മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്ക് വീണ്ടും തിരിച്ചടി; നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ്
Film News
മഞ്ഞുമ്മല്‍ ബോയ്‌സ് നിര്‍മാതാക്കള്‍ക്ക് വീണ്ടും തിരിച്ചടി; നേരിട്ട് ഹാജരാകണമെന്നാവശ്യപ്പെട്ട് പൊലീസ് നോട്ടീസ്
ഡൂള്‍ന്യൂസ് ഡെസ്‌ക്
Thursday, 5th June 2025, 10:20 am

കൊച്ചി: മഞ്ഞുമ്മല്‍ ബോയ്‌സിന്റെ നിര്‍മാതാക്കള്‍ക്ക് പൊലീസ് നോട്ടീസ്. പ്രതികള്‍ നേരിട്ട് ഹാജരാകണമെന്നാണ് മരട് പൊലീസ് നല്‍കിയ നോട്ടീസില്‍ പറയുന്നത്.

സൗബിന്‍ ഷാഹിര്‍, ഷോണ്‍ ആന്റണി, ബാബു താഹിര്‍ എന്നിവര്‍ക്കാണ് പൊലീസ് നോട്ടീസ് അയച്ചിരിക്കുന്നത്. ഹൈക്കോടതി കേസ് റദ്ദാക്കാനുള്ള അപേക്ഷ തള്ളിയതിന് പിന്നാലെയാണ് പൊലീസ് നോട്ടീസ്. 14 ദിവസത്തിനുള്ളില്‍ മരട് പൊലീസ് സ്റ്റേഷനില്‍ നേരിട്ട് ഹാജരാകണമെന്നാണ് നോട്ടീസ്.

അന്വേഷണം റദ്ദാക്കണമെന്ന നിര്‍മാതാക്കളുടെ ആവശ്യം ഹൈക്കോടതി തള്ളിയത് 22.05.25നാണ്. ചിത്രത്തിന്റെ നിര്‍മാതാക്കള്‍ക്കെതിരെയുള്ള അന്വേഷണം തുടരാമെന്ന് ഹൈക്കോടതി പറയുകയായിരുന്നു. മഞ്ഞുമ്മലിന്റെ നിര്‍മാതാക്കളായ ഷോണ്‍ ആന്റണി, ബാബു, സൗബിന്‍ ഷാഹിര്‍ എന്നിവരുടെ ഹരജിയാണ് കോടതിയത് തള്ളിയത്.

സിനിമക്ക് വേണ്ടി ഏഴ് കോടി രൂപ നിക്ഷേപിച്ചതിന് ശേഷം ലാഭവിഹിതവും പണവും നല്‍കിയില്ലെന്ന് കാണിച്ച് സിറാജ് വലിയതുറ നല്‍കിയ പരാതിയിന്‍ മേലാണ് പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചത്. എന്നാല്‍ പണം നല്‍കാത്തതുമായി ബന്ധപ്പെട്ട് പൊലീസ് പ്രാഥമിക അന്വേഷണം തുടങ്ങിയതിന് പിന്നാലെ ഇത് റദ്ധാക്കണമെന്ന് ആവശ്യപ്പെട്ട് നിര്‍മാതാക്കള്‍ കോടതിയെ സമീപിക്കുകയായിരുന്നു.

Content Highlight: Manjummal Boys makers face another setback; Police notice demanding their presence in person