മൂന്ന് പതിറ്റാണ്ടിധികമായി സിനിമാമേഖലയില്‍ നിറഞ്ഞു നില്‍ക്കുന്ന നടനാണ് മനോജ് കെ. ജയന്‍. 1988ല്‍ പുറത്തിറങ്ങിയ മാമലകള്‍ക്കപ്പുറത്ത് എന്ന ചിത്രത്തിലൂടെ സിനിമാരംഗത്തേക്കെത്തിയ മനോജ് കെ. ജയന്‍ നായകനായും വില്ലനായും സഹനടനായും തന്റെ കഴിവ് തെളിയിച്ചുണ്ട്. മികച്ച രണ്ടാമത്തെ നടനുള്ള സംസ്ഥാന അവാര്‍ഡ് മൂന്ന് തവണ സ്വന്തമാക്കിയ താരം തമിഴിലും, തെലുങ്കിലും തന്റെ സാന്നിധ്യമറിയിച്ചിട്ടുണ്ട്.
മലയാളസിനിമയിലെ നടന്മാര്‍ക്ക് വന്ന മാറ്റങ്ങളെക്കുറിച്ച് സംസാരിക്കുകയാണ് മനോജ് കെ. ജയന്‍. സോഷ്യല്‍ മീഡിയ വന്നതിന് ശേഷം പല നടന്മാരും മാന്യന്മാരായി പെരുമാറാന്‍ തുടങ്ങിയെന്ന് താരം പറഞ്ഞു. എല്ലാവരും തങ്ങളെ ശ്രദ്ധിക്കുന്നുണ്ടെന്ന് അവര്‍ക്കെല്ലാം മനസിലായെന്നും പബ്ലിക്കിന് മുമ്പില്‍ അധികം ദേഷ്യപ്പെടാതിരിക്കാന്‍ അത്തരം നടന്മാര്‍ ശ്രമിക്കുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
90കളില്‍ അവരെല്ലാം തന്നെപ്പോലുള്ള ജൂനിയര്‍ നടന്മാരോട് വളരെ ദേഷ്യപ്പെട്ട് പെരുമാറുമായിരുന്നെന്നും മനോജ് കെ. ജയന്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ അതെല്ലാം മാറിയെന്നും നാലുചുറ്റും ക്യാമറയുള്ളതുകൊണ്ട് വളരെ ശ്രദ്ധയോടെ മാത്രമേ എല്ലാവരുമായും ഇടപഴകുള്ളൂവെന്നും താരം പറഞ്ഞു. സൈന സൗത്ത് പ്ലസിന് നല്‍കിയ അഭിമുഖത്തിലാണ് മനോജ് കെ. ജയന്‍ ഇക്കാര്യം പറഞ്ഞത്.
‘സോഷ്യല്‍ മീഡിയ ഇപ്പോള്‍ എല്ലാവര്‍ക്കും കിട്ടിത്തുടങ്ങിയ ശേഷം പല നടന്മാരും പബ്ലിക്കിന്റെ മുന്നില്‍ മര്യാദക്കാരായി. അതാണ് പരമാര്‍ത്ഥം. പണ്ട്, അതായത് 90സ് കാലഘട്ടത്തില്‍ ഇങ്ങനെയൊന്നും അല്ലായിരുന്നു. വലിയ നടന്മാര്‍ എല്ലാവരോടും ദേഷ്യപ്പെടും, തര്‍ക്കുത്തരം പറയും, ചൂടാവും. അവര്‍ക്ക് ഇഷ്ടമല്ലാത്തത് കണ്ടാല്‍ അപ്പോള്‍ റിയാക്ട് ചെയ്യും.
എന്നാല്‍ ഇന്ന് അങ്ങനെയല്ല, നാല് ചുറ്റും ക്യാമറയുണ്ട്. ആര് എവിടെനിന്ന് എന്ത് ഷൂട്ട് ചെയ്യുന്നെന്ന് പറയാന്‍ കവിയില്ല. അതുകൊണ്ട് ആ നടന്മാരെല്ലാം ഇപ്പോള്‍ പബ്ലിക്കില്‍ മാന്യന്മാരായി. എനിക്ക് തോന്നുന്നത് കൊറോണ വന്ന് പോയതിന് ശേഷമാണ് ഇവരെല്ലാം മാറിത്തുടങ്ങിയതെന്നാണ്. സമൂഹത്തിന്റെ ചിന്താഗതിയില്‍ മൊത്തം ആ സമയത്ത് മാറ്റം വന്നിട്ടുണ്ട്.
ഞങ്ങളുടെ കാര്യമാണെങ്കില്‍ പണ്ടും ആരോടും ദേഷ്യപ്പെടാത്തവരാണ്. ഞങ്ങളുടെ തലമുറയിലുള്ള നടന്മാര്‍ കൂടുതലും സാധരണക്കാരുമായിട്ടൊക്കെയാണ് മിക്കപ്പോഴും ഇടപഴകുന്നത്. അതുകൊണ്ട് അവര്‍ക്കൊക്കെ ഞങ്ങളോട് എങ്ങനെ നില്‍ക്കണമെന്നും തിരിച്ച് അവരോട് എങ്ങനെ പെരുമാറണമെന്ന് ഞങ്ങള്‍ക്കും നല്ല ധാരണയുണ്ട്,’ മനോജ് കെ. ജയന്‍ പറഞ്ഞു.
Content Highlight: Manoj K Jayan shares the changes happened to Malayalam artists in recent times