ഗംഭീറിനെതിരെ ബി.സി.സി.ഐക്ക് കടുത്ത തീരുമാനം എടുക്കേണ്ടിവരും; മുന്നറിയിപ്പുമായി മനോജ് തിവാരി
Cricket
ഗംഭീറിനെതിരെ ബി.സി.സി.ഐക്ക് കടുത്ത തീരുമാനം എടുക്കേണ്ടിവരും; മുന്നറിയിപ്പുമായി മനോജ് തിവാരി
ശ്രീരാഗ് പാറക്കല്‍
Wednesday, 28th January 2026, 3:24 pm

ലോകകപ്പിന് മുന്നോടിയായി ഇന്ത്യയുടെ മുഖ്യ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. 2026ലെ ടി-20 ലോകകപ്പില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ ഗൗതം ഗംഭീറിന് സാധിച്ചില്ലെങ്കില്‍ ബി.സി.സി.ഐക്ക് കടുത്ത തീരുമാനം എടുക്കേണ്ടിവരുമെന്നും ഗംഭീര്‍ പരിശീലകസ്ഥാനത്ത് നിന്ന് മാറി നില്‍ക്കേണ്ടി വരുമെന്നും അദ്ദേഹം പറഞ്ഞു. ഇന്‍സൈഡ് സ്‌പോര്‍ട്‌സിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു തിവാരി.

‘2026ലെ ടി-20 ലോകകപ്പില്‍ ഇന്ത്യയെ വിജയിപ്പിക്കാന്‍ ഗൗതം ഗംഭീറിന് സാധിച്ചില്ലെങ്കില്‍ ബി.സി.സി.ഐക്ക് കടുത്ത തീരുമാനം എടുക്കേണ്ടിവരും. കരാര്‍ അവസാനിക്കുന്നതുവരെ ഗംഭീര്‍ തുടരുമെന്ന് ബി.സി.സി.ഐ സെക്രട്ടറി സൂചിപ്പിച്ചിട്ടുണ്ട്.

എന്നിരുന്നാലും, 2026ലെ ടി-20 ലോകകപ്പ് നേടാന്‍ സാധിച്ചില്ലെങ്കില്‍ അദ്ദേഹത്തിന് മാറി നില്‍ക്കേണ്ടി വരും.രാഹുല്‍ ദ്രാവിഡ് ഇന്ത്യയുടെ പരിശീലകനായിരുന്നപ്പോള്‍ ഒരു പരമ്പരയുടെ ഭാഗമാകാന്‍ കഴിഞ്ഞിരുന്നില്ല, സ്വാഭാവികമായും അപ്പോള്‍ വി.വി.എസ് ലക്ഷ്മണായിരുന്നു ഏറ്റവും നല്ല തെരഞ്ഞെടുപ്പ്.

മനോജ് തിവാരി

മുഖ്യ പരിശീലകനെന്ന നിലയില്‍ ലക്ഷ്മണ്‍ ശക്തമായ വിജയശതമാനം നിലനിര്‍ത്തിയിട്ടുണ്ട്. എന്റെ അഭിപ്രായത്തില്‍, ബി.സി.സി.ഐ അദ്ദേഹത്തെ ബോധ്യപ്പെടുത്താന്‍ ശ്രമിക്കണം, കാരണം അദ്ദേഹം ശാന്തനും സമതുലിതനുമായ പരിശീലകന്‍ മാത്രമല്ല, മികച്ച വ്യക്തി കൂടിയാണ്. കൂടാതെ, അദ്ദേഹത്തിന് ആവശ്യമായ പരിശീലന പരിചയവുമുണ്ട്,’ മനോജ് തിവാരി പറഞ്ഞു.

അടുത്തിടെ സ്വന്തം മണ്ണില്‍ ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പര പരാജയപ്പെട്ട ഇന്ത്യ ഏറെ വിമര്‍ശനങ്ങള്‍ ഏറ്റുവാങ്ങേണ്ടി വന്നിരുന്നു. ചരിത്രത്തിലാദ്യമായാണ് ന്യൂസിലാന്‍ഡ് ഇന്ത്യയില്‍ ഒരു ഏകദിന പരമ്പര വിജയിക്കുന്നത്. ഇതോടെ ഗംഭീര്‍ ഏറെ സമ്മര്‍ദത്തിലായിരുന്നു. ചാമ്പ്യന്‍സ് ട്രോഫിയും ഏഷ്യാകപ്പും നേടിയെങ്കിലും ചരിത്ര തോല്‍വികള്‍ ഇന്ത്യയുടെ ആധിപത്യങ്ങള്‍ക്ക് മങ്ങലേല്‍പ്പിച്ചിട്ടുണ്ട്.

ഇന്ത്യയുടെ ടി-20 ടീം

റെഡ് ബോളിലും ഇന്ത്യയുടെ പ്രകടനം പിന്നോട്ടാണ്. അവസാനമായി നടന്ന ടെന്‍ഡുല്‍ക്കര്‍-ആന്‍ഡേഴ്‌സന്‍ ട്രോഫിയില്‍ സമനില പിടച്ചതൊഴിച്ചാല്‍ മറ്റൊന്നും തന്നെ ഇന്ത്യയ്ക്ക് അവകാശപ്പെടാനില്ല. വേള്‍ഡ് ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ പോലും ഇന്ത്യയ്ക്ക് ഫൈനലില്‍ എത്താനോ മികവ് പുലര്‍ത്താനോ സാധിച്ചില്ല.

നിലവില്‍ ടി-20 ഫോര്‍മാറ്റില്‍ മാത്രമാണ് ഇന്ത്യ വമ്പന്‍ പ്രകടനവുമായി മുന്നേറുന്നത്. സൂര്യകുമാര്‍ യാദവിന്റെ ക്യാപ്റ്റന്‍സിയില്‍ ബാക് ടു ബാക് ടി-20 ലോകകപ്പ് തന്നെയാണ് ഇന്ത്യ ലക്ഷ്യം വെക്കുന്നത്. മറ്റ് ടീമുകളെ ഭയപ്പെടുത്തുന്ന ഇന്ത്യയുടെ ലൈനപ്പ് മികച്ച പ്രകടനം നടത്തുമെന്ന് ഏവരുടേയും പ്രതീക്ഷ.

Content Highlight: Manoj Towari Give Warning To Goutam Gambhir Ahead t20 World Cup 2026

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