വലിയ ഹൈപ്പില്‍ ഞാന്‍ കൊണ്ടുവന്ന ബിനീഷിനെ തലങ്ങും വിലങ്ങും സിക്‌സറടിച്ചു, ലാലേട്ടന്‍ അപ്പോള്‍ ചോദിച്ച ചോദ്യം ഒരിക്കലും മറക്കില്ല: മണിക്കുട്ടന്‍
Malayalam Cinema
വലിയ ഹൈപ്പില്‍ ഞാന്‍ കൊണ്ടുവന്ന ബിനീഷിനെ തലങ്ങും വിലങ്ങും സിക്‌സറടിച്ചു, ലാലേട്ടന്‍ അപ്പോള്‍ ചോദിച്ച ചോദ്യം ഒരിക്കലും മറക്കില്ല: മണിക്കുട്ടന്‍
അമര്‍നാഥ് എം.
Tuesday, 10th March 2026, 5:53 pm

സീരിയലിലൂടെ സിനിമാലോകത്തേക്കെത്തിയ നടനാണ് മണിക്കുട്ടന്‍. കായംകുളം കൊച്ചുണ്ണി എന്ന സീരിയല്‍ മണിക്കുട്ടന് നല്‍കിയ മൈലേജ് ചെറുതല്ലായിരുന്നു. പിന്നീട് നിരവധി സിനിമകളില്‍ ചെറുതും വലുതുമായ വേഷങ്ങള്‍ മണിക്കുട്ടനെ തേടിയെത്തി. ടെലിവിഷന്‍ റിയാലിറ്റി ഷോയായ ബിഗ് ബോസില്‍ വിജയിയായതും താരത്തിന്റെ കരിയറിലെ നേട്ടങ്ങളിലൊന്നാണ്.

സിനിമാതാരങ്ങളുടെ ക്രിക്കറ്റ് ടീമായ കേരള സ്‌ട്രൈക്കേഴ്‌സിന്റെ ആദ്യ സീസണുകളില്‍ മണിക്കുട്ടനും പ്രധാന പ്ലെയറായിരുന്നു. സി.സി.എല്ലില്‍ മോഹന്‍ലാലിനൊപ്പമുള്ള ഓര്‍മകള്‍ പങ്കുവെക്കുകയാണ് മണിക്കുട്ടന്‍. മോഹന്‍ലാല്‍ ക്യാപ്റ്റനായ ആദ്യസീസണില്‍ എല്ലാവരും ആ ടീമിന്റെ കാര്യത്തില്‍ എക്‌സൈറ്റഡായിരുന്നെന്നും എന്നാല്‍ ആ സീസണില്‍ ടീമിന് വലിയ നേട്ടമുണ്ടാക്കാന്‍ സാധിച്ചില്ലെന്നും മണിക്കുട്ടന്‍ പറഞ്ഞു.

രണ്ടാമത്തെ മത്സരത്തില്‍ എതിര്‍ ടീമിന്റെ ബാറ്റിങ്ങിനിടയില്‍ മറക്കാനാകാത്ത അനുഭവമുണ്ടായെന്നും താരം കൂട്ടിച്ചേര്‍ത്തു. ഒരുപാട് നേരമായിട്ടും വിക്കറ്റൊന്നും എടുക്കാനായില്ലെന്നും റണ്‍സ് കൂടുകയായിരുന്നെന്നും മണിക്കുട്ടന്‍ പറഞ്ഞു. ആ സമയത്ത് താന്‍ മോഹന്‍ലാലിന് ഒരു നിര്‍ദേശം നല്‍കിയെന്നും താരം പറയുന്നു. മൈല്‍സ്റ്റോണ്‍ മേക്കേഴ്‌സിനോട് സംസാരിക്കുകയായിരുന്നു മണിക്കുട്ടന്‍.

