വിമാനം കത്തിപ്പിടിക്കാതിരിക്കാനാണ് പൈലറ്റ് ശ്രമിച്ചത്, നാട്ടുകാരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല, രക്ഷപ്പെട്ട ജുനൈദ് പറയുന്നു
Kerala News
വിമാനം കത്തിപ്പിടിക്കാതിരിക്കാനാണ് പൈലറ്റ് ശ്രമിച്ചത്, നാട്ടുകാരോട് എത്ര നന്ദി പറഞ്ഞാലും തീരില്ല, രക്ഷപ്പെട്ട ജുനൈദ് പറയുന്നു
ഡൂള്‍ന്യൂസ് ഡെസ്‌ക്
Saturday, 8th August 2020, 12:48 pm

കരിപ്പൂരില്‍ കഴിഞ്ഞദിവസമുണ്ടായ വിമാനപകടത്തില്‍ നിന്ന് രക്ഷപ്പെട്ട കോഴിക്കോട് എലത്തൂര്‍ സ്വദേശിയായ ജുനൈദ് അപകടത്തെക്കുറിച്ചും രക്ഷപ്പെട്ടതിനെക്കുറിച്ചും ഡൂള്‍ന്യൂസിനോട് വിശദീകരിക്കുന്നു. ദുബായില്‍ അക്കൗണ്ടന്റായ ജുനൈദ് രണ്ട് വര്‍ഷത്തിന് ശേഷമാണ് നാട്ടിലേക്ക് തിരിച്ചെത്തുന്നത്.

കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിയപ്പോള്‍ ആദ്യം ഒരു തവണ വിമാനം ലാന്‍ഡ് ചെയ്യാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ലാന്‍ഡ് ചെയ്താല്‍ അപകടമാവുമെന്ന് കരുതിയായിരിക്കും പൈലറ്റ് വീണ്ടും വിമാനം ഉയര്‍ത്തുകയായിരുന്നു. ആദ്യത്തെ ലാന്‍ഡിങ്ങ് ശ്രമത്തില്‍ എന്റെ ഫോണില്‍ റെയ്ഞ്ച് വന്നിരുന്നു. റണ്‍വേയുടെ തൊട്ടടുത്തു വരെ വിമാനം എത്തിയിട്ടുണ്ടെന്ന് അപ്പോള്‍ മനസ്സിലായി. എന്നാല്‍ അപ്പോഴാണ് ലാന്‍ഡിങ്ങ് നടത്താതെ വീണ്ടും വിമാനം ഉയര്‍ത്തുന്നത്. ഉയര്‍ത്തി ഒരു റൗണ്ട് കൂടി പറത്തിയതിന് ശേഷമാണ് വീണ്ടും ലാന്‍ഡ് ചെയ്യുന്നത്. ലാന്‍ഡ് ചെയ്യുമ്പോള്‍ സ്പീഡ് നിയന്ത്രിക്കാന്‍ കഴിയാത്തതായി അനുഭവപ്പെട്ടിരുന്നു.

ബ്രേക്ക് കിട്ടാത്തതുപോലെയാണ് അനുഭവപ്പെട്ടത്. റണ്‍വേയില്‍ വെള്ളവും കാണാന്‍ കഴിഞ്ഞിരുന്നു. ലാന്‍ഡിങ്ങിനായി സ്പീഡ് നിയന്ത്രിക്കാന്‍ കഴിയാത്തതിനാല്‍ സ്പീഡ് കൂട്ടി വിമാനം വീണ്ടും ഉയര്‍ത്താന്‍ ശ്രമിച്ചുവെന്നാണ് ഞങ്ങള്‍ക്ക് തോന്നിയത്. ഈ സമയമെല്ലാം വിമാനം ജെര്‍ക്ക് ചെയ്തുകൊണ്ടിരിക്കുകയായിരുന്നു. എന്റെ സീറ്റ് ഏറ്റവും പുറകിലായിരുന്നു. ഇതിനിടയില്‍ എന്റെ തല പുറകുവശത്ത് ഇടിക്കുകയുണ്ടായി.

