2014 ലെ മികച്ച കണ്ടുപിടുത്തങ്ങള്‍; ടൈം മാഗസിന്‍ പട്ടികയില്‍ മംഗള്‍യാനും
Daily News
2014 ലെ മികച്ച കണ്ടുപിടുത്തങ്ങള്‍; ടൈം മാഗസിന്‍ പട്ടികയില്‍ മംഗള്‍യാനും
ഡൂള്‍ന്യൂസ് ഡെസ്‌ക്
Friday, 21st November 2014, 2:50 pm

Mars_Orbiter_Mission_Mangalyaan_ISRO_650
ന്യൂയോര്‍ക്ക്:  ലോകപ്രശസ്ത മാഗസിനായ ടൈമിന്റെ 2014ലെ മികച്ച കണ്ടുപിടുത്തങ്ങളുടെ പട്ടികയില്‍ മംഗള്‍യാന്‍ ഇടം നേടി. ഈ വര്‍ഷത്തെ മികച്ച 25 കണ്ടുപിടുത്തങ്ങളുടെ പട്ടികയിലാണ് രാജ്യത്തിന്റെ അഭിമാനമായിമാറിയ മംഗള്‍യാന്‍ സ്ഥാനം കണ്ടെത്തിയത്.

ആദ്യ ശ്രമത്തില്‍ ഒരു രാജ്യത്തിന്റെയും ചൊവ്വാ ദൗത്യം വിജയിച്ചിട്ടില്ല. പക്ഷെ സെപ്റ്റംബര്‍ 24ന് ഇന്ത്യക്കിത് സാധിച്ചു. മംഗള്‍യാന്റെ നേട്ടത്തെ വിലയിരുത്തികൊണ്ട് ടൈം പറയുന്നു. മംഗള്‍യാനെ “സൂപ്പര്‍ സ്മാര്‍ട്ട് സ്‌പേസ് ക്രാഫ്റ്റ്” എന്നാണ് മാഗസിന്‍ വിളിക്കുന്നത്.

ഐ.എസ്.ആര്‍.ഒ മംഗള്‍യാന്‍ നിര്‍മിച്ചത് കേവലം 74 മില്ല്യന്‍ യു.എസ് ഡോളര്‍ കൊണ്ടാണെന്നും സയന്‍സ് ഫിക്ഷന്‍ സിനിമയായ “ഗ്രാവിറ്റി”യുടെ നിര്‍മാണത്തിനായി ഇതിലധികം പണം ചിലവഴിച്ചിട്ടുണ്ടെന്നും മാഗസിന്‍ വിലയിരുത്തുന്നു. മംഗള്‍യാന്റെ വിക്ഷേപണം രാജ്യത്തിന്റെ ബഹിരാകാശ പദ്ധതികള്‍ക്കും ശാസ്ത്രത്തിന് പൊതുവിലും നല്ല കാര്യങ്ങള്‍ വന്ന് ഭവിക്കുന്നതിനുള്ള സൂചനയാണെന്നും വിലയിരുത്തപെടുന്നു.

മംഗള്‍യാനെ കൂടാതെ ഭാരതീയരായ രണ്ട് ശാസ്ത്രജ്ഞരുടെ കണ്ടു പിടുത്തങ്ങളും പട്ടികയില്‍ ഉള്‍പെട്ടിട്ടുണ്ട്. നളിനി നട്കര്‍നി എന്ന കോളേജ് പ്രഫസര്‍ ഏകാന്ത തടവുകാരുടെ മാനസിക നില ക്രമീകരിക്കുന്നതിനായി വികസിപ്പിച്ചെടുത്ത “ബ്ലൂ റൂം”  എന്ന പദ്ധതിയും, ഗൂഗിളിലെ മുന്‍ എന്‍ജിനീയറായ പ്രമോദ് ശര്‍മ വികസിപ്പിച്ചെടുത്ത “ഓസ്‌മോ” എന്ന ടാബ്‌ലറ്റ് ടോയിയുമാണ് പട്ടികയില്‍ ഇടം നേടിയത്.