മണിപ്പൂരില്‍ സംഘര്‍ഷമൊഴിയുന്നു; കുക്കികളുടെ നിയന്ത്രണത്തിലായിരുന്ന പാതയില്‍ ഗതാഗതത്തിന് അനുമതി
India
മണിപ്പൂരില്‍ സംഘര്‍ഷമൊഴിയുന്നു; കുക്കികളുടെ നിയന്ത്രണത്തിലായിരുന്ന പാതയില്‍ ഗതാഗതത്തിന് അനുമതി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 5th September 2025, 11:36 am

ന്യൂദല്‍ഹി: യാത്രക്കാര്‍ക്കും ചരക്ക് നീക്കത്തിനുമായി ദേശീയപാത 2 വീണ്ടും തുറക്കാന്‍ അംഗീകാരം നല്‍കി കുക്കി-സോ കൗണ്‍സില്‍. ആഭ്യന്തര മന്ത്രാലവുമായുള്ള ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം.

അസമിലെ ദിബ്രുഗഡിനെയും വടക്കുകിഴക്കന്‍ മേഖലയിലെ മിസോറാമിലെ തുയിപാങ്ങിനെയും ബന്ധിപ്പിക്കുന്ന എന്‍.എച്ച് 2വിനാണ് വീണ്ടും തുറക്കാനായി അംഗീകാരം നല്‍കിയത്.

‘യാത്രക്കാരുടെയും അവശ്യവസ്തുക്കളുടെയും സ്വതന്ത്ര സഞ്ചാരത്തിനായി ദേശീയപാത 2 തുറക്കാന്‍ കുക്കി- സോ കൗണ്‍സില്‍ ഇന്ന് തീരുമാനിച്ചു. കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ന്യൂദല്‍ഹിയില്‍ ആഭ്യന്തര മന്ത്രാലയത്തിലെ ഉദ്യോഗസ്ഥരും സായുധ ഗ്രൂപ്പുകളെ പ്രതിനിധീകരിച്ച് കുക്കി-സോ കൗണ്‍സിലും നടത്തിയ ചര്‍ച്ചകള്‍ക്ക് ശേഷമാണ് തീരുമാനം’ വ്യാഴാഴ്ച ഇറക്കിയ പ്രസ്താവനയില്‍ ആഭ്യന്തര മന്ത്രാലയം അറിയിച്ചു.

കേന്ദ്ര സംസ്ഥാന സര്‍ക്കാരുകളും കുക്കികളും 2008 ല്‍ ഒപ്പുവെച്ച കരാറിനാണ് വീണ്ടും അംഗീകാരം നല്‍കിയത്. 2023 മെയ് മാസം മണിപ്പൂരില്‍ പൊട്ടിപ്പുറപ്പെട്ട വംശീയകലാപത്തിനു പിന്നാലെ കരാര്‍ മരവിപ്പിച്ചിരുന്നു.

ദേശീയപാത വഴി മെയ്തി വിഭാഗങ്ങളെ സഞ്ചരിക്കാന്‍ കുക്കികള്‍ അനുവദിച്ചിരുന്നില്ല. കരാര്‍ നിലവില്‍ വന്നതിനാല്‍ ദേശീയപാത ഉടനെ തുറന്നു കൊടുക്കും.

മെയ്തി ഗ്രൂപ്പുകള്‍ സംസ്ഥാനത്തെ അശാന്തിയെക്കുറിച്ച് മുന്നറിയിപ്പ് നല്‍കുകയും കുക്കി സംഘടനകള്‍ കരാര്‍ ഒപ്പുവെച്ചതിനെ സ്വാഗതം ചെയ്യുകയും ചെയ്തു.

പുനരാലോചന നടത്തിയ നിബന്ധനകളും വ്യവസ്ഥകളും സംബന്ധിച്ച പുതിയ കരാര്‍ ഒരു വര്‍ഷത്തേക്ക് പ്രാബല്യത്തില്‍ ഉണ്ടായിരിക്കുമെന്ന് ആഭ്യന്തര മന്ത്രാലയം പ്രസ്താവനയില്‍ പറയുന്നു.

അതേസമയം, പ്രധാനമന്ത്രി നരേന്ദ്രമോദി ഈ മാസം 13 ന് മണിപ്പൂര്‍ സന്ദര്‍ശിക്കും.

Content Highlight: Manipur; Traffic allowed on road previously controlled by Kukis