മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്; നാല് മെയ്തി മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടു; വീണ്ടും കര്‍ഫ്യൂ
India
മണിപ്പൂരില്‍ വീണ്ടും വെടിവെപ്പ്; നാല് മെയ്തി മുസ്‌ലിങ്ങള്‍ കൊല്ലപ്പെട്ടു; വീണ്ടും കര്‍ഫ്യൂ
ഡൂള്‍ന്യൂസ് ഡെസ്‌ക്
Tuesday, 2nd January 2024, 12:53 pm

തൗബാല്‍: പുതുവത്സര ദിനത്തില്‍ മണിപ്പൂരില്‍ നടന്ന വെടിപ്പില്‍ നാല് പേര്‍ കൊല്ലപ്പെട്ടു. മണിപ്പൂരിലെ ഇംഫാല്‍ താഴ്വരയിലെ തൗബാല്‍ ജില്ലയിലെ മെയ്തി മുസ്ലിം ഭൂരിപക്ഷ മേഖലയായ ലിലോങിലാണ് അക്രമം നടന്നത്. നാലു പേരും സംഭവ സ്ഥലത്ത് തന്നെ കൊല്ലപ്പെട്ടു. കൂടാതെ അഞ്ചോളം ആളുകള്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു.

അക്രമികളെ ഇതുവരെയും തിരിച്ചറിയാന്‍ സാധിച്ചിട്ടില്ല. പി.ടി.ഐ നല്‍കുന്ന റിപ്പോര്‍ട്ട് പ്രകാരം തോക്കുമായി എത്തിയ അക്രമികള്‍ പ്രദേശവാസികള്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. അക്രമികളുടെ വാഹനം പ്രദേശവാസികള്‍ കത്തിച്ചു.

ആക്രമണത്തിന് ശേഷം ഇംഫാല്‍ വെസ്റ്റ്, ഇംഫാല്‍ ഈസ്റ്റ്, തൗബാല്‍, കാക്ചിങ്, ബിഷ്ണുപുര്‍ ജില്ലകളികളില്‍ കര്‍ഫ്യൂ പുനഃസ്ഥാപിച്ചു. സംഘര്‍ഷം കുറഞ്ഞ സാഹചര്യത്തില്‍ ഇവിടങ്ങളില്‍ ഇളവ് അനുവദിച്ചിരുന്നു. ആരോഗ്യ മേഖല, വാര്‍ത്ത മാധ്യമങ്ങള്‍ തുടങ്ങിയ അവശ്യ മേഖലകളെ കര്‍ഫ്യൂയില്‍ നിന്നും ഒഴിവാക്കിയിട്ടുണ്ട്.

അക്രമത്തില്‍ അപലപിച്ച മണിപ്പൂര്‍ മുഖ്യമന്ത്രി എന്‍ ബിരെന്‍ സിങ്, ജനങ്ങള്‍ ശാന്തത പാലിക്കണമെന്നും, അക്രമികളെ ഉടന്‍ പിടികൂടി നിയമത്തിന് മുന്നില്‍ കൊണ്ടുവരുമെന്നും വീഡിയോ സന്ദേശം വഴി അറിയിച്ചു.

ശനിയാഴ്ച്ച വൈകുന്നേരം മണിപ്പൂരിലെ മൊറെ നഗരത്തില്‍ അക്രമകാരികളുമായുള്ള ഏറ്റുമുട്ടലില്‍ നാലു പൊലീസ് കമാന്‍ഡോകള്‍ക്ക് പരിക്കേറ്റിരുന്നു. പട്ടാളക്യാമ്പിലുണ്ടായിരുന്ന കമാന്‍ഡോകള്‍ക്ക് നേരെ ആയിരുന്നു ആക്രമണം. കൂടാതെ ഇതേ ദിവസം വൈകുന്നേരം ഇംഫാല്‍-മൊറെ ഹൈ വെയില്‍ സഞ്ചരിച്ചിരുന്ന പൊലീസ് കമാന്‍ഡോ വാഹനത്തിന് നേരെയും മറ്റൊരു സംഘം അക്രമികളുടെ ശക്തമായ വെടിവെപ്പ് ഉണ്ടായി.

കഴിഞ്ഞ മെയ് മാസത്തില്‍ തുടങ്ങിയ മണിപ്പൂര്‍ കലാപത്തില്‍ ഇതുവരെ 200 ഓളം പേര്‍ കൊല്ലപ്പെടുകയും 60000 ല്‍ അധികം ആളുകളെ മാറ്റി പാര്‍പ്പിക്കുകയും ചെയ്തിട്ടുണ്ട്.

Content Highlight: Manipur violence: 3 people shot dead in Thoubal on New Year’s day, curfew reimposed