കാലങ്ങളായി മലയാള സിനിമയുടെ ഭാഗമായ നടനും നിര്‍മാതാവുമാണ് മണിയന്‍പിള്ള രാജു. നാല് പതിറ്റാണ്ടോളമായി സിനിമയില്‍ നിറഞ്ഞു നില്‍ക്കുന്ന അദ്ദേഹം മലയാളികള്‍ക്ക് ഇന്നും പ്രിയപ്പെട്ട വ്യക്തിയാണ്.
സിനിമയിലെത്തുന്നതിന് മുമ്പുള്ള ജീവിതത്തെ കുറിച്ചും അഭിനയത്തോടുള്ള ഇഷ്ടത്തെ കുറിച്ചും സംസാരിക്കുകയാണ് മണിയന്‍പിള്ള രാജു.
‘അന്ന് സ്‌കൂള്‍ യൂത്ത്ഫെസ്റ്റിവലില്‍ ഞങ്ങള്‍ കുറച്ചു കുട്ടികള്‍ ചേര്‍ന്ന് ‘കേളടീ നിന്നെ ഞാന്‍ കെട്ടുന്ന കാലത്ത്’ എന്ന പാട്ടിന് ഡാന്‍സ് ചെയ്തു. അഞ്ചിലോ ആറിലോ പഠിക്കുമ്പോഴാണ്. രണ്ടാംസ്ഥാനം ലഭിച്ചു. അതായിരുന്നു ആദ്യത്തെ വേദിയും അംഗീകാരവും. ജഗതിശ്രീ കുമാര്‍ സ്‌കുളില്‍ എന്റെ മൂന്നുനാല് കൊല്ലം സീനിയറായിരുന്നു.
ഞാന്‍ ഏഴില്‍ പഠിക്കുമ്പോള്‍ അദ്ദേഹം അവിടെ ഒരു നാടകം ചെയ്യാന്‍ വന്നു. എന്‍. കെ. ആചാരിയുടെ ‘ലഹരി’ എന്ന നാടകം. അന്ന് ജഗതി കോളേജിലാണ് നാടകം കണ്ട് ആളുകള്‍ ആകെ ഇളകിമറിഞ്ഞു അക്കൂട്ടത്തില്‍ ഞാനുമുണ്ടായിരുന്നു,’ മണിയന്‍ പിള്ള രാജു പറയുന്നു.
ആ നാടകം കണ്ടപ്പോള്‍ താന്‍ ഒരു കാര്യം ഉറപ്പിച്ചുവെന്നും തനിക്കും ഇതുപോലൊരു നടനാകണമെന്ന് തീരുമാനിച്ചെന്നും മണിയന്‍പിള്ള രാജു പറഞ്ഞു. ആ വര്‍ഷം തന്നെ താന്‍ സ്‌കൂളില്‍ നാടകങ്ങള്‍ കളിക്കാന്‍ തുടങ്ങിയെന്നും പത്താം ക്ലാസ് വരെ ബെസ്റ്റ് ആക്ടറുമായെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പഠനത്തില്‍ കുറച്ച് പുറകിലായിരുന്നുവെന്നും പക്ഷേ അത്യാവശ്യം മാര്‍ക്കോടെ പത്താംക്ലാസ് പാസായെന്നും അദ്ദേഹം പറഞ്ഞു.
‘കലോത്സവത്തില്‍ നിന്ന് ലഭിച്ച കുറേ സര്‍ട്ടിഫിക്കറ്റുകളുണ്ടായിരുന്നു കൈയില്‍. അതും എസ്.എസ്.എല്‍.സി. മാര്‍ക്ക് ലിസ്റ്റും കൊണ്ട് ഞാന്‍ എം.ജി. കോളേജിലെത്തി പ്രിന്‍സിപ്പലിനെകണ്ടു. സര്‍ട്ടിഫിക്കറ്റുകള്‍ കണ്ട് അദ്ദേഹം എന്നെ അഭിനന്ദിച്ചു. ചെറിയ പ്രായത്തിലേ ഇത്രയധികം സമ്മാനങ്ങള്‍ നേടിയല്ലോ എന്നൊക്കെ പറഞ്ഞു,’ മണിയന്‍പിള്ള രാജു പറയുന്നു.
Content Highlight: Maniyanpilla Raju talks about his life before entering the cinema and his love for acting