ശരീരത്തെ പ്രശ്നമായി കണ്ടിരുന്നു; പൂച്ചകളോടും സംസാരിക്കും, തിരിച്ചുപറഞ്ഞില്ലെങ്കിലും കേട്ടിരിക്കും: മഞ്ജിമ മോഹൻ
Malayalam Cinema
ശരീരത്തെ പ്രശ്നമായി കണ്ടിരുന്നു; പൂച്ചകളോടും സംസാരിക്കും, തിരിച്ചുപറഞ്ഞില്ലെങ്കിലും കേട്ടിരിക്കും: മഞ്ജിമ മോഹൻ
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 19th August 2025, 3:28 pm

ബാലതാരമായി സിനിമയിലേക്ക് എത്തിയ നടിയാണ് മഞ്ജിമ മോഹൻ. 2000ത്തിൽ പുറത്തിറങ്ങിയ മധുരനൊമ്പക്കാറ്റ് എന്ന ചിത്രത്തിലെ പ്രകടനത്തിന് കേരള സംസ്ഥാന ചലച്ചിത്ര പുരസ്‌കാരം നടി സ്വന്തമാക്കി. പിന്നീട് മലയാളത്തിന് പുറമേ തമിഴിലിലും നടി അഭിനയിച്ചു.

വടക്കൻ സെൽഫി എന്ന ചിത്രത്തിലൂടെ വീണ്ടും അഭിനയത്തിലേക്ക് തിരിച്ചുവന്നെങ്കിലും നടിയുടെ അഭിനയത്തിന് ഒരുപാട് വിമർശനങ്ങൾ ഏൽക്കേണ്ടി വന്നു.

പിന്നീട് താരത്തിന് ബോഡി ഷെയിമിങ്ങും നേരിടേണ്ടി വന്നിട്ടുണ്ട്. ശരീരഭാരം കൂടിയതിന്റെ പേരിൽ നേരിട്ടുള്ള ദുരനുഭവങ്ങളെക്കുറിച്ച് നടി പലപ്പോഴും തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോൾ തനിക്കേൽക്കേണ്ടി വന്ന ബോഡി ഷെയിമിങ്ങിനെക്കുറിച്ച് സംസാരിക്കുകയാണ് മഞ്ജിമ മോഹൻ.

‘ഞാൻ കരയും, തളരും, ആധി പിടിക്കും. എന്താണ് നടക്കുന്നതെന്ന് നമ്മൾ ആദ്യം മനസിലാക്കണം. എന്നാൽ മാത്രമാണ് അടുത്ത നടപടി എടുക്കാൻ സാധിക്കൂ. സംഭവിക്കാനുള്ളത് സംഭവിച്ചു. ഇനി അടുത്തത് എന്ത് എന്നാണ് ആലോചിക്കേണ്ടത്. നമ്മൾ പ്രയാസത്തിലായിരിക്കുമ്പോൾ ലോജിക്കലായി ആലോചിക്കാൻ പ്രയാസമാണ്. തലച്ചോറല്ല, ഹൃദയമായിരിക്കും അവിടെ തീരുമാനം എടുക്കുക. ഇപ്പോൾ പ്രശ്‌നങ്ങളെ അക്‌സെപ്റ്റ് ചെയ്യാൻ തുടങ്ങിയിട്ടുണ്ട്. ജോലിക്കപ്പുറം എനിക്ക് മറ്റ് ലക്ഷ്യങ്ങളുണ്ട്,’ മഞ്ജിമ പറയുന്നു.

തനിക്ക് പി.സി.ഒ.ഡി ഉണ്ടായിരുന്നെന്നും തനിക്ക് ഭാരം കൂടിയെന്നും നടി പറയുന്നു. എന്നാൽ പി.സി.ഒ.ഡി നിയന്ത്രിക്കേണ്ടത് അത്യാവശ്യമായിരുന്നെന്നും നടി കൂട്ടിച്ചേർത്തു. ശസ്ത്രക്രിയയിലൂടെ പോലും ശരീരഭാരം കുറക്കാൻ കഴിയുമോ എന്നറിയാൻ താൻ ഡോക്ടർമാരെ സമീപിച്ചിരുന്നെന്നും മഞ്ജിമ കൂട്ടിച്ചേർത്തു. എല്ലാവരും എന്റെ ശരീരത്തെ വലിയ പ്രശ്‌നമായിട്ടാണ് കണ്ടിരുന്നതെന്നും എന്നാൽ ആരോഗ്യമാണ് പ്രധാനമെന്നും നടി പറയുന്നു. മെഡിറ്റേഷനും സംഗീതവും സ്പിരിച്വാലിറ്റിയുമാണ് ഇപ്പോൾ ചെയ്യുന്നതെന്നും വിഷമഘട്ടങ്ങളിൽ പങ്കാളിയോട് സംസാരിക്കുമെന്നും നടി പറഞ്ഞു.

പൂച്ചകളോടും സംസാരിക്കാറുണ്ടെന്നും അവ തിരിച്ചൊന്നും പറഞ്ഞില്ലെങ്കിലും താൻ പറഞ്ഞത് കേട്ടിരിക്കുമെന്നും മഞ്ജിമ കൂട്ടിച്ചേർത്തു. സ്റ്റേ ട്യൂൺ വിത്ത് രമ്യ എന്ന യൂട്യൂബ് ചാനലിൽ സംസാരിക്കുകയായിരുന്നു അവർ.

Content Highlight: Manjima Mohan talking about PCOD