യുണൈറ്റഡിന്റെ ഉടമസ്ഥത ഖത്തറിലേക്കോ? അണിയറയില്‍ തിരക്കിട്ട ചര്‍ച്ചകളെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്
football news
യുണൈറ്റഡിന്റെ ഉടമസ്ഥത ഖത്തറിലേക്കോ? അണിയറയില്‍ തിരക്കിട്ട ചര്‍ച്ചകളെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട്
സ്പോര്‍ട്സ് ഡെസ്‌ക്
Thursday, 15th June 2023, 11:59 pm

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ വമ്പന്‍മാരായ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനെ സ്വന്തമാക്കാന്‍ അറബ് രാജ്യമായ ഖത്തര്‍ ശ്രമം നടത്തുന്നുവെന്നുള്ള റിപ്പോര്‍ട്ടുകള്‍ നേരത്തെ തന്നെയുണ്ടായിരുന്നു.

ക്ലബ്ബ് വില്‍ക്കാന്‍ ആലോചിക്കുന്നതായി ഉടമസ്ഥരായ ഗ്ലേസിയര്‍ കുടുംബം കഴിഞ്ഞ നവംബറില്‍ അറിയിച്ചിരുന്നു. ഇതിനെ തുടര്‍ന്ന് ഖത്തറിലെ ചില നിക്ഷേപകര്‍ ക്ലബ്ബുമായി ചര്‍ച്ച നടത്തിയെന്നായിരുന്നു പുറത്തുവന്ന റിപ്പോര്‍ട്ടുകള്‍.

എന്നാലിപ്പോള്‍, ഖത്തറിലെ ഷെയ്ഖ് ജാസിം ബിന്‍ ഹമദ് അല്‍ താനിയുടെ നേതൃത്വത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ഏറ്റടുക്കുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ നടത്തിവരികയാണെന്ന് റോയിട്ടേഴ്സ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഷെയ്ഖ് ജാസിമിന്റെ ഖത്തര്‍ കണ്‍സോര്‍ഷ്യവും ബ്രിട്ടീഷ് ശതകോടീശ്വരന്‍ സര്‍ ജിം റാറ്റ്ക്ലിഫുമാണ് ക്ലബ്ബ് ഏറ്റെടുക്കല്‍ മുന്‍നിരയിലുള്ള രണ്ട് കക്ഷികള്‍. റിപ്പോര്‍ട്ടുകള്‍ പ്രകാരം ഖത്തരി കണ്‍സോര്‍ഷ്യം അഞ്ച് ബില്യണ്‍ പൗണ്ടിന്റെ ഒരു ഓഫര്‍ ക്ലബ്ബിന് മുമ്പില്‍ വെച്ചുവെന്നാണ്. മാഞ്ചസ്റ്റര്‍ യുണൈറ്റഡിന്റെ ഏകദേശം 1 ബില്യണ്‍ കടം ഏറ്റെടുക്കുമെന്ന് ഷെയ്ഖ് ജാസിമിന്റെ വാഗ്ദാനം ചെയ്തായും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

ടെന്‍ ഹാഗ് പരിശീലിപ്പിക്കുന്ന മാഞ്ചസ്റ്റര്‍ നിലവില്‍ പ്രീമിയര്‍ ലീഗില്‍ മൂന്നാമതായിട്ടാണ് ഈ സീസണ്‍ അവസാനിപ്പിച്ചത്.

അതേസമയം, യൂറോപ്പിലെ വമ്പന്‍ ക്ലബ്ബുകളില്‍ അറബ് കമ്പനികളുടെ നിക്ഷേപങ്ങള്‍ തുടരുകയാണ്. പി.എസ്.ജി, മാഞ്ചസ്റ്റര്‍ സിറ്റി, ന്യൂ കാസില്‍ യുണൈറ്റഡ് തുടങ്ങി അനവധി ക്ലബ്ബുകളില്‍ ഇപ്പോള്‍ തന്നെ നിക്ഷേപം നടത്തിയിട്ടുള്ളത് അറബ് കമ്പനികളും ശതകോടീശ്വരന്‍മാരുമാണ്.