റണ്‍വേയുടെ പകുതിയിലല്ല കുറച്ചുകൂടി മുന്നോട്ടാണ് വിമാനം അവസാനവട്ടം ലാന്‍ഡ് ചെയ്തതെന്ന് തോന്നിയിരുന്നു. അതുകൊണ്ടായിരിക്കും വിമാനം സ്ലോ ആക്കാന്‍ കഴിയാതിരുന്നപ്പോള്‍ വീണ്ടും ഉയര്‍ത്താന്‍ ശ്രമിച്ചത്. പ്രത്യേകമായി ഒരു നിര്‍ദേശങ്ങളും ലഭിച്ചിട്ടുണ്ടായിരുന്നില്ല. കാലാവസ്ഥാ സംബന്ധമായ വിവരങ്ങളും ലഭിച്ചിട്ടുണ്ടായിരുന്നില്ല. വിമാനം ലാന്‍ഡ് ചെയ്യാന്‍ തുടങ്ങുന്നതിന് മുമ്പ് തന്നെ കാറ്റ് കാരണം നല്ല കുലുക്കമുണ്ടായിരുന്നു.

ദുബായില്‍ നിന്ന് പുറപ്പെടുമ്പോള്‍ തന്നെ കാലാവസ്ഥ മോശമായിരിക്കുമോ എന്ന ആശങ്ക എനിക്കുണ്ടായിരുന്നു. മറ്റേതെങ്കിലും വിമാനത്താവളത്തില്‍ ഇറങ്ങിയിരുന്നെങ്കില്‍ ഇത്രയും വലിയൊരു അപകടം ഉണ്ടാവുമായിരുന്നില്ലെന്നാണ് എനിക്ക് തോന്നുന്നത്.

ലാന്‍ഡ് ചെയ്തതിന് ശേഷം ഒരു 10-15 സെക്കന്റിനുള്ളില്‍ എല്ലാം സംഭവിച്ചുകഴിഞ്ഞിരുന്നു. വിമാനം കത്തിപ്പിടിക്കാതിരിക്കാനാണ് പൈലറ്റ് ശ്രമിച്ചതെന്ന് തോന്നുന്നു. വിമാനം കത്തിപ്പിടിച്ചില്ല എന്നത് വലിയ ആശ്വാസമായി. വിമാനം കത്തിപ്പിടിച്ചിരുന്നെങ്കില്‍ ഒരു യാത്രക്കാരന്‍ പോലും രക്ഷപ്പെടില്ലായിരുന്നു. പൈലറ്റിനെക്കൊണ്ട് ആവുന്നതെല്ലാം അദ്ദേഹം ചെയ്യുന്നുണ്ടായിരുന്നു. പിന്നീട് പയേണ്ടത് നാട്ടുകാരുടെ രക്ഷാപ്രവര്‍ത്തനത്തെക്കുറിച്ചാണ്. ഓടി വന്ന നാട്ടുകാരാണ് സത്യത്തില്‍ രക്ഷയായത്. മികച്ച രീതിയിലുള്ള രക്ഷപ്രവര്‍ത്തനമായിരുന്നു ഓരോരുത്തരുടേയും ഭാഗത്ത് നിന്നുണ്ടായത്. നാട്ടുകാരോട് എത്ര നന്ദി പറഞ്ഞാലും മതിയാവില്ല.

