'ചൂണ്ടുവിരല്‍ നീളുന്നത് കൂട്ടത്തിലേക്കു തന്നെ'; കുരീപ്പുഴയെ അധിക്ഷേപിച്ച സ്വന്തം റിപ്പോര്‍ട്ടര്‍മാരെ വിമര്‍ശിച്ച് മനോരമ ന്യൂസിലെ ചൂണ്ടുവിരല്‍; പ്രതികരണവുമായി സോഷ്യല്‍ മീഡിയ
Social Tracker
'ചൂണ്ടുവിരല്‍ നീളുന്നത് കൂട്ടത്തിലേക്കു തന്നെ'; കുരീപ്പുഴയെ അധിക്ഷേപിച്ച സ്വന്തം റിപ്പോര്‍ട്ടര്‍മാരെ വിമര്‍ശിച്ച് മനോരമ ന്യൂസിലെ ചൂണ്ടുവിരല്‍; പ്രതികരണവുമായി സോഷ്യല്‍ മീഡിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Monday, 12th February 2018, 6:09 pm

കോഴിക്കോട്: കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ സോഷ്യല്‍ മീഡിയയില്‍ അധിക്ഷേപം നടത്തിയ സ്വന്തം ചാനലിലെ റിപ്പോര്‍ട്ടര്‍മാരെ വിമര്‍ശിച്ച് മനോരമയുടെ പ്രോഗ്രാം. മനോരമയിലെ, അബ്‌ജോദ് അവതരിപ്പിക്കുന്ന ചൂണ്ടുവിരല്‍ എന്ന പരിപാടിയിലാണ് മനോരമയിലെ തന്നെ റിപ്പോര്‍ട്ടര്‍മാരെ വിമര്‍ശിച്ചത്.

വടയമ്പാടി വിഷയത്തെ കുറിച്ച് സംസാരിച്ചതിന് കവി കുരീപ്പുഴ ശ്രീകുമാറിനെതിരെ സംഘപരിവാര്‍ അനുകൂലികള്‍ ആക്രമിച്ചിരുന്നു. ഇതിനെതിരെ സോഷ്യല്‍ മീഡിയയിലടക്കം വ്യാപക പ്രതിഷേധം ഉയര്‍ന്നിരുന്നു. എന്നാല്‍ സംഭവത്തില്‍ കുരീപ്പുഴ പറഞ്ഞത് ശരിയായിരുന്നില്ലെന്നും അദ്ദേഹത്തെ മര്‍ദ്ദിച്ചത് ശരിയാണെന്നും പറഞ്ഞു കൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ രംഗത്ത് വരികയായിരുന്നു.

മനോരമയിലെ തന്നെ റിപ്പോര്‍ട്ടറായ കെ.സി ബിപിന്‍, ദിനുപ്രകാശ്, വിനുമോഹന്‍ കുരമ്പാല,വി. എസ് രഞ്ജിത്ത്, തുടങ്ങിയവരും കുരീപ്പുഴയെ വിമര്‍ശിച്ചു കൊണ്ട് ഫെയ്‌സ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇവരെ അനുകൂലിച്ചു കൊണ്ട് ബി.ജെ.പി നേതാവ് കെ.സുരേന്ദ്രന്‍ ഫെയ്‌സ്ബുക്കില്‍ പോസ്റ്റിടുകയും ചെയ്തിരുന്നു. ഇതിനു പിന്നാലെയാണ് സ്വന്തം ചാനലിലെ റിപ്പോര്‍ട്ടര്‍മാര്‍ക്കെതിരെ മനോരമയുടെ പരിപാടിയില്‍ തന്നെ വിമര്‍ശനം ഉയര്‍ന്നിരിക്കുന്നത്.

വിനു മോഹന്‍ കുരമ്പാല, ദിനു പ്രകാശ് എന്നിവരുടേയടക്കമുള്ള പോസ്റ്റുകളുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് പരിപാടിയില്‍ അവതരിപ്പിച്ചിരിക്കുന്നത്. ഇവരുടെ പേരുകള്‍ വ്യക്തമാക്കിയിട്ടില്ല. ഇരുവരുടേയും പോസ്റ്റുകള്‍ ഇപ്പോഴും ഫെയ്‌സ്ബുക്കില്‍ കാണാന്‍ സാധിക്കും. അതേസമയം വിമര്‍ശനത്തിന് പിന്നാലെ കെ.സി ബിപിന്‍ തന്റെ പോസ്റ്റ് പിന്‍വലിച്ചിട്ടുണ്ട്.

അതേസമയം, മനോരമയുടെ പരിപാടിയെ അനുകൂലിച്ചും പ്രതികൂലിച്ചും നിരവധി പേര്‍ രംഗത്തെത്തിയിട്ടുണ്ട്. മനോരമ ന്യൂസിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റില്‍ കുരീപ്പുഴയ്‌ക്കെതിരേയും മാധ്യമ പ്രവര്‍ത്തകര്‍ക്ക് എതിരേയും നിരവധി പേര്‍ രംഗത്തത്തിയിട്ടുണ്ട്.

പരിപാടിയുടെ പൂര്‍ണ്ണരൂപം കാണാന്‍ ക്ലിക്ക് ചെയ്യുക