ഈ തോല്‍വിയുടെ ഉത്തരവാദിത്തം അവന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കും: മനോജ് തിവാരി
Cricket
ഈ തോല്‍വിയുടെ ഉത്തരവാദിത്തം അവന്റെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കും: മനോജ് തിവാരി
ഫസീഹ പി.സി.
Monday, 29th June 2026, 12:49 pm

ചരിത്രത്തിലാദ്യമായി ഇന്ത്യ അയര്‍ലാന്‍ഡിനെതിരെ ടി – 20 പരമ്പരയില്‍ പരാജയപ്പെട്ടിരുന്നു. ബെല്‍ഫാസ്റ്റില്‍ നടന്ന രണ്ട് മത്സരങ്ങളിലും പരാജയപ്പെട്ടാണ് ഇന്ത്യന്‍ സംഘം പരമ്പര കൈവിട്ടത്. ഒരു റണ്ണിനാണ് കഴിഞ്ഞ ദിവസം നടന്ന രണ്ടാം ടി – 20യില്‍ ഇന്ത്യയുടെ തോല്‍വി.

ഇപ്പോള്‍ ഈ തോല്‍വിയെ കുറിച്ച് സംസാരിക്കുകയാണ് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ഇന്ത്യയുടെ പരമ്പര തോല്‍വിയില്‍ ആരാണ് ഉത്തരവാദികളെന്നും പി.ആര്‍ ഏജന്‍സികള്‍ ഈ തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ ശ്രേയസ് അയ്യരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കുമെന്നും അദ്ദേഹം പറഞ്ഞു.

മനോജ് തിവാരി. Photo: KKR Karavan/x.com

എന്നാല്‍ ശ്രേയസ് എന്ന ബാറ്ററുടെ കുറ്റമല്ല പരമ്പരയില്‍ പ്രകടനം നടത്താന്‍ സാധിക്കാത്ത മറ്റ് ബാറ്റര്‍മാരുടെ കൂടെ പിഴവാണിതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എക്സില്‍ പങ്കുവെച്ച ഒരു വീഡിയോയില്‍ സംസാരിക്കുകയായിരുന്നു മനോജ് തിവാരി.

‘ഇന്ത്യ ദക്ഷിണാഫ്രിക്കയില്‍ നടക്കാനിരിക്കുന്ന ലോകകപ്പ് നേടിയേക്കാം, ഇംഗ്ലണ്ടിനെതിരെയുള്ള ടി – 20 പരമ്പരയും ഇന്ത്യ ജയിച്ചേക്കാം. എന്നാല്‍ അയര്‍ലാന്‍ഡിനെതിരെ ഇപ്പോള്‍ നഷ്ടപ്പെട്ട ടി – 20 പരമ്പരയുടെ ഉത്തരവാദിത്തം ആരാണ് ഏറ്റെടുക്കുക? ഇന്ത്യന്‍ ടീമിനകത്തുള്ള വലിയ പ്രശ്‌നം പരിഹരിക്കണമെന്ന് ഞാന്‍ നേരത്തെ പറഞ്ഞതാണ്. പക്ഷേ ആരും എന്റെ വാക്കുകളെ ചെവി കൊണ്ടില്ല.

ഇപ്പോള്‍ പി.ആര്‍ ഏജന്‍സികളും തീരുമാനങ്ങള്‍ എടുക്കുന്നവരുടെ അടുത്ത സുഹൃത്തുക്കളും കൂടി ഈ തോല്‍വിയുടെ ഉത്തരവാദിത്തം മുഴുവന്‍ ശ്രേയസ് അയ്യരുടെ തലയില്‍ കെട്ടിവെക്കാന്‍ ശ്രമിക്കും. എന്നാല്‍, ഇത് ബാറ്റര്‍ എന്ന നിലയില്‍ അവന്റെ മാത്രം കുറ്റമല്ല. പരമ്പരയില്‍ പ്രകടനം നടത്താന്‍ സാധിക്കാത്ത മറ്റ് ബാറ്റര്‍മാരുടെ കൂടെ പിഴവാണിത്.

എന്നിട്ടും, ഈ പരമ്പരയിലെ തോല്‍വിക്ക് ശ്രേയസ് അയ്യരെ മാത്രം കുറ്റക്കാരനാക്കി ഒതുക്കാനുള്ള തന്ത്രങ്ങളാണ് അണിയറയില്‍ നടക്കുന്നത്. ഇവിടെ പ്രശ്‌നം കളിക്കാര്‍ മാത്രമല്ല, ഡ്രസിങ് റൂമില്‍ നിശബ്ദനായിരിക്കുന്ന, പലപ്പോഴും ആരും ചര്‍ച്ച ചെയ്യാന്‍ തയ്യാറാകാത്ത ആ ‘വലിയ പ്രശ്‌നമാണ്’. ഈ വിഷയം തുറന്നു ചര്‍ച്ച ചെയ്യേണ്ട സമയമായിരിക്കുന്നു,’ മനോജ് തിവാരി പറഞ്ഞു.

ശ്രേയസ് അയ്യര്‍. Photo: Cricket Central/x.com

സൂര്യകുമാര്‍ യാദവിനെ മാറ്റി ക്യാപ്റ്റന്‍സി ഏറ്റെടുത്ത ശ്രേയസ് അയ്യരുടെ ആദ്യ പരമ്പരയായിരുന്നു ഇത്. അതില്‍ തന്നെ ഇന്ത്യ തോല്‍വി നേരിടുകയായിരുന്നു. ഇനി ഇംഗ്ലണ്ടിനെതിരെയുള്ള പരമ്പരയാണ് ഇന്ത്യക്ക് മുന്നിലുള്ളത്. ജൂലൈ ഒന്നിന് തുടങ്ങുന്ന സീരീസിലുള്ളത് അഞ്ച് മത്സരങ്ങളാണ്.

Content Highlight: Manoj Tiwary says that PR agencies and friends of so-called decision maker will pinpoint blame on Shreyas Iyer

ഫസീഹ പി.സി.
കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് മാസ് കമ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം. ഡൂള്‍ന്യൂസില്‍ സബ്എഡിറ്റര്‍.