മികച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണെന്ന് ആരും പറയില്ല; തെരഞ്ഞെടുപ്പുമായി മനോജ് തിവാരി
Cricket
മികച്ച ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവാണെന്ന് ആരും പറയില്ല; തെരഞ്ഞെടുപ്പുമായി മനോജ് തിവാരി
ശ്രീരാഗ് പാറക്കല്‍
Friday, 17th April 2026, 11:43 am

പഞ്ചാബ് കിങ്‌സ് ക്യാപ്റ്റനും സൂപ്പര്‍ ബാറ്ററുമായ ശ്രേയസ് അയ്യരെ പ്രശംസിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. ശ്രേയസ് ഒരു നിസ്വാര്‍ത്ഥ കളിക്കാരനും ക്യാപ്റ്റനുമാണെന്ന് തിവാരി പറഞ്ഞു. മാത്രമല്ല ഇന്നത്തെ കാലഘട്ടത്തില്‍ സൂര്യകുമാര്‍ യാദവാണ് മികച്ച ക്യാപ്റ്റനെന്ന് ആരും പറയില്ലെന്നും ആളുകള്‍ ശ്രേയസിന്റെ പേരാണ് പറയുകയെന്നും അദ്ദേഹം പറഞ്ഞു.

‘ശ്രേയസ് ഒരു നിസ്വാര്‍ത്ഥ കളിക്കാരനും ക്യാപ്റ്റനുമാണ്, കാരണം അദ്ദേഹം മൂന്നാം സ്ഥാനത്ത് കളിക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യന്‍ ടി-20 ടീമില്‍ ഇടം നേടണമെങ്കില്‍ കൂടുതല്‍ റണ്‍സ് നേടണമെന്ന് അദ്ദേഹത്തിന് അറിയാം, അതുകൊണ്ടുതന്നെ ആ വ്യക്തത അദ്ദേഹത്തിനുണ്ട്.

ഇന്നത്തെ കാലഘട്ടത്തിലെ ഏറ്റവും മികച്ച ക്യാപ്റ്റന്‍ ആരാണെന്ന് സത്യസന്ധമായി ചോദിച്ചാല്‍ ആരും സൂര്യകുമാര്‍ യാദവ് എന്ന് പറയില്ല. അവര്‍ ശ്രേയസ് അയ്യരുടെ പേര് പറയും. മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികളെ പ്രതിനിധീകരിച്ച് അദ്ദേഹം അത് വിജയകരമായി തെളിയിച്ചിട്ടുണ്ട്,’ മനോജ് തിവാരി ക്രിക്ക്ബസില്‍ പറഞ്ഞു.

അതേസമയം ഐ.പി.എല്ലില്‍ മുംബൈ ഇന്ത്യന്‍സിനെതിരെ വമ്പന്‍ വിജയമാണ് പഞ്ചാബ് കിങ്സ് സ്വന്തമാക്കിയത്. മുംബൈയുടെ തട്ടകമായ വാംഖഡെയില്‍ നടന്ന മത്സരത്തില്‍ ഏഴ് വിക്കറ്റിനാണ് പഞ്ചാബ് വിജയക്കൊടി പാറിച്ചത്. ഇതോടെ അപരാജിത കുതിപ്പുമായി പോയിന്റ് ടേബിളില്‍ ഒന്നാം സ്ഥാനത്തെത്താനും ശ്രേയസ് അയ്യരിന്റെ പഞ്ചാബിന് സാധിച്ചു.

മത്സരത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ മുംബൈ ആറ് വിക്കറ്റ് നഷ്ടത്തില്‍ 196 റണ്‍സാണ് നേടിയത്. എന്നാല്‍ മറുപടിക്കിറങ്ങിയ പഞ്ചാബ് 16.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 198 റണ്‍സ് നേടി മത്സരം ഫിനിഷ് ചെയ്യുകയായിരുന്നു.

പഞ്ചാബിന് വേണ്ടി ക്യാപ്റ്റന്‍ ശ്രേയസ് തകര്‍പ്പന്‍ പ്രകടനമാണ് കാഴ്ചവെച്ചത്. നാലാമനായി ഇറങ്ങി 35 പന്തില്‍ നാല് ഫോറും അഞ്ച് സിക്‌സും ഉള്‍പ്പെടെ 66 റണ്‍സാണ് അയ്യര്‍ നേടിയത്. ഇതോടെ ഐ.പി.എല്‍ കരിയറില്‍ 30ാം അര്‍ധ സെഞ്ച്വറി നേടാനും അയ്യര്‍ക്ക് സാധിച്ചിരുന്നു. ക്യാപ്റ്റനെന്ന നിലയിലും ബാറ്റര്‍ എന്ന നിലയിലും മികച്ച പ്രകടനമാണ് താരം കാഴ്ചവെക്കുന്നത്.

നിലവില്‍ സീസണില്‍ അഞ്ച് ഇന്നിങ്‌സില്‍ നിന്ന് 68* റണ്‍സിന്റെ ഉയര്‍ന്ന സ്‌കോറോടെ 203 റണ്‍സാണ് അയ്യര്‍ നേടിയത്. ഐ.പി.എല്ലില്‍ ഇതുവരെ 138 മത്സരങ്ങളില്‍ നിന്ന് 3934 റണ്‍സാണ് താരം സ്വന്തമാക്കിയത്. കഴിഞ്ഞ സീസണില്‍ റണ്ണേഴ്‌സ് അപ് ആയ പഞ്ചാബ് ഇത്തവണ കപ്പും കൊണ്ടേ പോകൂ എന്നാണ് ആരാധകര്‍ വിശ്വസിക്കുന്നത്. ഐ.പി.എല്‍ ചരിത്രത്തില്‍ മൂന്ന് വ്യത്യസ്ത ഫ്രാഞ്ചൈസികളെ (ദല്‍ഹി ക്യാപിറ്റല്‍സ്, കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ്, പഞ്ചാബ് കിങ്‌സ്) ഫൈനലിലെത്തിച്ച ഏക ക്യാപ്റ്റന്‍ കൂടിയാണ് ശ്രേയസ്.

Content Highlight: Manoj Tiwari Talking About Shreyas Iyer And Suryakumar Yadav

ശ്രീരാഗ് പാറക്കല്‍
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ കാലിക്കറ്റ് പ്രസ് ക്ലബ്ബില്‍ നിന്നും പി.ജി ഡിപ്ലോമ