പേടിച്ചാണ് ഞാന്‍ ആ പാട്ട് പാടിയത്; കരിയറിന്റെ തുടക്കമായിരുന്നു അത്: മഞ്ജരി
Malayalam Cinema
പേടിച്ചാണ് ഞാന്‍ ആ പാട്ട് പാടിയത്; കരിയറിന്റെ തുടക്കമായിരുന്നു അത്: മഞ്ജരി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Friday, 24th October 2025, 5:31 pm

അനന്തഭദ്രം സിനിമയിലെ ‘പിണക്കമാണോ എന്നോട് ഇണക്കമാണോ’ എന്ന ഗാനം താന്‍ പേടിച്ച് പാടിയതാണെന്ന് ഗായിക മഞ്ജരി. എം.ജി രാധാകൃഷ്ണന് വേണ്ടി താന്‍ ആദ്യമായി പാടുന്ന സിനിമ പാട്ടായിരുന്നു അതെന്നും അവര്‍ പറഞ്ഞു. ക്യൂ സ്റ്റുഡിയോയുമായുള്ള അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മഞ്ജരി.

‘സിനിമാ പാട്ടുകള്‍ പാടി തുടങ്ങിയ സമയത്താണ് ഞാന്‍ ആ പാട്ട് പാടുന്നത്. അതുകൊണ്ട് എനിക്ക് വല്ലാത്ത ഒരു ടെന്‍ഷനായിരുന്നു. അദ്ദേഹം പറഞ്ഞു തരുന്ന രീതി, അദ്ദേഹത്തിന്റെ പാട്ടിന്റെ സ്റ്റൈല്‍ എല്ലാം തന്നെ വളരെ വ്യത്യസ്തമാണ്.

പിന്നെ സാര്‍ നന്നായി പാടും. അതുകൊണ്ട് അദ്ദേഹം പാടുന്നതിനോട് നമുക്ക് ഒരിക്കലും മാച്ച് ചെയ്യാന്‍ കഴിയില്ല. കൃത്യമായിട്ട് സംഗതികള്‍ എന്താണ് വേണ്ടതെന്ന് പറഞ്ഞു തരും. പക്ഷേ പിന്നെ കൂളാണ്. പിന്നെ നമ്മളെ വഴക്കു പറയുകയും ഒന്നുമില്ല,’മഞ്ജരി പറഞ്ഞു.

പാട്ടില്‍ ‘ആയിരം ചിറകുള്ള സ്വപ്‌നങ്ങളെ’ എന്ന് പാടുന്ന ഭാഗം പാടിയാല്‍ ശരിയാകുമോ എന്ന സംശയമുണ്ടായിരുന്നുവെന്നും ആ ഭാഗം പാടി കഴിഞ്ഞപ്പോള്‍ നന്നായിട്ടുണ്ട് എന്നൊക്കെ അദ്ദേഹം പറഞ്ഞുവെന്നും മഞ്ജരി പറഞ്ഞു. അങ്ങനെ പറഞ്ഞപ്പോള്‍ തനിക്ക് ആശ്വസമായെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. കാവ്യക്ക് വേണ്ടി താന്‍ ആദ്യമായി പാടുന്ന ഗാനമായിരുന്നു അതെന്നും പാട്ടില്‍ അതി മനോഹരമായി കാവ്യ അഭിനയിച്ചിട്ടുണ്ടെന്നും മഞ്ജരി പറഞ്ഞു.

സന്തോഷ് ശിവന്റെ സംവിധാനത്തില്‍ 2005-ല്‍ പുറത്തിറങ്ങിയ ചിത്രമാണ് അനന്തഭദ്രം. ചിത്രത്തില്‍ പൃഥ്വിരാജ് സുകുമാരന്‍, കാവ്യാ മാധവന്‍, മനോജ് കെ. ജയന്‍, കലാഭവന്‍ മണി, നെടുമുടി വേണു, കൊച്ചിന്‍ ഹനീഫ, മണിയന്‍പിള്ള രാജു, റിയ സെന്‍ തുടങ്ങിയവര്‍ അഭിനയിച്ചിരുന്നു. സിനിമയിലെ ഗാനങ്ങള്‍ക്ക് സംഗീതം നല്‍കിയത് എം.ജി രാധാകൃഷ്ണനും പശ്ചാത്തല സംഗീതം നല്‍കിയത് കണ്ണനുമാണ്.

Content  highlight:  Manjari says she was scared to sing the song ‘Pinakammo Munda Ainakammo’ from Ananthabhadram