ഇടയ്ക്കുവെച്ച് നിര്‍ത്തി മറ്റൊരു ജോലിക്കും പോകാന്‍ ശ്രമിച്ചില്ല; സിനിമ തന്നെയായിരുന്നു എന്റെ ജീവിതം: മണിയന്‍പിള്ള രാജു
Malayalam Cinema
ഇടയ്ക്കുവെച്ച് നിര്‍ത്തി മറ്റൊരു ജോലിക്കും പോകാന്‍ ശ്രമിച്ചില്ല; സിനിമ തന്നെയായിരുന്നു എന്റെ ജീവിതം: മണിയന്‍പിള്ള രാജു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Sunday, 31st August 2025, 10:40 am

നാല് പതിറ്റാണ്ടിലധികമായി മലയാളസിനിമയില്‍ നിറഞ്ഞുനില്‍ക്കുന്ന നടനാണ് മണിയന്‍പിള്ള രാജു. ചെറിയ വേഷങ്ങളിലൂടെ കരിയര്‍ ആരംഭിച്ച അദ്ദേഹം പിന്നീട് ഇന്‍ഡസ്ട്രിയില്‍ ഒഴിച്ചു കൂടാനാകാത്ത ഒരു ആര്‍ട്ടിസ്റ്റായി മാറി. നടന്‍ എന്നതിന് പുറമെ നിര്‍മാതാവ് എന്ന നിലയിലും അദ്ദേഹം ശ്രദ്ധേയനാണ്. ഈ വര്‍ഷം റിലീസായി ഹിറ്റായി മാറിയ തുടരുമിലും അദ്ദേഹത്തിന്റെ സാന്നിധ്യമുണ്ടായിരുന്നു.

സിനിമയില്‍ 50 വര്‍ഷം പൂര്‍ത്തിയാകുന്ന ഈ വേളയില്‍ സിനിമ നല്‍കിയ സന്തോഷങ്ങളെ കുറിച്ച് സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു.

‘ആഗ്രഹിക്കുന്ന ജോലി ചെയ്യുക എന്നത് വലിയ സന്തോഷമാണ്. അതും ഇത്രയും വര്‍ഷം. സ്‌കൂളില്‍ പഠിക്കുമ്പോഴേ നടനാകണമെന്ന് ആഗ്രഹിച്ചിരുന്നു. പ്രീഡിഗ്രി കഴിഞ്ഞ് അഡയാര്‍ ഫിലിം ഇന്‍സ്റ്റിറ്റ്യൂട്ടിലേക്കാണ് പോയത്. രണ്ടുവര്‍ഷം അവിടെ പഠിച്ചു. 1975-ല്‍ ശ്രീകുമാരന്‍ തമ്പിസാറിന്റെ ‘മോഹിനിയാട്ടം’ എന്ന സിനിമയില്‍ അഭിനയിച്ചുകൊണ്ടായിരുന്നു സിനിമാജീവിതത്തിന്റെ ആരംഭം. 50 വര്‍ഷമായി.

ഒരു ജന്മത്തിന്റെ ഭൂരിഭാഗവും അഭിനയത്തിനുവേണ്ടി മാറ്റിവെച്ചു എന്നതുതന്നെ വലിയ സന്തോഷം നല്‍കുന്നു. ഇടയ്ക്കുവെച്ച് നിര്‍ത്തി മറ്റൊരു ജോലിക്കും പോകാന്‍ ശ്രമിച്ചിട്ടില്ല. സിനിമ തന്നെയായിരുന്നു എന്റെ ജീവിതം. ഇക്കാലയളവില്‍ ഒരുപാട് നടന്മാര്‍ വന്നുപോയി. അവര്‍ക്കൊപ്പം പ്രവര്‍ത്തിക്കാനായി കുറച്ച് സിനിമകള്‍ നിര്‍മിക്കാനും സാധിച്ചു,’ മണിയന്‍പിള്ള രാജു പറഞ്ഞു.

ചെയ്തതില്‍ കൂടുതല്‍ ഇഷ്ടം തോന്നിയ കഥാപാത്രങ്ങളെ കുറിച്ചും അദ്ദേഹം സംസാരിച്ചു. മണിയന്‍പിള്ളയിലെ കഥാപാത്രം തനിക്ക് ഇഷ്ടമാണെന്ന് അദ്ദേഹം പറയുന്നു. പിന്നെ താരാട്ട്, പൈതൃകം, ധിം തരികിട തോം, സെവന്‍സ് അവസാനം ചെയ്ത തുടരും എന്ന സിനിമയും ആ പട്ടികയിലുണ്ടെന്നും മണിയന്‍പിള്ള രാജു കൂട്ടിച്ചേര്‍ത്തു.

Content Highlight: Maniyanpilla Raju talks about the joys that cinema has brought on this occasion of its 50th years