
മെസിയുടെ വിരമിക്കല്‍ വാര്‍ത്ത അങ്ങേയറ്റം ദു;കരമാണെന്ന് നടന്‍ മാമുക്കോയ. പെനല്‍റ്റി പിഴച്ചുപോയി എന്നത് സത്യം തന്നെ എങ്കിലും ഇങ്ങനെ ചെയ്യേണ്ടതുണ്ടോ എന്നും മാമുക്കോയ ചോദിക്കുന്നു.
അപ്പോഴത്തെ സങ്കടത്തിന് ചെയ്തതാണെങ്കില്‍ കൂടി എനിക്കെന്തോ വലിയൊരു ദുഃഖവാര്‍ത്ത കേട്ടപോലെയാണ് തോന്നുന്നത്. മെസി മരിച്ചുപോയെന്ന് കേള്‍ക്കുന്നതിന് തുല്യമാണത്.
മെസിയെപ്പോലൊരാള്‍ ഇങ്ങനെ ചെയ്യുന്നത് വലിയ സങ്കടമാണ്. മെസിക്ക് മാത്രമല്ല, ആരാധകര്‍ക്കും, ഫുട്‌ബോള്‍ ലോകത്തിനും അത് നഷ്ടമാണ്. കളിച്ച് തോറ്റതല്ലേ. അതൊരു ഭാഗ്യക്കുറവ് മാത്രമാണ്.
ഒരുപാട് പരിശ്രമിച്ചിട്ടും അര്‍ജന്റീനയ്ക്ക് കിരീടം നേടിക്കൊടുക്കാനായില്ല. അതുകൊണ്ട് വിരമിക്കുന്നുവെന്നു പറഞ്ഞാല്‍ എങ്ങനെ ശരിയാകുമെന്നും മാമുക്കോയ ചോദിക്കുന്നു.
ഒരു മെസി വിചാരിച്ചാല്‍ കിരീടം കിട്ടില്ല. അത് ടീം ഒന്നടങ്കം ചിന്തിക്കണം. ഇന്നലെ മെസ്സി നന്നായി കളിച്ചു. പക്ഷേ പെനാല്‍റ്റിയില്‍ ഗോള്‍ കിട്ടുകയെന്നത് ഒരു ഭാഗ്യമാണ്.
അടിച്ചതു മുഴവന്‍ ഗോളായാല്‍ പിന്നെന്ത് കളിയാണ്? അതൊരു കളിയാണോ? അതൊക്കെ വെറും മാജിക്കായി പോകില്ലേയെന്നും മാമുക്കോയ ചോദിക്കുന്നു. മനോരമ ഓണ്‍ലൈനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