‘വരുന്ന എല്ലാവര്‍ക്കും നല്ല അടി കിട്ടുന്നുണ്ട്. ഒരു ബ്രേക്ക്ത്രൂ വേണ്ട അവസ്ഥയാണ്. അപ്പോള്‍ ഞാന്‍ ലാലേട്ടനോട് ‘നമുക്ക് ബൗളറെ മാറ്റാം, ബിനീഷിനെ കൊണ്ടുവരാം, അവന്‍ വിചാരിച്ചാല്‍ ബ്രേക്ക്ത്രൂ കിട്ടും’ എന്ന് പറഞ്ഞു. കാരണം ആ സമയത്ത് ക്രിക്കറ്റിനെക്കുറിച്ച് അത്യാവശ്യം അറിവുള്ള ആള് ബിനീഷായിരുന്നു. എന്തെങ്കിലുമൊക്കെ മാജിക് ബിനീഷ് ചെയ്യുമെന്ന് കരുതി. അവന്‍ വന്ന് ആദ്യത്തെ ബോളെറിഞ്ഞതും അത് സിക്‌സടിച്ചു.

രണ്ടാമത്തെയും മൂന്നാമത്തെയും ബോളും സിക്‌സടിച്ചു വിട്ടു. ഞാനും ലാലേട്ടനും അടുത്തടുത്തായിരുന്നു ഫീല്‍ഡ് ചെയ്തത്. ഞാനാണെങ്കില്‍ സിക്‌സ് പോകുന്നത് കണ്ട് തിരിഞ്ഞതും ലാലേട്ടന്‍ എന്നെത്തന്നെ നോക്കുന്നു. പുള്ളി എന്നോട് ‘ഇതാണോ മോനേ നീ കിട്ടും എന്ന് പറഞ്ഞത്. ഇത്രക്ക് പ്രതീക്ഷിച്ചില്ല’ എന്ന് പറഞ്ഞു. ഒരിക്കലും മറക്കാത്ത അനുഭവമായിരുന്നു അത്,’ മണിക്കുട്ടന്‍ പറയുന്നു.

ആ സമയത്ത് മികച്ച ക്യാച്ചിന് പുരസ്‌കാരം ലഭിക്കുമായിരുന്നെന്നും മണിക്കുട്ടന്‍ പറഞ്ഞു. കാര്‍ബണ്‍ മൊബൈല്‍സായിരുന്നു ആ സമയത്ത് അവാര്‍ഡ് തന്നിരുന്നതെന്നും തനിക്ക് അഞ്ച് മൊബൈലുകള്‍ വരെ കിട്ടിയിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. എന്നാല്‍ അവാര്‍ഡ് വാങ്ങിയ ശേഷം ഇംഗ്ലീഷില്‍ സംസാരിക്കേണ്ടി വന്നെന്നും അത് ട്രോളിന് വകുപ്പ് നല്‍കിയെന്നും മണിക്കുട്ടന്‍ പറഞ്ഞു.

‘അവാര്‍ഡ് കിട്ടിയാല്‍ ഇംഗ്ലീഷില്‍ സംസാരിക്കേണ്ടി വരുമെന്ന് അന്ന് മനസിലായി. എനിക്കാണെങ്കില്‍ ഇംഗ്ലീഷ് അത്ര ഫ്‌ളുവെന്റല്ലായിരുന്നു. പിന്നീട് ഒരു മാച്ചിലും ഞാന്‍ ക്യാച്ചെടുക്കാതായി. കാരണം, ക്യാച്ചെടുത്താല്‍ ഇംഗ്ലീഷ് പറയേണ്ടി വരും,’ മണിക്കുട്ടന്‍ പറയുന്നു.

Content Highlight: Manikkuttan shares the memories of CCL match with Mohanlal

സിനിമാലോകം ഇനി നിങ്ങളുടെ വാട്സ്ആപ്പിലും. അം​ഗമാകാം MOVIE DAY വാട്സ്ആപ്പ് ചാനലിൽ

അമര്‍നാഥ് എം.
ഡൂള്‍ന്യൂസ് സബ് എഡിറ്റര്‍ ട്രെയ്‌നി. കാലിക്കറ്റ് യൂണിവേഴ്‌സിറ്റിയില്‍ നിന്നും മാസ് കമ്മ്യൂണിക്കേഷനില്‍ ബിരുദാനന്തര ബിരുദം