യോഗി ആദിത്യനാഥിനെ യഥാര്‍ഥ പേര് വിളിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവ് ദേശീയ പതാകയുമായി വന്ന് കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തി, വീഡിയോ
national news
യോഗി ആദിത്യനാഥിനെ യഥാര്‍ഥ പേര് വിളിച്ചത് ഇഷ്ടപ്പെട്ടില്ല; യുവാവ് ദേശീയ പതാകയുമായി വന്ന് കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തി, വീഡിയോ
ന്യൂസ് ഡെസ്‌ക്
Wednesday, 15th May 2019, 7:08 pm

ന്യൂദല്‍ഹി: ദേശീയ പതാകയുമായി വന്ന് യുവാവ് കോണ്‍ഗ്രസിന്റെ വാര്‍ത്താ സമ്മേളനം തടസ്സപ്പെടുത്തി. കോണ്‍ഗ്രസ് വക്താവ് പവാന്‍ ഖേരയുടെ വാര്‍ത്താ സമ്മേളനമാണ് യുവാവ് തടസ്സപ്പെടുത്തിയത്. നചികേത എന്നാണ് യുവാവിന്റെ പേര്.

ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ യഥാര്‍ത്ഥ പേരായ അജയ്സിംഗ് ബിഷ്ട് എന്ന് വിളിച്ചതിനാണ് യുവാവ് ദേശീയ പതാകയുമായി പ്രതിഷേധവുമായെത്തിയത്. പിന്നാലെ സുരക്ഷാ ഉദ്യോഗസ്ഥര്‍ പ്രതിഷേധക്കാരനെ ഹാളിന് പുറത്താക്കി.

യോഗി ആദിത്യനാഥിനെ അജയ്സിംഗ് ബിഷ്ട് എന്ന് വിളിച്ചത് ഭാരതീയ സംസ്‌കാരത്തിന് യോജിച്ചതല്ലെന്ന് പറഞ്ഞ യുവാവ് വന്ദേമാതരം, ഭാരത് മാതാ കീ ജയ് എന്ന് ഉറക്കെ വിളിച്ചുപറയുകയും ചെയ്തു.

സുരക്ഷാ ഉദ്യോസ്ഥര്‍ ഹാളില്‍ നിന്ന് പുറത്താക്കുമ്പോള്‍ താന്‍ ഒരു ബി.ജെ.പിക്കാരനാണെന്ന് അയാള്‍ വിളിച്ചുപറയുന്നുണ്ടായിരുന്നു. നചികേതനെ പുറത്താക്കിയതിനു ശേഷം വാര്‍ത്താ സമ്മേളനം തുടര്‍ന്നു.