അശോകന്റെ സഹോദരിയുടെ വേഷത്തിലേക്ക് വിളിച്ചു; പേടികാരണം അന്ന് പോയില്ല: മനോഹരി ജോയ്
Malayalam Cinema
അശോകന്റെ സഹോദരിയുടെ വേഷത്തിലേക്ക് വിളിച്ചു; പേടികാരണം അന്ന് പോയില്ല: മനോഹരി ജോയ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 10th August 2025, 12:55 pm

മലയാള ടെലിവിഷനിലെ ജനപ്രിയ പരമ്പരയായ ഉപ്പും മുളകിലെ നെയ്യാറ്റിന്‍കര അമ്മൂമ്മ എന്ന കഥാപാത്രത്തിലൂടെ പ്രേക്ഷക ശ്രദ്ധ നേടിയ നടിയാണ് മനോഹരി ജോയ്. പിന്നീട് ആര്‍ക്കറിയാം, നായാട്ട്, ഭീഷ്മപര്‍വ്വം, സൂക്ഷ്മദര്‍ശിനി എന്നീ സിനിമകളില്‍ നടി അഭിനയിച്ചിരുന്നു.

ഇപ്പോള്‍ തന്നെ സിനിമയില്‍ ആദ്യം വിളിച്ചിരുന്നത് അമ്മക്കഥാപാത്രം ചെയ്യാനായിരുന്നില്ലെന്ന് മനോഹരി പറയുന്നു. ഗൃഹലക്ഷ്മിയോട് സംസാരിക്കുകയാണ് നടി.

‘പത്മരാജന്‍ സംവിധാനം ചെയ്ത പെരുവഴിയമ്പലം എന്ന സിനിമയില്‍ 24ാം വയസില്‍ അഭിനയിക്കാന്‍ അവസരം വന്നതാണ്. അശോകന്റെ സഹോദരിയുടെ കഥാപാത്രം ചെയ്യാനാണ് വിളിച്ചത്. എന്നാല്‍ അന്ന് സിനിമ എന്നുപറഞ്ഞാല്‍ പേടിയായിരുന്നു. അത്തരമൊരു പൊതുബോധം അന്ന് എല്ലാവരുംകൂടി സൃഷ്ടിച്ചിരുന്നു. അതിനാല്‍ അത്ര മികച്ചൊരു അവസരം വന്നിട്ടും പോയില്ല. ഇനി സിനിമയില്‍നിന്ന് വിളിക്കില്ല എന്നാണ് പിന്നീട് വിചാരിച്ചത്,’മനോഹരി ജോയ് പറയുന്നു.

ഉപ്പും മുളകും ചെയ്തുകൊണ്ടിരിക്കുന്ന സമയത്താണ് ആസിഫ് അലി നായകനായി നിസാം ബഷീര്‍ സംവിധാനം ചെയ്ത കെട്ട്യോളാണ് എന്റെ മാലാഖ എന്ന സിനിമയിലേക്ക് വിളിച്ചതെന്നും സിനിമ എങ്ങനെയാണെന്നും അതില്‍ ഏതുവിധത്തിലാണ് അഭിനയിക്കേണ്ടത് എന്നൊന്നും അപ്പോള്‍ അറിയില്ലായിരുന്നുവെന്നും നടി പറഞ്ഞു.

‘ബിജുവിന്റെയും നിഷയുടെയുമൊക്കെ നിര്‍ബന്ധത്തിന്റെ പുറത്താണ് പോയത്. മികച്ച അനുഭവമായിരുന്നു ആ സിനിമ. സിനിമയിലുടനീളം നിറഞ്ഞുനില്‍ക്കുന്ന ഏലിയാമ്മ എന്ന അമ്മ വേഷം. സിനിമ പുറത്തിറങ്ങിയപ്പോള്‍ ഒരുപാട് അഭിനന്ദനങ്ങള്‍കിട്ടി. അതോടുകൂടി സിനിമയെ ഇഷ്ടപ്പെട്ടുതുടങ്ങി,’ മനോഹരി പറയുന്നു.

സിനിമയില്‍ എത്താന്‍ വൈകിയോ എന്ന് ചോദിച്ചാല്‍ വൈകി എന്നാണ് തന്റെ മറുപടിയെന്ന് അവര്‍ പറയുന്നു. എന്നാല്‍ ഇപ്പോള്‍ക്കിട്ടുന്ന സിനിമകളില്‍ സന്തോഷവതിയാണെന്നും മനോഹരി കൂട്ടിച്ചേര്‍ത്തു.

‘നാടകം ചെയ്യുന്ന കാലത്ത് ഒരുമാസത്തോളം വീട്ടില്‍നിന്ന് മാറിനിന്നിട്ടുണ്ട്. മക്കളെ വിട്ടുനില്‍ക്കുക സങ്കടകരമായിരുന്നു. മക്കള്‍ക്ക് വേണ്ടി ഒരുപാട് കഷ്ടപ്പാടുകള്‍ സഹിച്ചിട്ടുണ്ട്. നാടകംകൊണ്ടാണ് ഞാന്‍ ജീവിച്ചതും എന്റെ മക്കളെ പഠിപ്പിച്ചതുമെല്ലാം. മൂന്നുപേരും ഇന്ന് നല്ലനിലയിലെത്തി,’ മനോഹരി പറഞ്ഞു.

Content Highlight: Manohari Joy says that she was called to play the role of Ashoka’s sister I didn’t go because I was scared