മംഗളൂരുവിലെ ആള്‍ക്കൂട്ടക്കൊല; മലയാളി യുവാവിന്റെ മരണത്തില്‍ നീതി തേടി കുടുംബം
Kerala News
മംഗളൂരുവിലെ ആള്‍ക്കൂട്ടക്കൊല; മലയാളി യുവാവിന്റെ മരണത്തില്‍ നീതി തേടി കുടുംബം
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 3rd May 2025, 10:07 am

കല്‍പ്പറ്റ: മംഗളൂരുവില്‍ ആള്‍ക്കൂട്ട കൊലപാതകത്തിനിരയായി മലയാളി കൊല്ലപ്പെട്ട സംഭവത്തില്‍ നീതി ആവശ്യപ്പെട്ട് കൊല്ലപ്പെട്ട അഷ്‌റഫിന്റെ മാതാപിതാക്കള്‍. നിരപരാധിയായ മകന്റെ മരണം ജീവിതകാലം മുഴുന്‍ ഒരു നോവായി തങ്ങളെ പിന്തുടരുമെന്ന് പറഞ്ഞ മാതാപിതാക്കള്‍ മകനെ കൊന്ന മുഴുവന്‍ ആളുകള്‍ക്കും തക്കതായ ശിക്ഷ ലഭിക്കണമെന്നും ആവശ്യപ്പെട്ടു.

മംഗളൂരുവിലെ സംഘപരിവാര്‍ പ്രവര്‍ത്തകരുടെ ആക്രമണത്തിലാണ് പുല്‍പ്പള്ളി മുച്ചിക്കാടന്‍ സ്വദേശി അഷ്‌റഫ് കൊല്ലപ്പെടുന്നത്. പുല്‍പ്പള്ളി ബസ് സ്റ്റാന്‍ഡിന് അടുത്ത് വര്‍ഷങ്ങളായി സ്റ്റേഷനറി കട നടത്തുന്ന ആളാണ് അഷ്‌റപിന്റെ പിതാവ് കുഞ്ഞിദ്കുട്ടി. റുഖിയയായാണ് മാതാവ്. ഒമ്പതാം ക്ലാസില്‍ പഠിക്കവെയാണ് അഷ്‌റഫിന് മാനസിക പ്രശ്നങ്ങള്‍ ഉണ്ടാകുന്നത്. ഇതോടെ പഠനം പാതിവഴിയില്‍ ഉപേക്ഷിച്ചു. രോഗമുക്തിക്കായി നിരവധി ആശുപത്രികളില്‍ ചികിത്സ തേടിയിരുന്നു. ഇക്കാരണത്താല്‍ പല നാടുകളിലായിരുന്നു പിന്നീട് ഇവരുടെ ജീവിതം.

മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടായിരുന്നെങ്കിലും എല്ലാവര്‍ക്കും എല്ല സഹായവും ചെയ്യുന്നയാളായിരുന്നു തങ്ങളുടെ മകനെന്ന് കുഞ്ഞിദ്കുട്ടിയും റുഖിയയും പറയുന്നു. അവന് ഒരു രാഷ്ട്രീയചായ്‌വ് ഉണ്ടായിരുന്നില്ലെന്നും പിതാവ് പറഞ്ഞു.

അഷ്‌റഫിന് ഇടയ്ക്കിടെ മാനസികാസ്വാസ്ഥ്യം ഉണ്ടാവാറുണ്ട്. രണ്ട് മാസം മുമ്പ് മറ്റാരുടെയോ ഫോണില്‍ നിന്നാണ് അവസാനമായി വീട്ടിലേക്ക് വിളിച്ചത്. ആക്രി വസ്തുക്കള്‍ പെറുക്കിയാണ് അഷ്‌റഫ് ജീവിച്ചിരുന്നത്. ഇതിനിടെയാണ് മരണം.

പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം വിളിച്ചെന്ന് ആരോപിച്ചാണ് അഷ്‌റഫിനെ സംഘപരിവാര്‍ അനുകൂലികള്‍ മര്‍ദിച്ച് കൊന്നതെന്നാണ് സൂചന. എന്നാല്‍ പൊലീസ് നടത്തിയ അന്വേഷണതത്തില്‍ അങ്ങനെയൊരു സംഭവം നടന്നതായി കണ്ടെകണ്ടെത്താന്‍ സാധിച്ചിട്ടില്ല. കുടുപ്പു എന്ന സ്ഥലത്ത് ക്ഷേത്രത്തിന് സമീപം നടന്ന ക്രിക്കറ്റ് മത്സരത്തിനിടെയാണ് മര്‍ദനമുണ്ടായത്. കഴിഞ്ഞ ഞായറാഴ്ച്ചയാണ് സംഭവം നടന്നത്. ഭത്ര കല്ലുര്‍ട്ടി ക്ഷേത്രത്തിന് സമീപത്തുള്ള മൈതാനത്ത് വെച്ചാണ് സംഭവം. മരിച്ചെന്ന് മനസിലാക്കിയതോടെ അഷ്‌റഫിന്റെ മൃതദേഹം മൈതാനത്ത് ഉപേക്ഷിച്ച് പ്രതികള്‍ രക്ഷപ്പെടുകയായിരുന്നു.

കൊലപാതകത്തിന് പിന്നില്‍ സംഘപരിവാറാണെന്നാണ് സി.പി.ഐ.എം ആരോപിച്ചിരുന്നു. സംഭവം നടന്ന കുടുപ്പുവിലെ ക്രിക്കറ്റ് ഗ്രൗണ്ട് ഹിന്ദു മൈതാനമെന്നാണ് അറിയപ്പെടുന്നതെന്നും അവിടെ മുസ്‌ലിം സമുദായക്കാര്‍ക്ക്ക്രിക്കറ്റ് കളിക്കാനോ പോകാനോ അനുമതിയില്ലെന്നും സി.പി.ഐ.എം ദക്ഷിണ കന്നഡ ജില്ല സെക്രട്ടറി മുനീര്‍ കട്ടിപ്പള്ള മാധ്യമങ്ങളോട് പറഞ്ഞിരുന്നു. പോസ്റ്റുമോര്‍ട്ടത്തില്‍ അഷ്‌റഫിന്റെ തലയ്ക്കും ദേഹത്തും ആഴത്തില്‍ മുറിവേറ്റതായി കണ്ടെത്തിയിരുന്നു.

വടി കൊണ്ട് അടിച്ചും ചവിട്ടിയും ഇടിച്ചുമാണ് യുവാവിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഏകദേശം 25ഓളം പേര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് പൊലീസ് സംശയിക്കുന്നത്. അന്വേഷണം പുരോഗമിക്കുകയാണ്.

Content Highlight: Mangaluru mob lynching: Family seeks justice in death of Malayali youth