വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടും ബി.ജെ.പിക്ക് വോട്ട് ലഭിച്ചിട്ടില്ല; രാഷ്ട്രീയ നേട്ടം ഇല്ലാത്തതിനാല്‍ പ്രതിഷേധം ഉണ്ടാകില്ലെന്ന് കരുതുന്നു; ശബരിമല ദര്‍ശനത്തിനൊരുങ്ങി മനീതി വനിതാ കൂട്ടായ്മ
Kerala
വലിയ പ്രതിഷേധം ഉയര്‍ത്തിയിട്ടും ബി.ജെ.പിക്ക് വോട്ട് ലഭിച്ചിട്ടില്ല; രാഷ്ട്രീയ നേട്ടം ഇല്ലാത്തതിനാല്‍ പ്രതിഷേധം ഉണ്ടാകില്ലെന്ന് കരുതുന്നു; ശബരിമല ദര്‍ശനത്തിനൊരുങ്ങി മനീതി വനിതാ കൂട്ടായ്മ
ന്യൂസ് ഡെസ്‌ക്
Wednesday, 6th November 2019, 11:05 am

ചെന്നൈ:ഇത്തവണയും ശബരിമലയിലേക്ക് യുവതികളുമായി എത്തുമെന്ന് ചെന്നൈ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മനീതി വനിതാ കൂട്ടായ്മ. സുപ്രീം കോടതി വിധി നടപ്പില്‍ വരുത്തുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍ പറഞ്ഞത് വിശ്വാസത്തിലെടുത്താണ് തങ്ങളുടെ തീരുമാനമെന്നും മനീതി കൂട്ടായ്മ അറിയിച്ചു.

കേരളത്തിലെ യുവതികള്‍ക്കൊപ്പം ദര്‍ശനം നടത്താനാണ് ഒരുങ്ങുന്നത്. എന്നാല്‍ സുരക്ഷയുടെ കാര്യത്തില്‍ കേരള സര്‍ക്കാരില്‍ പൂര്‍ണവിശ്വാസം ഇല്ല എന്നും മനീതി സംഘാംഗം സെല്‍വി ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ വര്‍ഷം സന്നിധാനത്തേക്ക് എത്തിയ മനീതി സംഘം കനത്ത പ്രതിഷേധം ഉയര്‍ന്നതോടെ പമ്പയില്‍ നിന്ന് മടങ്ങിയിരുന്നു. മുഖ്യമന്ത്രി പിണറായി വിജയനെ നേരിട്ട് കണ്ടിട്ടേ മടങ്ങുവെന്ന് ഇവര്‍ നിലപാടെടുത്തിരുന്നെങ്കിലും നടന്നിരുന്നില്ല.

നിയനിര്‍മാണം സാധ്യമല്ലെന്നും സുപ്രീം കോടതി വിധി നടപ്പില്‍ വരുത്തുമെന്നും മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞത് കണക്കിലെടുത്താണ് ഇത്തവണ ദര്‍ശനത്തിന് എത്തുന്നതെന്നും സെല്‍വി പറഞ്ഞു.

” സുപ്രീം കോടതി വിധി നടപ്പാക്കുമെന്ന് നിയമസഭയില്‍ മുഖ്യമന്ത്രി വ്യക്തമാക്കയിട്ടുണ്ട്. എന്നാല്‍ കേരള സര്‍ക്കാര്‍ പൂര്‍ണമായും സുരക്ഷ തരുമെന്ന് വിശ്വാസമില്ല. മുഖ്യമന്ത്രിയെ കാണാന്‍ ശ്രമിച്ചിട്ട് കൂടി ഇതുവരെ നടന്നില്ല. കര്‍ണാടക, പശ്ചിമബംഗാള്‍ എന്നിവിടങ്ങളിലുള്ള മൂന്ന് യുവതികള്‍ ശബരിമല ദര്‍ശനം നടത്താന്‍ താത്പര്യമറിയിച്ചിട്ടുണ്ട്. കേരളത്തിലുള്ള യുവതികളും ഒരുമിച്ച് ദര്‍ശനം നടത്താന്‍ സന്നദ്ധത അറിയിച്ചിട്ടുണ്ട്. പത്തിലധികം പേര്‍ ഉണ്ടെങ്കില്‍ തമിഴ്‌നാട്ടില്‍ നിന്ന് ഞങ്ങള്‍ സംഘമായി തന്നെപോകും. കഴിഞ്ഞ തവണ ദര്‍ശനത്തിന് ശ്രമിച്ച ബിന്ദു, മാധവി ഉള്‍പ്പെടെയുള്ളവര്‍ ബന്ധപ്പെട്ടിട്ടുണ്ട്”- സെല്‍വി പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

കഴിഞ്ഞ തവണ ഇവര്‍ക്ക് മധുരയില്‍ നിന്ന് കേരള പൊലീസ് സംരക്ഷണം നല്‍കിയിരുന്നു. ഇത്തവണയും കേരള പൊലീസ് നിര്‍ദേശിക്കുന്ന യാത്രാ മാര്‍ഗം സ്വീകരിക്കും. കാര്യമായ പ്രതിഷേധം ഉണ്ടാകില്ലെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മനീതി കൂട്ടായ്മ പറഞ്ഞു.

വലിയ പ്രതിഷേധം ഉയര്‍ന്നിട്ടും ബി.ജെ.പിക്ക് കാര്യമായ വോട്ട് ലഭിച്ചിട്ടില്ല. സ്ത്രീകളെ രണ്ടാം നിരക്കാരായി കാണുന്നത് ജനങ്ങള്‍ പിന്തുണച്ചില്ലെന്നത് വ്യക്തമാണ്. രാഷ്ട്രീയ നേട്ടം ഇല്ലാത്തതിനാല്‍ ഇത്തവണ പ്രതിഷേധം ഉണ്ടാകില്ലെന്ന് കരുതാമെന്നും സെല്‍വി പറഞ്ഞു. അതേസമയം ഇത്തവണ സന്നിധാനത്ത് വനിതാ ഡോക്ടര്‍മാരുടെ സേവനം ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്.