തട്ടത്തില്‍ നായകന് മുമ്പ് കാസ്റ്റ് ചെയ്തത് എന്നെ; അന്ന് നിവിന്‍ പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്: മണിക്കുട്ടന്‍
Malayalam Cinema
തട്ടത്തില്‍ നായകന് മുമ്പ് കാസ്റ്റ് ചെയ്തത് എന്നെ; അന്ന് നിവിന്‍ പറഞ്ഞത് ഇന്നും ഓര്‍മയുണ്ട്: മണിക്കുട്ടന്‍
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 9th July 2025, 7:21 am

സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് മണിക്കുട്ടന്‍. 1999ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ 2004ല്‍ കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാകുന്നത്.

2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് മണിക്കുട്ടന്‍ സിനിമയില്‍ നായകനായി എത്തുന്നത്. സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ (സി.സി.എല്‍) കേരള സ്ട്രൈക്കേഴ്സ് ടീമിന്റെ ഭാഗമായിരുന്ന നടന്‍ 2021ല്‍ ബിഗ് ബോസ് റിയാലിറ്റി ഷോയുടെ മൂന്നാം സീസണിലും പങ്കെടുത്തിരുന്നു.

വിനീത് ശ്രീനിവാസന്‍ സംവിധാനം ചെയ്ത തട്ടത്തിന്‍ മറയത്ത് എന്ന ചിത്രത്തിലും മണിക്കുട്ടന്‍ അഭിനയിച്ചിട്ടുണ്ട്. ആ സിനിമയില്‍ നിവിന്‍ പോളിയായിരുന്നു നായകനായി എത്തിയത്. സി.സി.എല്ലിലും മണിക്കുട്ടനും നിവിനും ഒരുമിച്ച് ഉണ്ടായിരുന്നു.

ഇപ്പോള്‍ നിവിന്‍ പോളിയെ കുറിച്ച് പറയുകയാണ് മണിക്കുട്ടന്‍. നിവിനേക്കാള്‍ മുമ്പ് തട്ടത്തിന്‍ മറയത്ത് സിനിമയില്‍ തന്നെയായിരുന്നു കാസ്റ്റ് ചെയ്തിരുന്നത് എന്നാണ് നടന്‍ പറയുന്നത്. ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.

തട്ടത്തിന്‍ മറത്തില്‍ എന്നെയാണ് ആദ്യം കാസ്റ്റ് ചെയ്തത്. ആ സമയത്ത് നായകനെ കാസ്റ്റ് ചെയ്തിരുന്നില്ല. നിവിനോട് അതിന്റെ ഇടയില്‍ ഞാന്‍ സംസാരിക്കാറുണ്ടായിരുന്നു. ‘മണി എനിക്ക് അടുത്ത സിനിമ ഗംഭീരമായി ചെയ്യണം’ എന്നായിരുന്നു അന്ന് നിവിന്‍ എന്നോട് പറഞ്ഞത്.

‘ഞാനിങ്ങനെ നോക്കി കൊണ്ടിരിക്കുകയാണ്’ എന്നും നിവിന്‍ പറഞ്ഞു. അതൊക്കെ ഇന്നും എനിക്ക് ഓര്‍മയുണ്ട്. കുറച്ചു ദിവസം കഴിഞ്ഞതും തട്ടത്തിന്‍ മറയത്ത് സിനിമയില്‍ നിവിന്‍ നായകനായി വന്നു. ആ സമയത്ത് നിവിന്റെ കാര്യങ്ങളൊക്കെ ഞാനും നന്നായി അറിയാറുണ്ട്.

ഇപ്പോള്‍ പിന്നെ ഞങ്ങള്‍ തമ്മില്‍ അധികം കാണാനും സംസാരിക്കാനും സമയം കിട്ടാറില്ല. നിവിനും നല്ല തിരക്കിലാണ്. സി.സി.എല്‍ നടക്കുന്ന സമയത്ത് ഞങ്ങള്‍ ഒരേ റൂം ഷെയര്‍ ചെയ്തിരുന്നു,’ മണിക്കുട്ടന്‍ പറയുന്നു.


Content Highlight: Manikuttan Talks About Thattathin Marayathu And Nivin Pauly