ന്യൂസിലാന്‍ഡിനെതിരായ ഏകദിന പരമ്പരയിലെ തോല്‍വിക്ക് പിന്നാലെ ബി.സി.സി.ഐയെ വിമര്‍ശിച്ച് മുന്‍ ഇന്ത്യന്‍ താരം മനോജ് തിവാരി. രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ലെന്നും ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയത്തിന് ശേഷം രോഹിത്തിന് കീഴില്‍ ടീം ശരിയായ പാതയിലായിരുന്നെന്നും തിവാരി പറഞ്ഞു. മാത്രമല്ല രോഹിത് ക്യാപ്റ്റനാണെങ്കില്‍ 90 ശതമാനം വരെ ഇന്ത്യയ്ക്ക് 2027ലെ ഏകദിന ലോകകപ്പില്‍ വിജയിക്കാന്‍ സാധിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
‘രോഹിത് ശര്‍മയെ ക്യാപ്റ്റന്‍സിയില്‍ നിന്ന് ഒഴിവാക്കിയത് എന്തിനാണെന്ന് മനസിലാകുന്നില്ല. ചാമ്പ്യന്‍സ് ട്രോഫിയിലെ വിജയത്തിന് ശേഷം രോഹിത്തിന്റെ നേതൃത്വത്തില്‍ ടീം ശരിയായ പാതയിലായിരുന്നു. എന്നാല്‍ രോഹിത്തിനെ ക്യാപ്റ്റന്‍ സ്ഥാനത്ത് നിന്നും മാറ്റി ആ തുടര്‍ച്ച ഇല്ലാതെയാക്കി.
ഇന്നും ഏകദിനങ്ങളില്‍ രോഹിത് തന്നെ ലീഡ് ചെയ്തിരുന്നുവെങ്കില്‍ ന്യൂസിലാന്‍ഡ് പരമ്പരയിലടക്കം ഫലം വ്യത്യസ്തമാകുമായിരുന്നു എന്ന് എനിക്ക് ഉറപ്പുണ്ട്. രോഹിത് ക്യാപ്റ്റനാണെങ്കില്‍ ഇന്ത്യ ലോകകപ്പ് നേടാന്‍ 85 മുതല്‍ 90 ശതമാനം വരെ സാധ്യതയുണ്ടെന്ന് എല്ലാവരും പറയുമെന്ന് ഞാന്‍ കരുതുന്നു,’ മനോജ് തിവാരി പറഞ്ഞു.
ഇന്ത്യയ്ക്ക് വേണ്ടി ഏകദിനത്തില്‍ 75 ശതമാനം വിജയം നേടിക്കൊടുത്ത ക്യാപ്റ്റനാണ് രോഹിത്. 56 മത്സരങ്ങളില്‍ നിന്ന് 42 വിജയവും 12 തോല്‍വിയും ഒരു നോറിസള്‍ട്ടുമാണ് രോഹിത്തിനുള്ളത്. മാത്രമല്ല ഏഷ്യാ കപ്പ് നേടാനും 2023ലെ ഏകദിന ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കാനും കോഹിത്തിന് സാധിച്ചിട്ടുണ്ട്.
അതേസമയം ചരിത്രത്തിലാദ്യമായാണ് ന്യൂസിലാന്‍ഡ് ഒരു ഏകദിന പരമ്പര ഇന്ത്യന്‍ മണ്ണില്‍ സ്വന്തമാക്കുന്നത്. ഇതോടെ ശുഭ്മന്‍ ഗില്ലിന്റെ ക്യാപ്റ്റന്‍സിയെ പലരും ചോദ്യം ചെയ്തിരുന്നു.
സീരീസ് ഡിസൈഡറില്‍ ആദ്യം ബാറ്റ് ചെയ്ത കിവീസ് ഇന്ത്യയ്ക്ക് മുന്നില്‍ 338 റണ്‍സിന്റെ വിജലക്ഷ്യം ഉയര്‍ത്തിയിരുന്നു.
എന്നാല്‍ മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യ 296 റണ്‍സിന് ഓള്‍ ഔട്ട് ആവുകയായിരുന്നു. സീരീസിലെ ആദ്യ മത്സരത്തില്‍ ഇന്ത്യ വിജയിച്ചെങ്കിലും അവസാനത്തെ രണ്ട് മത്സരങ്ങളിലും കിവികള്‍ ആധിപത്യം സ്ഥാപിക്കുകയായിരുന്നു.
Content Highlight: Manoj Tiwari Talking About Rohit Sharma’s Captaincy