പുറകിലായിരുന്നു സീറ്റെന്നതിനാല്‍ മുന്‍ഭാഗത്തിരിക്കുന്ന യാത്രക്കാരെയൊന്നും കാണാന്‍ കഴിഞ്ഞിരുന്നില്ല. അപകടം നടന്നതിന് ശേഷം ഒരുപാടുപേരുടെ കരച്ചിലാണ് ഞാന്‍ കേട്ടിരുന്നത്. ആളുകള്‍ സീറ്റിനടിയിലും മറ്റും കുടുങ്ങിക്കിടന്നതിനാല്‍ അവരെ കാണാന്‍ കഴിഞ്ഞിരുന്നില്ല. കരച്ചില്‍ മാത്രം കേള്‍ക്കുന്നുണ്ടായിരുന്നു. യഥാര്‍ത്ഥത്തില്‍ രണ്ട് കഷ്ണമായല്ല വിമാനം തകര്‍ന്നത്. മൂന്ന് കഷ്ണമായിട്ടുണ്ടായിരുന്നു. പുറകുവശത്തെ മൂന്നുസീറ്റുകളുള്ള ഭാഗം ഒന്നിന് മുകളില്‍ ഒന്നായി അടിഞ്ഞു കിടക്കുകയായിരുന്നു. പുറകുവശത്തെ നാല് സീറ്റുകളില്‍ ഇരുന്നവര്‍ രക്ഷപ്പെട്ടിട്ടുണ്ടെന്നാണ് കരുതുന്നത്. രക്ഷപ്പെട്ടവരെക്കൊണ്ടാവുന്ന രീതിയില്‍ വിമാനത്തില്‍ കുടുങ്ങിക്കിടക്കുന്നവരെ പുറത്തെത്തിക്കാന്‍ ശ്രമിച്ചിരുന്നു.

അവസാനത്തെ ഡോറിന് മുകളിലുടെ സ്ലൈഡ് ചെയ്താണ് രക്ഷപ്പെട്ട പലരും പുറത്തെത്തിയത്. കുട്ടികളില്‍ ചിലര്‍ തെറിച്ചതുകൊണ്ടാണ് രക്ഷപ്പെട്ടിട്ടുള്ളത്. വിമാനത്തിന് പുറത്തേക്ക് കടക്കുമ്പോള്‍ എന്റെ കയ്യിലും ഒരു കുട്ടിയുണ്ടായിരുന്നു. രക്ഷിതാക്കള്‍ ആരാണെന്ന് മനസ്സിലായിട്ടുണ്ടായിരുന്നില്ല. ആ കുട്ടിയെ ഞാന്‍ കൊണ്ടോട്ടി റിലീഫ് ആശുപത്രിയില്‍ ഏല്‍പ്പിക്കുകയായിരുന്നു. കുട്ടിയെ ബന്ധുക്കള്‍ കൂട്ടികൊണ്ടുപോയെന്ന് പിന്നീട് അറിയാന്‍ കഴിഞ്ഞു. രക്ഷപ്പെട്ടത് വലിയ അത്ഭുതത്തോടെയാണ് ഓര്‍ത്തെടുക്കുന്നത്. പക്ഷേ കൂടെയുണ്ടായിരുന്ന ഒരുപാട് പേര്‍ക്ക് ജീവന്‍ നഷ്ടപ്പെട്ടുവെന്ന് ആലോചിക്കാന്‍ കഴിയുന്നില്ല. കുടുംബസമേതം അനേകം പേര്‍ വിമാനത്തിലുണ്ടായിരുന്നു. ജുനൈദിന്റെ വാക്കുകള്‍.

ദുബായില്‍ നിന്നും കോഴിക്കോട്ടേക്ക് വന്ന എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനമാണ് വെള്ളിയാഴ്ച രാത്രി 7.41ഓടെ അപകടത്തില്‍പ്പെട്ടത്.
പൈലറ്റ് അടക്കം 19 പേര്‍ മരിച്ചിട്ടുണ്ട്. 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. അപകടത്തില്‍പ്പെട്ടവരെ കോഴിക്കോട്, മലപ്പുറം ജില്ലകളിലെ വിവിധ ആശുപത്രികളിലായി പ്രവേശിപ്പിച്ചിരിക്കുകയാണ്. കോഴിക്കോട് ജില്ലയിലെ വിവിധ ആശുപത്രികളിലായി 13 പേരാണ് ഇതുവരെ മരിച്ചത്. മലപ്പുറം ജില്ലയിലെ ആശുപത്രികളിലായി ആറ് പേരും മരിച്ചു.

ഡൂള്‍ന്യൂസിനെ ഫേസ്ബുക്ക്ടെലഗ്രാം, പേജുകളിലൂടെയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക