സിനിമാപ്രേമികള്‍ക്ക് ഏറെ പരിചിതനായ നടനാണ് മണിക്കുട്ടന്‍. 1999ല്‍ വര്‍ണ്ണച്ചിറകുകള്‍ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അദ്ദേഹം തന്റെ കരിയര്‍ ആരംഭിക്കുന്നത്. എന്നാല്‍ കായംകുളം കൊച്ചുണ്ണി എന്ന ടെലിവിഷന്‍ പരമ്പരയിലൂടെയാണ് അദ്ദേഹം മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ടവനാകുന്നത്.
2005ല്‍ വിനയന്‍ സംവിധാനം ചെയ്ത് പുറത്തിറങ്ങിയ ബോയ് ഫ്രണ്ട് എന്ന ചിത്രത്തിലൂടെയാണ് സിനിമയില്‍ നായകനായി എത്തുന്നത്. മണിക്കുട്ടന് പുറമെ ലക്ഷ്മി ഗോപാലസ്വാമി, ഹണി റോസ്, ശ്രീനിവാസന്‍, മുകേഷ്, ജഗദീഷ് തുടങ്ങി മികച്ച താരനിരയായിരുന്നു ഒന്നിച്ചത്.
മണിക്കുട്ടന്‍ അവതരിപ്പിച്ച രമേഷ് എന്ന കഥാപാത്രത്തിന്റെ അമ്മയായിട്ടാണ് ലക്ഷ്മി ഗോപാലസ്വാമി ഈ സിനിമയില്‍ അഭിനയിച്ചത്. ഇപ്പോള്‍ ക്യൂ സ്റ്റുഡിയോക്ക് നല്‍കിയ അഭിമുഖത്തില്‍ ലക്ഷ്മി ഗോപാലസ്വാമിയെ കുറിച്ച് പറയുകയാണ് മണിക്കുട്ടന്‍.
‘ഞങ്ങള്‍ ഇപ്പോഴും കമ്പനിയാണ്. എന്റെ അമ്മയായി അഭിനയിച്ചെങ്കിലും ഞാന്‍ ലക്ഷ്മി എന്നാണ് വിളിക്കുന്നത്. ലക്ഷ്മി ആഗ്രഹിക്കുന്നത് ഞാന്‍ അങ്ങനെ തന്നെ വിളിക്കാനാണ്. ഞങ്ങള്‍ ഈയിടെ ഒരു ചാനല്‍ ഷോയില്‍ കണ്ടിരുന്നു.
ബോയ്ഫ്രണ്ട് സിനിമയിലൂടെ എനിക്ക് ക്ലാസിക്കല്‍ ഡാന്‍സ് ആദ്യമായി പറഞ്ഞു തന്നതും ലക്ഷ്മി തന്നെയാണ്. ‘പഞ്ചാരയുമ്മ തരാം’ എന്ന പാട്ടിന് വേണ്ടി ആയിരുന്നു അത്. ബോയ്ഫ്രണ്ട് സിനിമയുടെ കൊറിയോഗ്രാഫിക്ക് വേണ്ടി മാസ്റ്റര്‍ ഉണ്ടായിരുന്നു.
പക്ഷെ ക്ലാസിക്കല്‍ ഡാന്‍സ് എന്നെ പഠിപ്പിച്ചു തന്നത് ലക്ഷ്മിയാണ്. വളരെ ക്രൗഡുള്ള സ്ഥലത്തായിരുന്നു ഷൂട്ടിങ്ങ് നടത്തിയത്. അതുപോലെ വളരെ പെട്ടെന്ന് ആ സീന്‍ ഷൂട്ട് ചെയ്യുകയും വേണമായിരുന്നു. കടപ്പുറത്ത് വെച്ചായിരുന്നു ഷൂട്ടിങ് നടന്നത്.
പെട്ടെന്ന് ഷൂട്ട് ചെയ്യാനുള്ളത് കാരണം ലക്ഷ്മി വേഗം പറഞ്ഞു തന്നു. അങ്ങനെയാണ് ആ ഡാന്‍സ് പഠിച്ചത്. അത് തന്നെയാണ് ലക്ഷ്മി ഗോപാലസ്വാമി എന്ന നടിയെ കുറിച്ച് ഓര്‍ക്കുമ്പോഴുള്ള ബെസ്റ്റ് മെമ്മറി,’ മണിക്കുട്ടന്‍ പറയുന്നു.
Content Highlight: Manikuttan Talks About Lakshmi Gopalaswami And Boy Friend Movie