പാകിസ്ഥാന്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ചു; പരസ്യമായി ക്ഷമാപണം നടത്താനും ഭാരത് മാതാ കീ ജയ് വിളിക്കാനും ആവശ്യപ്പെട്ട് കടയുടമക്ക് നേരെ ആള്‍ക്കൂട്ട ഭീഷണി
national news
പാകിസ്ഥാന്‍ ടീമിന് പിന്തുണ പ്രഖ്യാപിച്ചു; പരസ്യമായി ക്ഷമാപണം നടത്താനും ഭാരത് മാതാ കീ ജയ് വിളിക്കാനും ആവശ്യപ്പെട്ട് കടയുടമക്ക് നേരെ ആള്‍ക്കൂട്ട ഭീഷണി
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 25th February 2023, 3:41 pm

പനാജി: പാകിസ്ഥാന്‍ ക്രിക്കറ്റ് ടീമിന് പിന്തുണ പ്രഖ്യാപിച്ച വീഡിയോ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിച്ചതിന് പിന്നാലെ കടയുടമയക്ക് നേരെ ആക്രമണവുമായി ജനങ്ങള്‍. ഗോവയിലെ കലാന്‍ഗുട്ടെയിലാണ് സംഭവം.

വീഡിയോ വൈറലായതോടെ ഏതാനും പേര്‍ കടയിലെത്തുകയും യുവാവിനോട് ഭാരത് മാതാ കീ ജയ് വിളിക്കാനും പരസ്യമായി ക്ഷമാപണം നടത്താനും ആവശ്യപ്പെടുകയായിരുന്നു.

ട്രാവല്‍ വ്‌ളോഗര്‍ പുറത്തുവിട്ട വീഡിയോ വൈറലായതോടെയാണ് സംഭവം. വീഡിയോയില്‍ കടയുടമ പാകിസ്ഥാനെ പിന്തുണയ്ക്കുന്നതായി കാണാം. ഇതൊരു മുസ്‌ലിം പ്രദേശമാണ് അതിനാല്‍ പാകിസ്ഥാനെ പിന്തുണയ്ക്കുന്നുവെന്നായിരുന്നു കടയുടമയുടെ പരാമര്‍ശം.

വീഡിയോ ചിത്രീകരിക്കുന്ന സമയത്ത് പാകിസ്ഥാന്‍ ന്യൂസിലന്‍ഡ് മത്സരം നടക്കുകയായിരുന്നു.

കടയുടമയെ പിന്നീട് ഒരു സംഘം ആളുകള്‍ ചോദ്യം ചെയ്യുന്നതിന്റെ വീഡിയോയും ഇപ്പോള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുകയാണ്.

 

The man who was supporting Pakistan in Goa pic.twitter.com/jE8IidAf9K

— Madhur Singh (@ThePlacardGuy) February 24, 2023

‘ഈ ഗ്രാമം കലാന്‍ഗുട്ടെയാണ്. ഇവിടെ മുസ്‌ലിം പ്രദേശമെന്നോ മറ്റൊന്നുമോ ഇല്ല. ജാതിയുടെ പേരില്‍ രാജ്യത്തെ വിഭജിക്കരുത്,’ സംഘത്തിലൊരാള്‍ പറയുന്നത് കേള്‍ക്കാം. പരസ്യമായി മാപ്പ് പറയണമെന്നും ആള്‍ക്കൂട്ടം കടയുടമയോട് ആവശ്യപ്പെടുന്നുണ്ട്.

കടയുടമ മുട്ടുകുത്തിയിരുന്ന് ക്ഷമാപണം നടത്തുന്നതും ദൃശ്യങ്ങളില്‍ കാണാം. ഇതിന് പിന്നാലെ ഭീഷണിയുമായെത്തിയ സംഘം ഭാരത് മാതാ കീ ജയ് വിളിക്കുന്നതും വീഡിയോയിലുണ്ട്.

അതേസമയം സംഭവവുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടില്ലെന്ന് കലാന്‍ഗുട്ട പൊലീസ് വ്യക്തമാക്കിയതായി ന്യൂസ് 18 റിപ്പോര്‍ട്ട് ചെയ്യുന്നു.

This Is How Indians Support Pakistan In Goa, India 🇮🇳#Travel #India pic.twitter.com/jlrVJQJ51z

— Davud Akhundzada (@Davud_Akh) February 22, 2023

യുവാവ് പാകിസ്ഥാനെ പിന്തുണയ്ക്കുന്ന വീഡിയോ 2022 നവംബറിലാണ് വ്‌ളോഗര്‍ തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവെക്കുന്നത്. ഇതിന്റെ ക്ലിപ്പ് 2023 ഫെബ്രുവരിയില്‍ വ്‌ലോഗര്‍ വീണ്ടും തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പങ്കുവെച്ചിരുന്നു. ഇതാണ് വലിയ രീതിയില്‍ വൈറലായതെന്ന് ഫ്രീ പ്രസ് ജേര്‍ണല്‍ റിപ്പോര്‍ട്ട് ചെയ്യുന്നു.

ദാവൂദ് അഖുന്‍സാദാ എന്ന അക്കൗണ്ടാണ് ട്വിറ്ററില്‍ വീഡിയോ പങ്കുവെച്ചിരിക്കുന്നത്. വീഡിയോ പങ്കുവെച്ചതിന് പിന്നാലെ നിരവധി പേര്‍ ഇത് നീക്കം ചെയ്യണമെന്ന ആവശ്യമുന്നയിച്ചിരുന്നു. വീഡിയോ പ്രചരിച്ചാല്‍ യുവാവിനെതിരെ ഭീഷണിയുണ്ടാകുമെന്നും ഇദ്ദേഹത്തെ മര്‍ദ്ദിക്കാന്‍ സാധ്യതയുണ്ടെന്നും പലരും വീഡിയോ പങ്കുവെച്ച് കൊണ്ട് കമന്റ് ചെയ്തിട്ടുണ്ട്.

Content Highlight: Man forced to apologize as video went viral of him supporting Pakistan, Mob threats him to apologize in public and asked to  chant Bharat Mata ki Jai