ഇത് ഞങ്ങളുടെ സൂപ്പര്‍ ഹീറോ മഹ്‌റസ് മുരളി; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോസ്റ്റിന് താഴെ കമന്റുമായി ടൊവിനോയും
Movie Day
ഇത് ഞങ്ങളുടെ സൂപ്പര്‍ ഹീറോ മഹ്‌റസ് മുരളി; മാഞ്ചസ്റ്റര്‍ സിറ്റിയുടെ പോസ്റ്റിന് താഴെ കമന്റുമായി ടൊവിനോയും
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Wednesday, 5th January 2022, 2:45 pm

മിന്നല്‍ മുരളി കുറുക്കന്‍മൂലയും കടന്ന് ലോകത്തിന്റെ വിവിധ കോണുകളില്‍ എത്തുകയാണ്. നിരവധി പേരാണ് ചിത്രത്തെ അഭിനന്ദിച്ചും മിന്നല്‍മുരളിയുടെ പ്രകടനത്തിന് കയ്യടിച്ചും എത്തുന്നത്. ഏറ്റവും ഒടുവില്‍ മിന്നല്‍മുരളി എഫ്ക്ട് എത്തിയിരിക്കുന്നത് അങ്ങ് മാഞ്ചസ്റ്റര്‍ സിറ്റിയിലാണ്.

മാഞ്ചസ്റ്റര്‍ സിറ്റിയുടെ ഒഫീഷ്യല്‍പേജില്‍ പങ്കുവെച്ച ഫോട്ടോയിലാണ് മിന്നല്‍മുരളി തരംഗം എത്തിയത്. മാഞ്ചസ്റ്റര്‍ താരം മഹ്‌റസിന്റെ ചിത്രം പങ്കുവെച്ച് ‘ഞങ്ങളുടെ സൂപ്പര്‍ഹീറോ മഹ്‌റസ് മുരളി’ എന്ന അടിക്കുറിപ്പായിരുന്നു നല്‍കിയത്.

ഇതിന് താഴെയായി ‘മിന്നല്‍ മുരളി ഒറിജിനല്‍ വാച്ചിങ് യൂ’ എന്നായിരുന്നു ടൊവിനോ കമന്റ് ചെയ്തത്. നിരവധി മലയാളികളാണ് മാഞ്ചസ്റ്ററിന്റെ പോസ്റ്റിന് താഴെ കമന്റുമായി എത്തുന്നത്.

മാഞ്ചസ്റ്റര്‍ പേജിന്റെ അഡ്മിന്‍ അഭിനന്ദനം അര്‍ഹിക്കുന്നുണ്ടെന്നും അഡ്മിന്‍ ഇനി ബേസില്‍ ജോസഫ് എങ്ങാന്‍ ആണോ എന്നുമൊക്കെയാണ് ചിലരുടെ ചോദ്യം.

ഇത് മലയാളികളുടെ വിജയമാണെന്നും മുരളി എന്നാ സുമ്മാവാ എന്നൊക്കെയാണ് ചിലരുടെ കമന്റ്. മഹ്‌റസ് മുരളി എന്നതിന് പകരം മിന്നല്‍ മഹ്‌റസ് എന്നായിരുന്നു എഴുതേണ്ടതെന്നും ചിലര്‍ പറയുന്നു.

കുറുക്കന്‍മൂലയില്‍ നിന്നും ചാടി മാഞ്ചസ്റ്ററില്‍ എത്തിയിരിക്കുകയാണ് മിന്നല്‍ മുരളിയാണെന്നാണ് ചിലരുടെ കമന്റ്. യൂണൈറ്റഡ് ഫാനാണെന്നും എന്നാലും മുരളിക്ക് വേണ്ടി ഒരു കയ്യടിയെന്നുമാണ് മറ്റൊരാള്‍ കുറിച്ചത്. ന്റെ പൊന്നോ മിന്നലിപ്പോ അങ്ങ് ഇംഗ്ലണ്ടിലുമെത്തി ല്ലേ.. ഇനി വലിയ കളികള്‍ എന്നിങ്ങനെയാണ് മറ്റ് കമന്റുകള്‍.

