രാജ്യത്തിന് വേണ്ടി നല്ലതു ചെയ്യുന്നവരെ ഉപദ്രവിക്കുന്നത് ദൗര്‍ഭാഗ്യകരം; സി.ബി.ഐയെ സ്വാഗതം ചെയ്ത് മനീഷ് സിസോദിയ
national news
രാജ്യത്തിന് വേണ്ടി നല്ലതു ചെയ്യുന്നവരെ ഉപദ്രവിക്കുന്നത് ദൗര്‍ഭാഗ്യകരം; സി.ബി.ഐയെ സ്വാഗതം ചെയ്ത് മനീഷ് സിസോദിയ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 19th August 2022, 4:25 pm

ന്യൂദല്‍ഹി: മികച്ച വിദ്യാഭ്യാസ മന്ത്രിയായി മനീഷ് സിസോദിയയെ പ്രഖ്യാപിച്ച ദിവസം തന്നെ സി.ബി.ഐ റെയ്ഡ് നടത്തിയത് മനപ്പൂര്‍വമെന്ന് ദല്‍ഹി മുഖ്യമന്ത്രിയും ആം ആദ്മി പാര്‍ട്ടി നേതാവുമായ അരവിന്ദ് കെജ്‌രിവാള്‍. സിസോദിയക്കെതിരെ ഇത് ആദ്യ റെയ്ഡല്ലെന്നും കെജ്‌രിവാള്‍ പറഞ്ഞു.

‘കഴിഞ്ഞ ഏഴ് വര്‍ഷത്തിനിടയില്‍ മനീഷ് സിസോദിയക്കെതിരെ നിരവധി റെയ്ഡുകള്‍ നടന്നിട്ടുണ്ട്. നിരവധി കള്ളക്കേസുകള്‍ അദ്ദേഹത്തിനെതിരെ ചുമത്തിയിട്ടുണ്ട്. തനിക്കെതിരെയും ബി.ജെ.പി സര്‍ക്കാര്‍ റെയ്ഡുകള്‍ നടത്തി. സത്യേന്ദര്‍ ജെയിനിനെതിരെയും, കൈലാഷ് ഗെലോട്ടിനെതിരെയും ഇത്തരത്തില്‍ റെയ്ഡുകളും കേസുകളും ചുമത്തിയിട്ടുണ്ട്. പക്ഷേ അവര്‍ക്ക് ഒന്നും തന്നെ ഞങ്ങളില്‍ നിന്നും കണ്ടെത്താനായിട്ടില്ല. അവര്‍ക്ക് ഇപ്പോഴും ഒന്നും ലഭിക്കില്ല,’ കെജ്‌രിവാള്‍ പറഞ്ഞു.

‘തടസ്സങ്ങള്‍ ഉണ്ടാകും എന്നറിയാം, പക്ഷേ ഞങ്ങള്‍ ഞങ്ങളുടെ ദൗത്യത്തില്‍ നിന്നും പിന്നോട്ടു പോകില്ല,’ അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

അതേസമയം ഗൂഢാലോചനകള്‍ തന്നെ തകര്‍ക്കുകയോ തന്റെ പ്രവര്‍ത്തനങ്ങളെ ബാധിക്കുകയോ ചെയ്യില്ലെന്ന് മനീഷ് സിസോദിയ വ്യക്തമാക്കി. നല്ല വിദ്യാഭ്യാസത്തിനായി തുടര്‍ന്നും പ്രവര്‍ത്തിക്കാനുള്ള തന്റെ ദൃഢനിശ്ചയത്തെ ഇത്തരം സംഭവങ്ങള്‍ തടയില്ലെന്നും ദല്‍ഹി ഉപമുഖ്യമന്ത്രി കൂടിയായ മനീഷ് സിസോദിയ പറഞ്ഞു.

സി.ബി.ഐയെ താന്‍ സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു. സിസോദിയയുടെ വസതിക്ക് പുറമെ ഐ.എ.എസ് ഓഫീസര്‍ ആരവ ഗോപി കൃഷ്ണയുടെ വസതിയിലും സി.ബി.ഐ റെയ്ഡ് നടത്തിയിരുന്നു. ഇതിന് പുറമെ മറ്റ് 19 സ്ഥലങ്ങളിലും സി.ബി.ഐ റെയ്ഡ് നടത്തിയതായാണ് റിപ്പോര്‍ട്ട്.

‘രാജ്യത്തിന് വേണ്ടി നല്ലതു ചെയ്യുന്നവരെ ഇത്തരത്തില്‍ ഉപദ്രവിക്കുന്നത് ദൗര്‍ഭാഗ്യകരമാണ്. ഇതുകൊണ്ടൊക്കെ തന്നെയാണ് നമ്മുടെ രാജ്യത്തിന് ഒന്നാം സ്ഥാനത്തെത്താന്‍ കഴിയാത്തത്,’ സിസോദിയ പറഞ്ഞു.

അന്വേഷണത്തോട് പൂര്‍ണമായും സഹകരിക്കുമെന്നും സത്യം അതോടെ വേഗം പുറത്തുവരട്ടെയെന്നും അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

‘അന്വേഷണവുമായി പൂര്‍ണയായും സഹകരിക്കും. ഇതുവരെ എനിക്കെതിരെ ധാരാളം കേസുകളുണ്ട്. ഒന്നും തെളിയിക്കപ്പെട്ടിട്ടില്ല. ഈ കേസിലും പ്രത്യേകിച്ച് ഒന്നും അവര്‍ കണ്ടെത്താന്‍ പോകുന്നില്ല. നല്ല വിദ്യാഭ്യാസത്തിന് വേണ്ടി ഈ രാജ്യത്ത് ഞാന്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ ഇനിയും തുടരുക തന്നെ ചെയ്യും,’ അദ്ദേഹം ട്വിറ്ററില്‍ കുറിച്ചു.

ദല്‍ഹിയില്‍ നടക്കുന്ന മികച്ച പ്രവര്‍ത്തനങ്ങളാണ് ബി.ജെ.പി സര്‍ക്കാരിനെ ഇത്രയധികം അസ്വസ്ഥപ്പെടുത്തുന്നത്. ദല്‍ഹിയിലെ വിദ്യഭ്യാസ മേഖലയിലും ആരോഗ്യ മേഖലയിലും മികച്ച പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുണ്ട്. അതിന്റെ അമര്‍ഷമാണ് ഈ പ്രത്യേക വിഭാഗങ്ങളെ കേന്ദ്രീകരിച്ചുള്ള ആക്രമണങ്ങള്‍ക്ക് പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2021-22ലെ എക്സൈസ് നയം നടപ്പാക്കിയതിലെ ക്രമക്കേടുകളില്‍ സി.ബി.ഐ അന്വേഷണം നടത്തണമെന്ന് ദല്‍ഹി ലെഫ്റ്റനന്റ് ഗവര്‍ണര്‍ വി.കെ. സക്‌സേന ആവശ്യപ്പെട്ടിരുന്നു. സിസോദിയയും സംഭവത്തില്‍ സി.ബി.ഐ അന്വേഷണം വേണമെന്ന ആവശ്യം ഉന്നയിച്ചിരുന്നു.

Content Highlight: Manish sisodia says he welcomes CBI, investigation wont effect his works