മലയാള സിനിമാ-സീരിയല്‍ രംഗത്ത് സജീവമാണ് നടി മഞ്ജു പിള്ള. 1991-ല്‍ തത്തമ്മേ പൂച്ച പൂച്ച എന്ന ടെലിഫിലിമിലാണ് മഞ്ജു പിള്ള ആദ്യമായി അഭിനയിക്കുന്നതെങ്കിലും സത്യവും മിഥ്യയും ആയിരുന്നു മഞ്ജുവിന്റെ ആദ്യത്തെ സീരിയല്‍. പിന്നീട് സിനിമകളിലും, സീരിയലുകളിലും സജീവമായി. ഹാസ്യ വേഷങ്ങളാണ് ആദ്യം ചെയ്തിരുന്നതെങ്കിലും പിന്നീട് സ്വഭാവവേഷങ്ങളും അവതരിപ്പിച്ചു.
റോജിന്‍ തോമസ് രചനയും സംവിധാനവും നിര്‍വഹിച്ച് 2021 ല്‍ പുറത്തിറങ്ങിയ ചിത്രമാണ് ഹോം.
ഇന്ദ്രന്‍സ്, ശ്രീനാഥ് ഭാസി, നെസ്‌ലെന്‍, ദീപ തോമസ്, മഞ്ജു പിള്ള, ജോണി ആന്റണി, കൈനകരി തങ്കരാജ് എന്നിവര്‍ പ്രധാനവേഷത്തില്‍ എത്തിയ ചിത്രം ആമസോണ്‍ പ്രൈമിലൂടെയാണ് റിലീസ് ചെയ്തത്.
തിയേറ്ററുകളില്‍ റിലാസാകാതെ പോയിട്ടും ഏറെ ശ്രദ്ധിക്കപ്പെട്ട സിനിമയായിരുന്നു ഹോം. ചിത്രത്തിലെ കുട്ടിയമ്മ എന്ന കഥാപാത്രമായാണ് മഞ്ജു പിള്ള എത്തിയിരുന്നത്. ഇപ്പോള്‍ തന്റെ കുട്ടിയമ്മ എന്ന കഥാപാത്രത്തെ കുറിച്ച് സംസാരിക്കുകയാണ് നടി.
‘കുട്ടിയമ്മ എന്ന കഥാപാത്രം എനിക്ക് ഗുണവും ചെയ്തിട്ടുണ്ട്. ഒപ്പം ദോഷവും ചെയ്തിട്ടുണ്ട്. കുട്ടിയമ്മ എന്ന കഥാപാത്രം എല്ലാവരുടെയും മനസിലേക്ക് പെട്ടന്ന് കേറി. ന്യൂജെന്‍ പിള്ളേര്‍ക്ക്, പ്രത്യേകിച്ച് ആണ്‍കുട്ടികള്‍ക്ക് അമ്മ എന്നൊരു പരിവേഷം കിട്ടി കഴിഞ്ഞപ്പോള്‍ എന്റെ പ്രായമുള്ള ആളുകള്‍ വരെ ചേച്ചി, മഞ്ജു അമ്മേ എന്നൊക്കെയാണ് വിളിക്കുന്നത്.
അത്തരം സ്‌നേഹം എനിക്ക് വേണ്ട (ചിരി). ഞാന്‍ ചെറുപ്പമാണ് എന്ന് കാണിക്കാന്‍ വേണ്ടി എന്തെങ്കിലും ചെയ്യണം. അത്ര ചെറുപ്പമല്ല എന്നാല്‍ പോലും. തനിക്ക് ഇപ്പോള്‍ വരുന്നത് ഭൂരിഭാഗവും അത്തരം കഥാപാത്രങ്ങളാണെന്നും നടി പറയുന്നുണ്ട്.
‘ഈയടുത്തും വന്നും അങ്ങനെയൊരു ക്യാരക്ടര്‍ ചെയ്യാന്‍. ഒരു അമ്പത് അമ്പത്തഞ്ച് വയസുള്ള ഒരു അമ്മയുടെ റോള്‍. ഒന്ന് അമ്മയെ മാറ്റി ചേച്ചിയായി കാണാന്‍ നിങ്ങള്‍ക്ക് പറ്റുന്നേ ഇല്ലേ എന്ന് ഞാന്‍ അപ്പോള്‍ ചോദിച്ചു,’ മഞ്ജു പിള്ള പറയുന്നു.
Content Highlight: Manju Pillai says that her character in the movie Home has done both good and bad for her