മലയാളത്തിലെ ആദ്യ സൂപ്പര്‍ ഹീറോ ചിത്രമായ മിന്നല്‍ മുരളി ഇന്ത്യയാകെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മലയാളത്തിന് പുറമേ തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി, ഇംഗ്ലീഷ് ഭാഷകളിലും ചിത്രം റിലീസ് ചെയ്തിരുന്നു.

മിന്നല്‍ മുരളി ചൈനയിലെ ഒരു സ്‌കൂളില്‍ പ്രദര്‍ശിപ്പിക്കുന്നതിന്റെ വീഡിയോ കഴിഞ്ഞ ദിവസം ബേസില്‍ ജോസഫ് പങ്കുവെച്ചിരുന്നു. ഈ വീഡിയോ എന്റെ ഈ ദിവസം മനോഹരമാക്കി എന്നാണ് പോസ്റ്റില്‍ ബേസില്‍ കുറിച്ചത്.

സിനിമ കണ്ട് കുട്ടികള്‍ ആര്‍ത്തു ചിരിക്കുന്നതും വീഡിയോയില്‍ കാണാം. ചിത്രത്തിന്റെ ഇംഗ്ലീഷ് പരിഭാഷയാണ് പ്രദര്‍ശിപ്പിച്ചത്.

കഴിഞ്ഞ ഡിസംബര്‍ 24 ന് ഉച്ചയ്ക്ക് 1:30 തിനാണ് മലയാളം, തമിഴ്, തെലുങ്കു, കന്നഡ, ഹിന്ദി ഭാഷകളില്‍ മിന്നല്‍ മുരളി സ്ട്രീം ചെയ്തത്.

View this post on Instagram

A post shared by Manchester City (@mancity)

നെറ്റ്ഫ്‌ളിക്‌സ് ടോപ്പ് ടെന്‍ ലിസ്റ്റില്‍ സ്‌ക്വിഡ് ഗെയിംസിനേയും മണി ഹെയ്സ്റ്റിനെയും പിന്തള്ളി മിന്നല്‍ മുരളി ഒന്നാമതെത്തിയിരുന്നു. ചിത്രത്തിന്റെ വിജയത്തോടെ പാന്‍ ഇന്ത്യന്‍ സ്റ്റാര്‍ എന്ന നിലയിലേക്ക് ടൊവിനോയുടെ താരമൂല്യം ഉയര്‍ന്നിരിക്കുകയാണ്. സാക്ഷി സിംഗ് ധോണിയും വെങ്കട് പ്രഭുവും ഉള്‍പ്പെടെയുള്ളവര്‍ മിന്നല്‍ മുരളിയെ അഭിനന്ദിച്ച് രംഗത്തെത്തിയിരുന്നു.

ഇടിമിന്നല്‍ അടിച്ച് പ്രത്യേക കഴിവ് ലഭിച്ച ജെയ്സണ്‍ കുറുക്കന്‍മൂലയുടെ രക്ഷകനായി മാറുന്നതാണ് മിന്നല്‍ മുരളി എന്ന ചിത്രത്തിലെ പ്രധാന ഇതിവൃത്തം.

റിലീസിന് പിന്നാലെ സിനിമയെ ചുറ്റിപറ്റിയുള്ള ചര്‍ച്ചകളായിരുന്നു സോഷ്യല്‍ മീഡിയക്കകത്തും പുറത്തും. വില്ലനായി അഭിനയിച്ച ഗുരു സോമസുന്ദരത്തിന്റെ കഥാപാത്രമാണ് ഏറെ ചര്‍ച്ചയായത്.

ടൊവിനോക്കൊപ്പം അജു വര്‍ഗീസ്, മാമുക്കോയ ഹരിശ്രീ, അശോകന്‍ തുടങ്ങി വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അഭിനയിച്ചത്. പുതുമുഖ താരം ഫെമിന ജോര്‍ജാണ് ചിത്രത്തില്‍ നായിക വേഷത്തിലെത്തിയത്.

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം