ഇത്രയും ലളിതമായി വരികള്‍ എഴുതുന്നത് വലിയ കാര്യം; വേടന്റെ വരികളെ ഒ.എന്‍.വിയോട് താരതമ്യം ചെയ്യുന്നത് കേള്‍ക്കുമ്പോള്‍ ചിരിക്കണോ കരയണോയെന്ന് സംശയമുണ്ടാകും: മനോജ് കുറൂര്‍
സംസ്ഥാന പുരസ്‌കാരം പ്രഖ്യാപിച്ചതിന് പിന്നാലെ റാപ്പര്‍ വേടന്റെ വരികളെ പ്രശംസിച്ച് കവിയും നോവലിസ്റ്റുമായ മനോജ് കുറൂര്‍. ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം അതിന്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം’ എന്നത് ഒന്നാന്തരം വരികളാണെന്നും എട്ട് പത്ത് സിനിമകളില്‍ പാട്ടെഴുതിയ അനുഭവത്തില്‍ നിന്ന് ഇത്ര ലളിതവും ആകര്‍ഷകവുമായി, പോയറ്റിക് ആയി പാട്ടിന്റെ ആദ്യവരികള്‍ എഴുതാനാകുന്നത് വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയാണ് അദ്ദേഹത്തിന്റെ പ്രതികരണം.
ഹിപ് ഹോപ്പിന്റെ രാഷ്ട്രീയം അണ്ടര്‍ ഗ്രൗണ്ട് കള്‍ച്ചറിന്റെ ഭാഗമായാണ് ലോകമെങ്ങും വികസിച്ചുവന്നതെന്നും വയലാറും ഭാസ്‌കരനും ഒ.എന്‍.വി.യും വരികള്‍ എഴുതിയ സ്ഥാനത്ത് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കണോ കരയണോ എന്നൊരു സംശയം തനിക്ക് വരാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
റാപ് ഗാനത്തിന്റെ ചടുലമായ ആലാപനത്തിന് ഇണങ്ങുന്ന മട്ടിലാണ് ആ പാട്ടിന്റെ മുഴുവന്‍ വരികളും എഴുതിയതെന്നും സിനിമയുടെ സന്ദര്‍ഭത്തിനും മൂഡിനുമനുസരിച്ചാണല്ലൊ അതില്‍ ഗാനങ്ങള്‍ ചേര്‍ക്കുന്നതെന്നും മനോജ് കുറൂര്‍ പറഞ്ഞു.
‘റാപ് സംഗീതത്തെപ്പറ്റി, അതിന്റെ സംസ്‌കാരത്തെപ്പറ്റി നേരത്തേതന്നെ കുറേയേറെ എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. എങ്കിലും ഒരു കാര്യം മാത്രം പറയാം. ഹിപ് ഹോപ്പിന്റെ രാഷ്ട്രീയം അണ്ടര്‍ ഗ്രൗണ്ട് കള്‍ച്ചറിന്റെ ഭാഗമായാണ് ലോകമെങ്ങും വികസിച്ചുവന്നത്. സമൂഹത്തിന്റെ ഒരു നിയമങ്ങളും അത് കൂട്ടാക്കുകയില്ല. ലാവണ്യനിയമങ്ങളും അങ്ങനെത്തന്നെ.
അതില്‍ ഏതൊക്കെയാണ് നമുക്ക് സ്വീകാര്യമാകുന്നത് എന്നതിനെക്കുറിച്ച് നമ്മളിരുന്ന് വേവലാതി കൊള്ളുക എന്നത് മാത്രമേ നിര്‍വ്വാഹമുള്ളൂ. അത് പൊതുസമൂഹത്തിന്റെ ഭാഗമായി മാറില്ല. പകരം അത് വിധ്വംസകമായ മറ്റ് വഴികള്‍ തേടിക്കൊണ്ടിരിക്കുക തന്നെ ചെയ്യും. ആ സംസ്‌കാരത്തിന്റെ സവിശേഷതയും അതാണ്. അതിന്റെ രാഷ്ട്രീയം പോസിറ്റീവ്/ നെഗറ്റീവ് എന്ന് വേര്‍തിരിക്കാനാവാത്തവിധം വളരെ സങ്കീര്‍ണ്ണമാണ്,’ മനോജ് കുറൂര്‍ പറഞ്ഞു.
