ഒടിയന് നിങ്ങള്‍ സ്റ്റേറ്റ് അവാര്‍ഡ് മേടിച്ചില്ലെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തുമെന്നാണ് അന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്: മനോജ്
Film News
ഒടിയന് നിങ്ങള്‍ സ്റ്റേറ്റ് അവാര്‍ഡ് മേടിച്ചില്ലെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തുമെന്നാണ് അന്ന് ശ്രീകുമാര്‍ മേനോന്‍ പറഞ്ഞത്: മനോജ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 25th June 2022, 9:21 am

2018ല്‍ മോഹന്‍ലാലിനെ നായകനാക്കി ശ്രീകുമാര്‍ മേനോന്റെ സംവിധാനത്തില്‍ വന്‍ ഹൈപ്പിലെത്തിയ ചിത്രമായിരുന്നു ഒടിയന്‍. മഞ്ജു വാര്യര്‍, പ്രകാശ് രാജ്, നരേയ്ന്‍ എന്നിവരും ചിത്രത്തില്‍ പ്രധാനകഥാപാത്രങ്ങളായെത്തിയിരുന്നു. പ്രകാശ് രാജിനായി ചിത്രത്തില്‍ ഷമ്മി തിലകനും മനോജും ഡബ് ചെയ്തിരുന്നു.

താന്‍ 95 ശതമാനവും ഡബ് ചെയ്തിട്ടാണ് ഷമ്മി വീണ്ടും ഡബ് ചെയ്തതെന്ന് പറയുകയാണ് മനോജ്. ജിഞ്ചര്‍മീഡിയ എന്റര്‍ടെയ്ന്‍മെന്റിന് നല്‍കിയ അഭിമുഖത്തിലാണ് ഒടിയന്റെ ഡബിങ് അനുഭവങ്ങള്‍ മനോജ് പങ്കുവെച്ചത്.

‘ഒടിയന്റെ ഡബ് കഴിഞ്ഞ് ഡബിങ് നിര്‍ത്താന്‍ ഞാന്‍ ആലോചിച്ചതാണ്. ഈശ്വരന്റെ മുമ്പില്‍ ചെന്ന് ഇനി ഡബ് ചെയ്യുന്നില്ലെന്ന് പറഞ്ഞു. ആരേയും കുറ്റപ്പെടുത്താന്‍ പറഞ്ഞതല്ല. കഴിഞ്ഞുപോയ സംഭവമാണ്. ഡബ് ചെയ്തയാള്‍ക്ക് സംസ്ഥാന അവാര്‍ഡും കിട്ടി. 95 ശതമാനവും ഞാന്‍ ഡബ് ചെയ്തിരുന്നു.

ശ്രീകുമാര്‍ മേനോന്‍ സാറിനൊക്കെ വളരെ ഇഷ്ടപ്പെട്ടു. ശ്രീകുമാര മോനോന്‍ എന്നോട് പറഞ്ഞത് നിങ്ങള്‍ ഇതിന് സ്റ്റേറ്റ് അവാര്‍ഡ് മേടിച്ചില്ലെങ്കില്‍ ഞാന്‍ ഈ പണി നിര്‍ത്തും, അത്രക്കും മനോഹരമായാണ് നിങ്ങള്‍ ഇത് ചെയ്തിരിക്കുന്നത്. ഇതൊക്കെ കേട്ട് ഞാന്‍ കുറെ ത്രില്ലടിച്ചിരുന്നു. അന്ന് ഒടിയന്‍ എന്ന് പറഞ്ഞാല്‍ ആളുകള്‍ ഒരുപാട് പ്രതീക്ഷയില്‍ നില്‍ക്കുന്നതല്ലേ.

സത്യത്തില്‍ ഡബ് ചെയ്യേണ്ടിയിരുന്നത് ഷമ്മി തലകനായിരുന്നു. ഞാന്‍ 95 ശതമാനവും ഡബ് ചെയ്തത് ഷമ്മി തിലകന്‍ വീണ്ടും ചെയ്തു. അതിന്റെ കാരണമറിയില്ല. പുള്ളി വന്ന് ചെയ്യണമെന്ന് പറഞ്ഞു, ചെയ്തു.

പക്ഷേ സിനിമയില്‍ പ്രധാനപ്പെട്ട ഒരു പോഷനെങ്കിലും നിങ്ങള്‍ ചെയ്യണമെന്നും അത് എനിക്ക് നിര്‍ബന്ധമാണെന്നും ശ്രീകുമാര്‍ മേനോന്‍ പറഞ്ഞു. ഒടിയന്റെ ക്ലൈമാക്‌സ് ഞാനാണ് ചെയ്തത്. അപ്പോഴും ഒരു മരവിച്ച അവസ്ഥയിലായിരുന്നു. ശിരസിന് അടി കൊണ്ടതുപോലെയായി. ഭയങ്കര സ്വപ്‌നം കണ്ട സിനിമ ആണത്. ഞാനാണെങ്കില്‍ ലോകത്തുള്ളവരോട് മുഴുവന്‍ പറയുകയും ചെയ്തിരുന്നു. ഒടിയന്റെ ബനിയനൊക്കെ ഇട്ട് ലൈവിലൊക്കെ പോയി. പിന്നീട് ഇല്ലാന്ന് എങ്ങനെ പറയും,’ മനോജ് പറഞ്ഞു.

‘ഇന്ന് എനിക്കുള്ള നേട്ടങ്ങള്‍ ഈശ്വരന്‍ പലിശ സഹിതം തന്നതാണ്. മേജര്‍ എന്ന സിനിമയില്‍ പ്രകാശ് രാജ് സാറിന് വേണ്ടി ഡബ് ചെയ്യുമ്പോള്‍ അതെന്റെ മനസിലേക്ക് വന്നു. ഒടിയന്റെ വേദന തൂത്തെടുത്ത് കളഞ്ഞ ദിവസമായിരുന്നു അത്. ഒടിയന്‍ ഒരു മുള്ളായി തറച്ച് കിടക്കുകയായിരുന്നു എന്റെ ഹൃദയത്തില്‍. ഒടിയന്‍ ടി.വിയില്‍ വരുമ്പോള്‍ ഇന്നും എന്നെ പൊള്ളിക്കും.

ഡബ് ചെയ്തപ്പോഴൊന്നും ഞാന്‍ പതറിയില്ല. ശ്രീകുമാര്‍ മേനോനേയും ഞാന്‍ ആശ്വസിപ്പിച്ചു. സാരമില്ല സര്‍ സിനിമയല്ലേ എന്നൊക്കെ പറഞ്ഞു. സിനിമയുടെ അവസാനം ഡബിങ് ആര്‍ട്ടിസ്റ്റായി എന്റെയും ഷമ്മി തിലകന്റേയും പേര് ഒന്നിച്ചാണ് എഴുതിയിരിക്കുന്നത്,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

Content Highlight: Manoj shared his dubbing experiences of Odian movie