ഉലക 'നായകന്‍' വീണ്ടും വരുന്നു; കമല്‍ഹാസന്‍-മണിരത്‌നം ചിത്രം റീ റിലീസിനൊരുങ്ങുന്നു
Indian Cinema
ഉലക 'നായകന്‍' വീണ്ടും വരുന്നു; കമല്‍ഹാസന്‍-മണിരത്‌നം ചിത്രം റീ റിലീസിനൊരുങ്ങുന്നു
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 30th October 2025, 9:42 pm

മണിരത്‌നം കമല്‍ഹാനസന്‍ കൂട്ടുക്കെട്ടില്‍ പിറന്ന ഹിറ്റ് ചിത്രം നായകന്‍ 38 വര്‍ഷത്തിന് ശേഷം റീ റിലീസിനൊരുങ്ങുന്നു. നവംബര്‍ ആറിന് വേള്‍ഡ് വൈഡായി സിനിമ റിലീസ് ചെയ്യും. 1987ല്‍ പുറത്തിറങ്ങിയ ഈ ചിത്രം മണിരത്‌നത്തിന്റെ ക്ലാസിക്കുകളിലൊന്നയാണ് കണക്കാക്കപ്പെടുന്നത്. 4kയായാണ് ചിത്രം റീ റിലീസ് ചെയ്യുക. രഞ്ജിത്ത് മോഹന്‍ ഫിലിംസ് ആണ് നായകന്‍ കേരളത്തില്‍ വിതരണം ചെയ്യുന്നത്.

പിതാവിന്റെ കൊലപാതകത്തിന് പ്രതികാരം ചെയ്ത ശേഷം മുംബൈയിലെത്തി അധോലോക നായകനായി മാറിയ വേലുനായ്ക്കര്‍ എന്ന കഥാപാത്രത്തെയാണ് നായകനില്‍ കമല്‍ അവതരിപ്പിച്ചത്. സിനിമയിലെ പ്രകടനത്തിന് മികച്ച നടനുള്ള ദേശീയ പുരസ്‌കാരം അദ്ദേഹം സ്വന്തമാക്കിയിരുന്നു. പി.സി ശ്രീരാം മികച്ച ഛായാഗ്രാഹകനുള്ള അവാര്‍ഡ് നേടുകയും ചെയ്തു. ദേശീയ അവാര്‍ഡുകള്‍ സ്വന്തമാക്കിയതിന് പിന്നാലെ നായകന്‍ ഓസ്‌കറിനുള്ള ഇന്ത്യയുടെ ഔദ്യോഗിക എന്‍ട്രിയായും തെരഞ്ഞെടുക്കപ്പെട്ടിരുന്നു.

ബാലകുമാരനുമായി ചേര്‍ന്ന് മണിരത്നം തിരക്കഥ ഒരുക്കിയ ചിത്രം ബോക്‌സ് ഓഫീസില്‍ വിജയം നേടുകയും നിരൂപക പ്രശംസകള്‍ ഏറ്റുവാങ്ങുകയും ചെയ്തു. ഇളയരാജയാണ് ചിത്രത്തിന്റെ സംഗീത സംവിധാനം നിര്‍വഹിച്ചിരിക്കുന്നത്. സിനിമയില്‍ കമല്‍ ഹാസന് പുറമെ ശരണ്യ, കാര്‍ത്തിക, ഡല്‍ഹി ഗണേഷ്, നാസര്‍ തുടങ്ങിയവരും പ്രധാന വേഷങ്ങളിലെത്തിയിരുന്നു.

സുജാത ഫിലിംസ് മുക്ത ഫിലിംസ് എന്നീ ബാനറുകളില്‍ മുക്ത വി രാമസ്വാമി, മുക്ത ശ്രീനിവാസന്‍, ജി വെങ്കിടേശ്വരന്‍ എന്നിവര്‍ ചേര്‍ന്നാണ് സിനിമ നിര്‍മിച്ചിരിക്കുന്നത്. ബി. ലെനിനും വി.ടി വിജയനുമാണ് ചിത്രത്തിന്റെ എഡിറ്റിങ് കൈകാര്യം ചെയ്തിരിക്കുന്നത്.

Content highlight: Mani Ratnam Kamal Haasan’s Nayakan re-release date out