മാപ്പ് പറയില്ല, നടികര്‍ സംഘത്തിന്റെ പ്രസ്താവന ഹിമാലയന്‍ മണ്ടത്തരം: മന്‍സൂര്‍ അലി ഖാന്‍
Entertainment news
മാപ്പ് പറയില്ല, നടികര്‍ സംഘത്തിന്റെ പ്രസ്താവന ഹിമാലയന്‍ മണ്ടത്തരം: മന്‍സൂര്‍ അലി ഖാന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 21st November 2023, 11:26 am

നടി തൃഷക്കെതിരായ അശ്ലീല പരാമര്‍ശത്തില്‍ മാപ്പ് പറയില്ലെന്ന് മന്‍സൂര്‍ അലി ഖാന്‍. തന്നോട് വിശദീകരണം ചോദിക്കാതെയാണ് തമിഴ് സിനിമാ സംഘടനയായ നടികര്‍ സംഘം മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ടതെന്നും മന്‍സൂര്‍ പറഞ്ഞു. നടികര്‍ സംഘത്തിന്റെ നടപടി ഹിമാലയന്‍ മണ്ടത്തരമെന്നും അദ്ദേഹം പ്രസ് മീറ്റില്‍ പറഞ്ഞു.

മാപ്പ് പറയേണ്ട എന്ത് കാര്യമാണ് താന്‍ പറഞ്ഞതെന്നും മന്‍സൂര്‍ അലി ഖാന്‍ ചോദിച്ചു. സിനിമയിലെ ബലാത്സംഘ രംഗങ്ങള്‍ യഥാര്‍ത്ഥമാണോ? തൃഷ എനിക്കൊപ്പം അഭിനയിക്കില്ല എന്ന് പറയുന്നു. തൃഷയും താനും തമ്മില്‍ വിവാഹിതരായെന്ന വാര്‍ത്തകളാണ് ഇംഗ്ലീഷ് മാധ്യമങ്ങളില്‍ വരുന്നത്. അത് കണ്ടിട്ട് സന്തോഷമുണ്ട്.

വിശദീകരണം ചോദിച്ചുകൊണ്ടുള്ള വാര്‍ത്ത കുറിപ്പ് പിന്‍വലിച്ചില്ലെങ്കില്‍ നടികര്‍ സംഘം വിവരമറിയും. കാര്യമറിയാതെയാണ് ലോകേഷ് കനകരാജ് തന്നെ വിമര്‍ശിക്കുന്നത്. ഇനിയും തൃഷക്കൊപ്പം അഭനയിക്കും. അത് നിര്‍മാതാക്കളാണ് തീരുമാനിക്കുന്നത്. തമിഴ്‌നാട്ടിലെ ജനങ്ങള്‍ തനിക്കൊപ്പമുണ്ടെന്നും മന്‍സൂര്‍ പറഞ്ഞു.

തൃഷയെക്കുറിച്ച് നടത്തിയ മോശമായ പരാമര്‍ശത്തില്‍ മന്‍സൂര്‍ അലി ഖാന്‍ പരസ്യമായി മാപ്പ് പറയണമെന്ന് നടികര്‍ സംഘം ആവശ്യപ്പെട്ടിരുന്നു. മാപ്പ് പറയുന്നതുവരെ മന്‍സൂര്‍ അലി ഖാന്റെ അംഗത്വം താത്കാലികമായി സസ്‌പെന്‍ഡ് ചെയ്യുന്ന കാര്യം പരിഗണനയില്‍ ഉണ്ടെന്ന് നടികര്‍ സംഘം പറഞ്ഞു.

അടുത്തിടെ നല്‍കിയ വാര്‍ത്ത സമ്മേളനത്തിലാണ് മന്‍സൂര്‍ അലി ഖാന്‍ തൃഷയെക്കുറിച്ച് അപമാനകരമായ പരാമര്‍ശം നടത്തിയത്. മറ്റൊരു സിനിമയില്‍ ഖുശ്ബുവിനെയും റോജയേയും കട്ടിലിലേക്ക് ഇടുന്ന പോലെ ചിത്രത്തില്‍ തൃഷയെ ഇടാന്‍ പറ്റിയില്ലായെന്നും, 150 പടത്തില്‍ താന്‍ ചെയ്ത റേപ് സീനുകള്‍ ലിയോയില്‍ ഇല്ലായെന്നും മസൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു.

വില്ലന്‍ കഥാപാത്രം ലോകേഷ് തന്നില്ലായെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞു. ലിയോ സിനിമയുടെ വിജയത്തില്‍ താനിത് പറയുമായിരുന്നെന്നും എന്നാല്‍ കലാപം നടത്താന്‍ ആഗ്രഹിക്കുന്ന ചിലരുണ്ടായിരുന്നുവെന്നതിനാല്‍ താന്‍ വെറുതെയിരിക്കുകയാണെന്നും മന്‍സൂര്‍ അലി ഖാന്‍ പറഞ്ഞിരുന്നു.

മന്‍സൂര്‍ അലി ഖാന്റെ സ്ത്രീവിരുദ്ധ പരാമര്‍ശത്തിന് തൃഷ രംഗത്ത് വന്നിരുന്നു. തന്നെക്കുറിച്ചുള്ള മന്‍സൂര്‍ അലി ഖാന്റെ വാക്കുകളെ താന്‍ ശക്തമായി അപലപിക്കുന്നുവെന്നും ഇത്തരത്തിലുള്ള ആളുകള്‍ മനുഷ്യരാശിക്ക് തന്നെ അപമാനമാണെന്നും താരം തന്റെ എക്‌സ് പ്ലാറ്റ്‌ഫോമിലൂടെ പറഞ്ഞിരുന്നു. ഇനി മന്‍സൂര്‍ അലി ഖാനൊപ്പം അഭിനയിക്കില്ലെന്നും അവര്‍ പറഞ്ഞിരുന്നു. തൃഷക്ക് പിന്തുണയുമായി സംവിധായകന്‍ ലോകേഷ് കനകരാജ്, മാളവിക മോഹനന്‍, ഖുശ്ബു സുന്ദര്‍, ചിന്മയി തുടങ്ങിയവര്‍ രംഗത്തെത്തിയിരുന്നു.

Content Highlight: Mansoor Ali Khan will not apologize for his vulgar remarks against actress Trisha