ഇന്ത്യയും അഫ്ഗാനിസ്ഥാനും തമ്മിലുള്ള ഏക ടെസ്റ്റ് മത്സരം പി.സി.എ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ നടക്കുകയാണ്. മത്സരത്തില്‍ ടോസ് നേടി ബാറ്റ് ചെയ്ത ഇന്ത്യ രണ്ടാം ദിനത്തില്‍ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. എട്ട് വിക്കറ്റ് നഷ്ടത്തില്‍ 564 റണ്‍സിന്റെ കൂറ്റന്‍ സ്‌കോറാണ് ഇന്ത്യ നേടിയത്.
നിലവില്‍ രണ്ടാം ദിനം അവസാനിച്ചപ്പോള്‍ തുടര്‍ ബാറ്റിങ്ങിനിറങ്ങിയ അഫ്ഗാനിസ്ഥാന്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 113 റണ്‍സാണ് നേടിയത്.
അരങ്ങേറ്റക്കാരനായ മാനവ് സുതര്‍ മൂന്ന് വിക്കറ്റ് നേടി മികച്ച പ്രകടനമാണ് കാഴ്ചവെച്ചത്. 15.5 ഓവറില്‍ ഏഴ് മെയ്ഡന്‍ ഉള്‍പ്പെടെയാണ് താരം വിക്കറ്റുകള്‍ നേടിയത്.
16 റണ്‍സ് നേടി നില്‍ക്കവെ അഫ്ഗാന്‍ ഓപ്പണര്‍ അബ്ദുള്‍ മാലിക്കിന്റെ വിക്കറ്റ് തന്റെ ആദ്യ ഓവറില്‍ തന്നെ മാനവ് സ്വന്തമാക്കിയിരുന്നു. ആദ്യ ഓവറിലെ നാലാം പന്തില്‍ ബൗണ്ടറിക് ശ്രമിച്ച മാലിക് എഡ്ജായി മുഹമ്മദ് സിറാജിന്റെ കയ്യില്‍ കുരുങ്ങുകയായിരുന്നു.
ഇതോടെ ഒരു തകര്‍പ്പന്‍ റെക്കോഡ് ലിസ്റ്റിലും താരം എത്തിച്ചേര്‍ന്നിരിക്കുകയാണ്. അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടികയില്‍ എട്ടാമനായി താരം ഇടം നേടിയിരിക്കുകയാണ്. 25 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഈ ലിസ്റ്റിലേക്ക് ഒരു താരം എന്‍ട്രി നടത്തുന്നതെന്ന് എടുത്ത് പറയേണ്ടതാണ്. 2001ല്‍ അരങ്ങേറ്റ ടെസ്റ്റില്‍ ഇംഗ്ലണ്ടിനെതിരെ ആദ്യ ഓവറില്‍ വിക്കറ്റ് നേടിയ മലയാളി ടിനു യോഹന്നാനായിരുന്നു അവസാനമായി ഈ ലിസ്റ്റില്‍ ഇടം പിടിച്ച താരം.
Talk about a dream start on debut 🤩
🎥 Manav Suthar getting his maiden Test wicket in his very first over 🙌
അരങ്ങേറ്റ ടെസ്റ്റില്‍ ഇന്ത്യയ്ക്ക് വേണ്ടി ആദ്യ ഓവറില്‍ തന്നെ വിക്കറ്റ് നേടുന്ന താരങ്ങളുടെ പട്ടിക
മോണ്ടു ബാനര്‍ജി – വെസ്റ്റ് ഇന്‍ഡീസ് – 1948
മനോഹര്‍ ഹര്‍ദികര്‍ – വെസ്റ്റ് ഇന്‍ഡീസ് – 1958
വര്‍മന്‍ കുമാര്‍ – പാകിസ്ഥാന്‍ – 1961
ചേതന്‍ ശര്‍മ – പാകിസ്ഥാന്‍ – 1984
ഡബ്ല്യു.വി. രാമന്‍ – വെസ്റ്റ് ഇന്‍ഡീസ് – 1988
നിലേഷ് കുല്‍ക്കര്‍ണി – ശ്രീലങ്ക – 1997
ടിനു യോഹന്നാന്‍ – ഇംഗ്ലണ്ട് – 2001
മാനവ് സുതര്‍ – അഫ്ഗാനിസ്ഥാന്‍ – 2026*
ശേഷം മാനവ് റഹ്‌മാനുള്ള ഗുര്‍ബാസ് (12), അഫ്‌സര്‍ അസാസി (3) എന്നിവരെയും കൂടാരം കയറ്റി. പ്രസിദ്ധ് കൃഷ്ണ സെദ്ദിക്കുള്ള അടല്‍ (17), ക്യാപ്റ്റന്‍ ഹഷ്മത്തുള്ള ഷാഹിദി (20) എന്നിവരെയും പുറത്താക്കി. മികച്ച നിലയിലാണ് ഇന്ത്യ ശുഭ്മന്‍ ഗില്ലിന്റെ നേതൃത്വത്തില്‍ കളി അവസാനിപ്പിച്ചത്.
ഇന്ത്യന്‍ നിരയില്‍ ക്യാപ്റ്റന്‍ ശുഭ്മന്‍ ഗില്ലും കെ.എല്‍. രാഹുലും സെഞ്ച്വറിയടിച്ച് തിളങ്ങിയിരുന്നു. ഗില്‍ 177 പന്തില്‍ 126 റണ്‍സും രാഹുല്‍ 165 പന്തില്‍ 100 റണ്‍സുമാണ് നേടിയത്. ഇവര്‍ക്കൊപ്പം 104 പന്തില്‍ 81 റണ്‍സെടുത്ത സായ് സുദര്‍ശനും 121 പന്തില്‍ 81 റണ്‍സ് നേടിയ റിഷബ് പന്തും മികച്ച സംഭാവന നല്‍കി. ഒപ്പം 68 പന്തില്‍ 52* റണ്‍സ് നേടിയ വാഷിങ്ടണ്‍ സുന്ദറും ഇന്ത്യയുടെ സ്‌കോര്‍ ഉയര്‍ത്തി.
മാനവ് സുതര്‍ (41 പന്തില്‍ 28), മുഹമ്മദ് സിറാജ് (12 പന്തില്‍ 22) യശസ്വി ജെയ്‌സ്വാള്‍ (32 പന്തില്‍ 24), ധ്രുവ് ജുറെല്‍ (20 പന്തില്‍ 19) എന്നിവരും റണ്‍സ് കണ്ടെത്തി. അഫ്ഗാന്‍ നിരയില്‍ മുഹമ്മദ് സലിം ആറ് വിക്കറ്റുകള്‍ വീഴ്ത്തി തിളങ്ങി. ഹസ്മത്തുള്ള ഷാഹിദിയും സിയാവുര്‍ റഹ്‌മാനും ഓരോ വിക്കറ്റുകള്‍ വീതവും നേടി.
Content Highlight: Manav Suthar Achieve Great Record In His Test Debut After Tinu Yahannan