ലകളില്‍ സ്‌കൂളുകള്‍ ഉള്‍പ്പെടെയുള്ള എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ അവധി പ്രഖ്യാപിച്ചിട്ടുണ്ട്. കാക്കിനട, ഈസ്റ്റ് ഗോദാവരി, കൊനസീമ, എല്ലൂരു, വെസ്റ്റ് ഗോദാവരി എന്നീ ജില്ലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കാണ് അധികൃതര്‍ അവധി പ്രഖ്യാപിച്ചിരിക്കുന്നത്. ഒക്ടോബര്‍ 27 മുതല്‍ 31 വരെയാണ് അവധി.
തമിഴ്നാട്ടില്‍ ചെന്നൈ മെട്രോ പോളിറ്റന്‍ മേഖലയുടെ ഭാഗത്തുളള ജില്ലകളിലെ സ്‌കൂളുകള്‍ക്കാണ് അവധി പ്രഖ്യാപിച്ചിരിക്കുന്നത്. താഴ്ന്ന പ്രദേശങ്ങളിലും തീരദേശ മേഖലകളിലുമുളള സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും പ്രാദേശിക ഭരണകൂടങ്ങളാണ് അവധി പ്രഖ്യാപിച്ചത്.
ഒഡീഷയിലും തീരദേശ ജില്ലകളിലെ സ്‌കൂളുകള്‍ക്കും കോളേജുകള്‍ക്കും മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും സര്‍ക്കാര്‍ രണ്ട് ദിവസത്തെ അവധി പ്രഖ്യാപിച്ചിട്ടുണ്ട്.
ചുഴലിക്കാറ്റിനെ നേരിടാനുള്ള മുന്നൊരുക്കത്തിലാണ് കിഴക്കന്‍ തീരം. നാളെ രാവിലെയോടെ തീവ്ര ചുഴലിക്കാറ്റ് ആയി രൂപാന്തരം പ്രാപിക്കുന്ന മൊന്‍ത, വൈകീട്ടോടെ പരമാവധി 110 കിലോമീറ്റര്‍ വേഗത്തില്‍ ആന്ധ്രാ തീരത്തെ മച്ചിലിപട്ടണത്തിനും കലിംഗ പട്ടണത്തിനും ഇടയില്‍ കക്കിനടയുടെ സമീപം കര തൊടുമെന്നാണ് കാലാവസ്ഥാ വകുപ്പിന്റെ കണക്കുകൂട്ടല്‍.
ചുഴലിക്കാറ്റ് തീരം തൊടുന്നതോടെ കിഴക്കന്‍ തീരത്ത് അതിശക്തമായ മഴയും ശക്തമായ കാറ്റും കടല്‍ക്ഷോഭവും ഉണ്ടാകുമെന്നാണ് മുന്നറിയിപ്പ്.
ആന്ധ്രാപ്രദേശ്, ഒഡീഷ, തമിഴ്നാട് എന്നീ സംസ്ഥാനങ്ങളിലെ തീരദേശങ്ങളെ ചുഴലിക്കാറ്റ് ബാധിക്കാന്‍ സാധ്യതയുണ്ട്. ഇവിടങ്ങളില്‍ അതി തീര്വ ജാഗ്രതാ നിര്‍ദേശവും പുറപ്പെടുവിച്ചിട്ടുണ്ട്.