കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളു, ആസൂത്രകര്‍ ഇപ്പോഴും പകല്‍ വെളിച്ചത്തില്‍; പ്രതികരിച്ച് മഞ്ജു വാര്യര്‍
Kerala
കുറ്റം ചെയ്തവര്‍ മാത്രമേ ശിക്ഷിക്കപ്പെട്ടിട്ടുള്ളു, ആസൂത്രകര്‍ ഇപ്പോഴും പകല്‍ വെളിച്ചത്തില്‍; പ്രതികരിച്ച് മഞ്ജു വാര്യര്‍
ഡൂള്‍ന്യൂസ് ഡെസ്‌ക്
Sunday, 14th December 2025, 5:47 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസിലെ വിധിക്ക് പിന്നാലെ ആദ്യമായി പ്രതികരിച്ച് നടി മഞ്ജു വാര്യര്‍. ഈ കേസില്‍ നീതി പൂര്‍ണമായും നടപ്പായെന്ന് പറയാനാവില്ലെന്ന് മഞ്ജു വാര്യര്‍ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചു. അതിജീവിതയ്ക്കൊപ്പമെന്ന് ആവര്‍ത്തിച്ചുകൊണ്ടാണ് മഞ്ജുവിന്റെ പ്രതികരണം.

കുറ്റം ചെയ്തവര്‍ മാത്രമേ ഇപ്പോള്‍ ശിക്ഷിക്കപ്പെട്ടിട്ടുള്ളുവെന്നും ആസൂത്രണം ചെയ്തവര്‍ പകല്‍ വെളിച്ചത്തിലുണ്ടെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ഇവര്‍ കൂടി ശിക്ഷിക്കപ്പെട്ടാലേ അതിജീവിതയ്ക്കുള്ള നീതി പൂര്‍ണമാവുകയുള്ളുവെന്നും മഞ്ജു കൂട്ടിച്ചേര്‍ത്തു.

ഈ കുറ്റകൃത്യം ആസൂത്രണം ചെയ്തവര്‍ ഇപ്പോഴും പകല്‍ വെളിച്ചത്തില്‍ ഉണ്ടെന്നത് ഭയപ്പെടുത്തുന്ന യാഥാര്‍ഥ്യമാണെന്നും മഞ്ജു ചൂണ്ടിക്കാട്ടി. പുറത്തുള്ളവരും ശിക്ഷിക്കപ്പെടേണ്ടത് അവള്‍ക്ക് വേണ്ടി മാത്രമല്ല. ഈ നാട്ടിലെ ഓരോ പെണ്‍കുട്ടിക്കും ഒരു സ്ത്രീക്കും ഓരോ മനുഷ്യര്‍ക്കും കൂടി വേണ്ടിയാണ്.

പൊലീസിലും നിയമ സംവിധാനത്തിലും ഞാനുള്‍പ്പെടെയുള്ള സമൂഹത്തിനുള്ള വിശ്വാസം ദൃഢമാക്കാന്‍ അത് കൂടിയേ തീരുവെന്നും മഞ്ജു വാര്യര്‍ പറഞ്ഞു. ഈ നാട്ടിലെ സ്ത്രീകള്‍ക്ക് തൊഴിലിടങ്ങളിലും തെരുവിലും ജീവിതത്തിലും സധൈര്യം തലയുയര്‍ത്തിപ്പിടിച്ച് ഭയപ്പാടില്ലാതെ നടക്കാന്‍ കഴിയുന്ന സാഹചര്യമുണ്ടാകണമെന്നും മഞ്ജു വാര്യര്‍ കൂട്ടിച്ചേര്‍ത്തു.

കേസിലെ കോടതി വിധിക്കെതിരെ അതിജീവിതയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെയാണ് മഞ്ജു വാര്യരുടെ പ്രതികരണം. തന്റെ അടിസ്ഥാന ആവശ്യങ്ങള്‍ പോലും പരിഗണിച്ചില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് അതിജീവിത വിധിയില്‍ ആദ്യമായി പ്രതികരിച്ചത്.

അതേസമയം നടി ആക്രമിക്കപ്പെട്ട കേസിലെ നിര്‍ണായകമായ നടപടികള്‍ ആരംഭിക്കുന്നത് മഞ്ജു വാര്യരുടെ പ്രതികരണത്തില്‍ നിന്നാണ്. 2017 ഫെബ്രുവരി 17നാണ് കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ നടി ആക്രമിക്കപ്പെട്ടത്.

പിന്നാലെ ഫെബ്രുവരി 18ന് കൊച്ചിയിലെ ദര്‍ബാര്‍ ഹാളില്‍ നടിയ്ക്ക് ഐക്യദാര്‍ഢ്യം അറിയിച്ചുകൊണ്ട് നടന്ന യോഗത്തില്‍ മഞ്ജു വാര്യര്‍ നടത്തിയ പ്രസ്താവനയാണ് ഈ കേസില്‍ വഴിത്തിരിവായത്. നടി ആക്രമിക്കപ്പെട്ടതിന് പിന്നില്‍ ഗൂഢാലോചന ഉണ്ടെന്നായിരുന്നു മഞ്ജുവിന്റെ പ്രതികരണം.

എട്ട് വര്‍ഷങ്ങള്‍ക്കിപ്പുറം കേസില്‍ വിധി വന്ന 2025 ഡിസംബര്‍ എട്ടിന് മഞ്ജുവിന്റെ പേരെടുത്ത് പറഞ്ഞുകൊണ്ട് കേസിലെ എട്ടാം പ്രതിയായ നടന്‍ ദിലീപ് വിമര്‍ശനമുന്നയിച്ചിരുന്നു.

മഞ്ജുവിന്റെ പ്രസ്താവനയ്ക്ക് പിന്നാലെയാണ് തനിക്കെതിരെ ഗൂഢാലോചന ഉണ്ടായെന്നാണ് ദിലീപ് പറഞ്ഞത്. കേസ് അന്വേഷിച്ച പൊലീസ് ഉദ്യോഗസ്ഥരെയും അഭിഭാഷകരെയും ലക്ഷ്യമിട്ടായിരുന്നു ദിലീപിന്റെ പ്രതികരണം. അതേസമയം ഗൂഢാലോചന തെളിയിക്കാനായില്ലെന്നതിന്റെ പേരിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്.

Content Highlight: Manju Warrier reacts for the first time after the verdict in the actress attack case