ബാച്ച്‌ലര്‍ പാര്‍ട്ടിയിലെ ആ പ്രധാന കഥാപാത്രം ചെയ്യേണ്ടത് ഞാനായിരുന്നു; ഒഴിവായതിന്റെ കാരണം ഇതാണ്: മനോജ് കെ.ജയന്‍
Movie Day
ബാച്ച്‌ലര്‍ പാര്‍ട്ടിയിലെ ആ പ്രധാന കഥാപാത്രം ചെയ്യേണ്ടത് ഞാനായിരുന്നു; ഒഴിവായതിന്റെ കാരണം ഇതാണ്: മനോജ് കെ.ജയന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Saturday, 19th November 2022, 4:57 pm

 

അമല്‍ നീരദിന്റെ സംവിധാനത്തില്‍ 2012 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ബാച്ച്‌ലര്‍ പാര്‍ട്ടി. പൃഥ്വിരാജ്, ഇന്ദ്രജിത്ത്, കലാഭവന്‍ മണി, റഹ്‌മാന്‍ ആസിഫ് അലി തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തില്‍ അണിനിരന്നിരുന്നു.

സിനിമയില്‍ ഒരു സുപ്രധാന കഥാപാത്രത്തെ അവതരിപ്പിക്കേണ്ടിയിരുന്നത് താനായിരുന്നെന്നും എന്നാല്‍ ചില കാരണങ്ങള്‍ കൊണ്ട് ആ സിനിമ തനിക്ക് നഷ്ടപ്പെട്ടെന്നും പറയുകയാണ് നടന്‍ മനോജ് കെ. ജയന്‍.

തന്റെ ഏറ്റവും പുതിയ ചിത്രമായ ലൂയിസിന്റെ വിശേഷങ്ങള്‍ പങ്കുവെക്കവേയാണ് ബാച്ച്‌ലര്‍ പാര്‍ട്ടി സിനിമയെ കുറിച്ച് മനോജ് കെ. ജയന്‍ കൗമുദി മൂവീസിനോട് സംസാരിച്ചത്.

‘ബിഗ് ബിക്കുശേഷം അമലുമായി ചേര്‍ന്ന് സാഗര്‍ ഏലിയാസ് ജാക്കി മാത്രമാണ് ചെയ്തത്. പിന്നെ അമല്‍ എന്നെ വിളിച്ച പടം ബാച്ച്ലര്‍ പാര്‍ട്ടിയായിരുന്നു. ആ സിനിമയില്‍ എനിക്ക് മുഴുനീള ക്യാരക്ടറാണ് പറഞ്ഞിരുന്നത്. എന്നാല്‍ അതേ സമയത്ത് തന്നെ മല്ലുസിംഗിന്റെ ഷൂട്ടിംഗ് ഉണ്ടായിരുന്നു.

നേരത്തെ തന്നെ മല്ലുസിംഗിനായി 45 ദിവസത്തെ ഡേറ്റ് ആന്റോ ജോസഫിന് കൊടുത്തുകഴിഞ്ഞിരുന്നു. അതുപോലെ തന്നെ അമലിനും 42 ഓളം ദിവസം ഡേറ്റ് വേണമെന്ന് പറഞ്ഞു. അതൊരിക്കലും നടക്കില്ല. കാരണം മല്ലുസിംഗിന്റെ ഷൂട്ടിംഗ് നടക്കുന്നത് പാട്യാലയിലാണ്. കൊച്ചിയില്‍ നിന്ന് പാട്യാലയിലെക്ക് പോയി വരുകയെന്നത് അസാധ്യമാണ്.

അതുകൊണ്ട് തന്നെ ബാച്ച്ലര്‍ പാര്‍ട്ടി എനിക്ക് ഒഴിവാക്കേണ്ടി വന്നു. അങ്ങനെ അമലുമായുള്ള മൂന്നാമത്തെ പടം ശരിക്കും പറഞ്ഞാല്‍ ചെയ്യാന്‍ പറ്റിയില്ല. ഇപ്പോള്‍ വലിയൊരു ഗ്യപ്പ് വന്നിട്ടുണ്ട്. എന്നാല്‍ ഇപ്പോള്‍ ബിലാല്‍ തുടങ്ങുകയാണെങ്കില്‍ അതിനകത്ത് ഞാനുമുണ്ടാകും,’ മനോജ് കെ. ജയന്‍ പറഞ്ഞു.

ബിലാല്‍ സിനിമയെ കുറിച്ചും അദ്ദേഹം അഭിമുഖത്തില്‍ സംസാരിച്ചു. ബിലാല്‍ സിനിമയുമായി ബന്ധപ്പെട്ട് ഇപ്പോള്‍ വരുന്ന വാര്‍ത്തകളെല്ലാം വെറും അഭ്യൂഹങ്ങളാണെന്നും ഷൂട്ട് എന്ന് തുടങ്ങുമെന്ന് അറിയില്ലെന്നും താരം പറഞ്ഞു.

‘യഥാര്‍ത്ഥത്തില്‍ ബിലാല്‍ നടന്നുപോയേനെ. ഒരു പത്തനംത്തിട്ടക്കാരന്‍ വന്ന് ആദ്യത്തെ കൊറോണ പരത്തിപോയില്ലേ, അതിനും മൂന്ന് ദിവസം മുമ്പോ ഒരാഴ്ച്ച മുമ്പോ തുടങ്ങേണ്ട പടമായിരുന്നു ബിലാല്‍. എല്ലാം പൂര്‍ത്തിയായതായിരുന്നു. എന്നാല്‍ കൊറോണ വന്നതോടെ എല്ലാം തീര്‍ന്നു. അതോടെ സിനിമ കാന്‍സലായി. എന്റെയൊക്കെ ഡേറ്റ് നേരത്തെ വാങ്ങിവെച്ചിരുന്നതായിരുന്നു,’ മനോജ് കെ. ജയന്‍ പറഞ്ഞു.

സിനിമ പ്രേക്ഷകര്‍ വളരെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. സിനിമയുടെ ആദ്യ ഭാഗമായ ബിഗ് ബിയില്‍ മമ്മൂട്ടി, മനോജ്.കെ. ജയന്‍, ബാല, ലെന, മമ്ത തുടങ്ങി വലിയ താരനിരയുണ്ട്. ബിഗ് ബിയുടെ കഥ മമ്മൂക്കയേക്കാളും മുമ്പേ കഥകേട്ടത് താനായിരുന്നെന്നും താന്‍ വഴിയാണ് അമല്‍ നീരദ് മമ്മൂക്കയെ കാണുന്നതെന്നും ഇതേ അഭിമുഖത്തില്‍ താരം പറഞ്ഞിരുന്നു.

Content Highlight: Manoj K jayan About bachelor party Movie and Amal Neerad