മമ്മൂട്ടി കമ്പനിയുടെ നിര്‍മ്മാണത്തില്‍ ജിതിന്‍ കെ. ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാന വേഷങ്ങളില്‍ എത്തുന്ന ചിത്രമാണ് കളങ്കാവല്‍. ചിത്രത്തിന്റെ പ്രീ റിലീസ് ഇവന്റ് കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടന്നിരുന്നു.
ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരും മുന്‍ നിര സംവിധായകരും ഇവന്റിന്റെ ഭാഗമായിരുന്നു. നടനും നിര്‍മാതാവുമായ മണിയന്‍പിള്ള രാജുവും ഇവന്റില്‍ പങ്കെടുത്തിരുന്നു.
കളങ്കാവല്‍ സിനിമയെ കുറിച്ചുള്ള പ്രതീക്ഷകള്‍ പങ്കുവെക്കുകയാണ് മണിയന്‍പിള്ള രാജു. കളങ്കാവല്‍ നൂറു ശതമാനം വിജയം കൈവരിക്കുമെന്നും മമ്മൂട്ടി കമ്പനിയുടെ പടങ്ങള്‍ ആദ്യ ദിവസം തന്നെ കാണാറുണ്ടെന്നും അഭിപ്രായങ്ങള്‍ വിളിച്ചുപറയാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.
മമ്മൂട്ടി കമ്പനിയുടെ സിനിമകള്‍ അതിന്റെ പൂര്‍ണ വിജയത്തില്‍ എത്തുമെന്നതില്‍ തനിക്ക് സംശമില്ലെന്നും എന്നും പുതിയ തലമുറയ്ക്കൊപ്പം നില്‍ക്കാന്‍ ശ്രമിക്കുന്ന വ്യക്തിയാണ് അദ്ദേഹമെന്നും മണിയന്‍ പിള്ള രാജു വേദിയില്‍ പറഞ്ഞു.
മണിയന്‍ പിള്ള രാജു, കളങ്കാവല്‍ പ്രീ റിലീസ് ഇവന്റില്‍ Photo: Screen Grab/Mammootty Kampany
‘ഒരിക്കല്‍ ഒരു സിനിമയിലെ പാട്ട് കേട്ടപ്പോള്‍ ഈ പാട്ട് ഒട്ടും ശരിയായില്ലെന്നും മോശമാണെന്നും ഞാന്‍ പറഞ്ഞപ്പോള്‍, നീ ഇപ്പോഴും എണ്‍പതുകളിലും എഴുപതുകളിലും നില്‍ക്കാതെ, വയലാറിന്റേയും ദേവരാജന്‍ മാസ്റ്ററുടേയും പാട്ടുകള്‍ മാത്രം കേള്‍ക്കാതെ പുതിയ തലമുറയുടെ പാട്ടുകള്‍ കൂടി ആസ്വദിക്കാന്‍ ശ്രമിക്കാന്‍ മമ്മൂക്ക എന്നോട് പറഞ്ഞു.
പുതിയതിനൊപ്പം നില്‍ക്കാനും പുതിയ പിള്ളേരെ കണ്ടുപഠിക്കാനും അദ്ദേഹം ആവശ്യപ്പെട്ടു,’ മണിയന്‍ പിള്ള രാജു പറഞ്ഞു.
എന്തെങ്കിലും കാണാതെ പട്ടര് വെള്ളത്തില്‍ ചാടൂല എന്ന പ്രയോഗം പോലെ കളങ്കാവല്‍ സിനിമയിലും എന്തൊക്കൊയോ ഒളിഞ്ഞിരിപ്പുണ്ടെന്നും ചിത്രം നൂറുശതമാനം വിജയം കൈവരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡിസംബര്‍ 5 ന് തിയേറ്ററില്‍ എത്തുന്ന സിനിമയില്‍ മമ്മൂട്ടി പ്രതിനായകനും വിനായകന്‍ നായകനും എന്നുള്ളതാണ് ഏറ്റവും വലിയ പ്രത്യേകത. ജിതിന്‍ കെ. ജോസഫ് സംവിധാനം ചെയ്യുന്ന സിനിമയില്‍ രജിഷ വിജയന്‍, ഗായത്രി അരുണ്‍, മേഘ തോമസ്, ശ്രുതി രാമചന്ദ്രന്‍, ധന്യ അനന്യ, അസീസ് നെടുമങ്ങാട് തുടങ്ങിയ വന്‍ താരനിരയാണ് അണിനിരക്കുന്നത്.
Content Highlight: Maniyanpillai Raju about Kalamkaval Movie and Mammootty