മഴക്കാലം മംഗലാപുരത്ത് ആഘോഷിക്കാം; മംഗലാപുരത്തെ നാല് മണ്‍സൂണ്‍ യാത്ര കേന്ദ്രങ്ങള്‍
travel info
മഴക്കാലം മംഗലാപുരത്ത് ആഘോഷിക്കാം; മംഗലാപുരത്തെ നാല് മണ്‍സൂണ്‍ യാത്ര കേന്ദ്രങ്ങള്‍
ന്യൂസ് ഡെസ്‌ക്
Sunday, 8th July 2018, 9:22 pm

മഴക്കാലത്ത് യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്ന നിരവധിപേരുണ്ട്, മണ്‍സൂണ്‍ ടൂറിസം എന്നൊരു രീതി തന്നെയുണ്ട്. ഇത്തരത്തില്‍ മണ്‍സൂണ്‍ യാത്ര നടത്താന്‍ പറ്റിയ സംസ്ഥാനങ്ങളില്‍ ഒന്നാണ് കര്‍ണ്ണാടക. ഇന്ത്യയിലെ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന സംസ്ഥാനങ്ങളിലൊന്നാണ് കര്‍ണാടക. അതുകൊണ്ട് തന്നെ അതിരുകളില്ലാത്ത മണ്‍സൂണ്‍ യാത്ര നടത്താന്‍ പറ്റിയ നിരവധി സ്ഥലങ്ങള്‍ കര്‍ണ്ണാടകയില്‍ ഉണ്ട്.

ഇതില്‍ ഏറ്റവും പ്രധാനപ്പെട്ട് സ്ഥലം മംഗലാപുരം എന്ന മാംഗ്ലൂര്‍ ആണ്. നിരവധി സ്ഥലങ്ങളാണ് മംഗലാപുരത്തിന് ചുറ്റം മഴക്കാല യാത്ര നടത്താന്‍ പറ്റിയതായുള്ളത്. ഹില്‍ സ്റ്റേഷനുകളും വനങ്ങളും ചേര്‍ന്നതാണ് ഇവ. മഴക്കാടുകള്‍ മുതല്‍ മലനിരകള്‍, വെള്ളച്ചാട്ടങ്ങള്‍ ,പുല്‍മേടുകള്‍ ഒക്കെയുണ്ട്. മംഗലാപുരത്ത് നിന്ന് മണ്‍സൂണ്‍ കാലത്ത് യാത്ര നടത്താന്‍ പറ്റിയ നാല് സ്ഥലങ്ങള്‍ ഇന്ന് പരിചയപ്പെടാം.

1.അഗുംബെ – മംഗലാപുരത്തുനിന്ന് ഉള്ള ദൂരം – 98 കി.മീ

കര്‍ണാടകത്തില്‍ ഏറ്റവും കൂടുതല്‍ മഴ ലഭിക്കുന്ന പ്രദേശമാണിത്. അതുകൊണ്ട് തെക്ക് ചിറാപുഞ്ചി എന്നും ഈ പ്രദേശം അറിയപ്പെടുന്നു. ഷിമോഗ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന അഗുംബെ, മഴക്കാടുകള്‍, മനോഹരമായ വെള്ളച്ചാട്ടങ്ങള്‍, അരുവികള്‍ തുടങ്ങി നിരവധി മനംമയക്കുന്ന കാഴ്ചകള്‍ ഉണ്ട്. മഴയുടെ സൗന്ദര്യം ആസ്വദിക്കാന്‍ കഴിയുന്ന സ്ഥലമാണിത്. ബര്‍കാനാ വെള്ളച്ചാട്ടം, അഗുംബെ ക്ഷേത്രം, സിരിമനെ ഫാള്‍സ് തുടങ്ങിയവയ്ക്ക് പുറമെ കാട്, വൈവിധ്യമാര്‍ന്ന വന്യ ജീവികള്‍ എന്നിവയും ഈ പ്രദേശത്തുണ്ട്. രാജവെമ്പാലകള്‍ ഏറ്റവും കൂടുതല്‍ കാണപ്പെടുന്ന സ്ഥലമാണിത്.

2.മണ്ഡല്‍പാട്ടി – മംഗലാപുരത്തു നിന്നുള്ള ദൂരം – 160 കി. മീ

മംഗലാപുരത്തിന് അടുത്തുള്ള മണ്‍സൂണ്‍ യാത്രക്ക് പറ്റിയ സ്ഥലമാണ് മണ്ഡല്‍പാട്ടി. പ്രകൃതിസൗന്ദര്യവും പ്രകൃതിദത്തമായ പച്ചപ്പുമാണ് ഇവിടത്തെ പ്രധാന ആകര്‍ഷണം.

3.കുടജാദ്രി – മംഗലാപുരത്തുനിന്ന് ഉള്ള ദൂരം – 165 കി.മി

കര്‍ണാടകത്തിലെ സഹ്യപര്‍വ്വതനിരകളിലെ 1343 മീറ്റര്‍ ഉയരമുള്ള ഒരു കൊടുമുടിയാണ് കുടജാദ്രി (കൊടചാദ്രി). കൊല്ലൂരിലെ പ്രശസ്തമായ മൂകാംബിക ക്ഷേത്രം കുടജാദ്രിയുടെ താഴ്വരയിലാണ്. മൂകാംബിക ദേശീയോദ്യാനത്തിന്റെ നടുവില്‍ നില്‍ക്കുന്ന ഈ മല വംശനാശം സംഭവിച്ചുകൊണ്ടിരിക്കുന്ന പല സസ്യജാലങ്ങളുടെയും പക്ഷിമൃഗാദികളുടെയും ആവാസ സ്ഥലമാണ്. മലയ്ക്കു ചുറ്റുമുള്ള മഴക്കാടുകള്‍ എല്ലാ സമയത്തും മഞ്ഞുമൂടിക്കിടക്കുന്നു. മലകയറുന്ന സാഹസികര്‍ക്കുള്ള ഒരു ഉത്തമ സ്ഥലമാണ് കുടജാദ്രി.

4.സകലേശ്പൂര്‍ – മംഗലാപുരത്തു നിന്നുള്ള ദൂരം – 130 കി.മി

മണ്‍സൂണ്‍ കാലത്ത് പ്രസന്നതയുള്ള മറ്റൊരു സൗന്ദര്യം, ഹാസ്സന്‍ ജില്ലയില്‍ തീര്‍ത്ത ഹില്‍സ്റ്റേഷനാണ് സകലേശ്പൂര്‍. കാപ്പിത്തോട്ടങ്ങള്‍ക്ക് പ്രസിദ്ധമാണ് ഈ സ്ഥലം. പശ്ചിമഘട്ട മലനിരകളില്‍ സ്ഥിതി ചെയ്യുന്നതിനാല്‍ കനത്ത വനങ്ങളും പച്ചപ്പ് നിറഞ്ഞ പുല്‍മേടുകളും കാണാം. അതുകൊണ്ടുതന്നെ ട്രക്കിംഗിനും ക്യാമ്പുകള്‍ക്കുമായി നിരവധി പേര്‍ ഇവിടേക്കെത്താറുണ്ട്.