മനോജ് കുറൂറിന്റെ എഫ്.ബി പോസ്റ്റിന്റെ പൂര്‍ണ രൂപം
മുന്‍കൂര്‍ ആയി ഒരു കാര്യം: വേടന്റെ പാട്ടിനെപ്പറ്റി മാത്രമാണ് ഈ കുറിപ്പ്. ‘വിയര്‍പ്പു തുന്നിയിട്ട കുപ്പായം – അതിന്‍ നിറങ്ങള്‍ മങ്ങുകില്ല കട്ടായം’ ഒന്നാന്തരം വരികളാണ്. എട്ടുപത്തു സിനിമകളില്‍ പാട്ടെഴുതിയ അനുഭവത്തില്‍നിന്നു പറയട്ടെ, ഇത്ര ലളിതവും ആകര്‍ഷകവുമായി, പോയറ്റിക് ആയി പാട്ടിന്റെ ആദ്യവരികള്‍ എഴുതാനാകുന്നത് വലിയ കാര്യമാണ്. റാപ് ഗാനത്തിന്റെ ചടുലമായ ആലാപനത്തിന് ഇണങ്ങുന്ന മട്ടിലാണ് മുഴുവന്‍ വരികളും.
സിനിമയുടെ സന്ദര്‍ഭത്തിനും മൂഡിനുമനുസരിച്ചാണല്ലൊ അതില്‍ ഗാനങ്ങള്‍ ചേര്‍ക്കുന്നത്. റാപ് സംഗീതത്തെപ്പറ്റി, അതിന്റെ സംസ്‌കാരത്തെപ്പറ്റി നേരത്തേതന്നെ കുറേയേറെ എഴുതുകയും പറയുകയും ചെയ്തിട്ടുള്ളതുകൊണ്ട് ആവര്‍ത്തിക്കുന്നില്ല. എങ്കിലും ഒരു കാര്യം മാത്രം പറയാം. റാപ്പിന്റെ- ഹിപ് ഹോപ്പിന്റെ- രാഷ്ട്രീയം അണ്ടര്‍ ഗ്രൗണ്ട് കള്‍ച്ചറിന്റെ ഭാഗമായാണ് ലോകമെങ്ങും വികസിച്ചുവന്നത്. സമൂഹത്തിന്റെ ഒരു നിയമങ്ങളും അത് കൂട്ടാക്കുകയില്ല; ലാവണ്യനിയമങ്ങളും അങ്ങനെത്തന്നെ. അതില്‍ ഏതൊക്കെയാണ് നമുക്ക് സ്വീകാര്യമാകുന്നത് എന്നതിനെക്കുറിച്ചു നമ്മളിരുന്ന് വേവലാതി കൊള്ളുക എന്നത് മാത്രമേ നിര്‍വ്വാഹമുള്ളൂ.
അത് പൊതുസമൂഹത്തിന്റെ ഭാഗമായി മാറില്ല. പകരം അത് വിധ്വംസകമായ മറ്റു വഴികള്‍ തേടിക്കൊണ്ടിരിക്കുകതന്നെ ചെയ്യും. ആ സംസ്‌കാരത്തിന്റെ സവിശേഷതയും അതാണ്. അതിന്റെ രാഷ്ട്രീയം പോസിറ്റീവ്/ നെഗറ്റീവ് എന്നു വേര്‍തിരിക്കാനാവാത്തവിധം വളരെ സങ്കീര്‍ണ്ണമാണ്. പിന്നെ, വയലാറും ഭാസ്‌കരനും ഓ.എന്‍.വി.യും വരികള്‍ എഴുതിയ സ്ഥാനത്ത് എന്നൊക്കെ കേള്‍ക്കുമ്പോള്‍ ചിരിക്കണോ കരയണോ എന്നൊരു സംശയം വരുന്നുണ്ട്.
ഒന്നാമത്, റാപ്പിന് അങ്ങനെയൊരു ഗാനസംസ്‌കാരമേയല്ല ഉള്ളത്. അതിനെ അതിന്റെ വഴിക്കു വിടുകയേ പറ്റൂ. അനുബന്ധം: ഇപ്പോഴുള്ളതൊന്നും കൊള്ളില്ല എന്നു സ്ഥാപിക്കാന്‍ മുന്‍കാലങ്ങളില്‍ ജീവിച്ച മഹാന്മാരായ മറ്റു ചിലരെപ്പറ്റി ഗൃഹാതുരത്വംകൊണ്ട ഒരാളോട് എന്റെയൊരു സുഹൃത്തു പറഞ്ഞതിങ്ങനെ:
‘അവരൊന്നും ഇനി എന്തായാലും ഇങ്ങോട്ടു വരാന്‍ ഭാവമുണ്ടെന്നു തോന്നുന്നില്ല. താന്‍ അങ്ങോട്ടു പോവ്വാ ഭേദം!
Content highlight: Poet and novelist Manoj Kuroor praised rapper Vedan’s lyrics after the state award was announced