എഡിറ്റര്‍
എഡിറ്റര്‍
മംഗളം ചാനല്‍ മേധാവി അജിത് കുമാറും സംഘവും ക്രൈംബ്രാഞ്ചിന് മുന്നില്‍ കീഴടങ്ങി; ഫോണും ലാപ്‌ടോപ്പും മോഷണം പോയെന്ന് പരാതി
എഡിറ്റര്‍
Tuesday 4th April 2017 10:56am

തിരുവനന്തപുരം: മുന്‍മന്ത്രി എ.കെ ശശീന്ദ്രന്റേതെന്ന പേരില്‍ മംഗളം ചാനല്‍ പുറത്തുവിട്ട ഫോണ്‍വിളി വിവാദത്തില്‍ ചാനല്‍ മേധാവി അജിത്ത്കുമാറടക്കമുള്ള എട്ട് പ്രതികള്‍ പൊലീസില്‍ കീഴടങ്ങി. തിരുവനന്തപുരത്തെ ക്രൈംബ്രാഞ്ച് ഓഫിസില്‍ എത്തിയാണ് ഇവര്‍ കീഴടങ്ങിയത്.

ഇവരെ അന്വേഷണ സംഘം ചോദ്യം ചെയ്യുകയാണ്. നേരത്തെ ഹാജരാകാന്‍ നോട്ടീസ് നല്‍കിയിരുന്നിട്ടും ഇവര്‍ ഹാജരായിരുന്നില്ല. അറസ്റ്റ് തടയണമെന്ന ഇവരുടെ ആവശ്യവും ഹൈക്കോടതി ഇന്നലെ തളളിയിരുന്നു. ഇതിന് പിന്നാലെയാണ് കീഴടങ്ങല്‍.

ഇതിനിടെ അന്വേഷണസംഘത്തിന് മുന്നില്‍ എത്തുന്നതിന് മുന്‍പായി തന്റെ ലാപ്ടോപ്പും മൊബൈല്‍ഫോണും മോഷണം പോയെന്ന് കാണിച്ച് ചാനല്‍മേധാവി അജിത്ത്കുമാര്‍ ഇന്നലെ രാത്രി തിരുവനന്തപുരം മ്യൂസിയം പൊലീസ് സ്റ്റേഷന് പരാതി നല്‍കിയിട്ടുണ്ട്.

അന്വേഷണ സംഘം ഇന്നലെയും ഓഫിസില്‍ പരിശോധന നടത്തിയിരുന്നു. ഇവിടെ നിന്നും സീല്‍ ചെയ്തെടുത്ത കംപ്യൂട്ടറും മറ്റുരേഖകളും ഇന്ന് ഫോറന്‍സിക് പരിശോധനയ്ക്കായി അയക്കും. ചാനലില്‍ നിന്നും രാജിവെച്ച രണ്ടു മാധ്യമപ്രവര്‍ത്തകരുടെയും എ.കെ ശശീന്ദ്രന്റെയും മൊഴികള്‍ ഇന്നു രേഖപ്പെടുത്തുമെന്നാണ് വിവരങ്ങള്‍.

മംഗളം ചാനലിന് ലോഞ്ചിങ് ദിവസമാണ് എ.കെ ശശീന്ദ്രന്റേതെന്ന പേരില്‍ മംഗളം ഫോണ്‍സംഭാഷണം പുറത്തുവിട്ടത്. മന്ത്രിയോട് പരാതി പറയാനെത്തിയ വീട്ടമ്മയോട് മന്ത്രി ലൈംഗികചുവയോടെ സംസാരിക്കുന്നതിന്റെ ഓഡിയോ എന്ന് പറഞ്ഞായിരുന്നു വാര്‍ത്ത പുറത്തുവിട്ടത്.

തുടര്‍ന്ന് ശശീന്ദ്രന്‍ മന്ത്രിസ്ഥാനം രാജിവെക്കുയും ചെയ്തു. എന്നാല്‍ പിന്നീട് വാര്‍ത്തയ്ക്കെതിരെ നിരവധി പരാതികള്‍ കിട്ടിയതിനെ തുടര്‍ന്നാണ് സര്‍ക്കാര്‍ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചത്.

Advertisement