മമ്മൂക്ക എപ്പോള്‍ ഫ്രീ ആകുന്നോ അപ്പോള്‍ ബിലാല്‍ ആരംഭിക്കും; ബിലാലിനെക്കുറിച്ച് മംമ്ത മോഹന്‍ദാസ്
Bilal
മമ്മൂക്ക എപ്പോള്‍ ഫ്രീ ആകുന്നോ അപ്പോള്‍ ബിലാല്‍ ആരംഭിക്കും; ബിലാലിനെക്കുറിച്ച് മംമ്ത മോഹന്‍ദാസ്
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th November 2020, 8:30 pm

കോഴിക്കോട്: മലയാളി സിനിമാപ്രേമികളും മമ്മൂട്ടി ആരാധകരും ഒരുപോലെ കാത്തിരിക്കുന്ന ചിത്രമാണ് ബിലാല്‍. മാര്‍ച്ചില്‍ ചിത്രീകരണം തുടങ്ങേണ്ട ചിത്രം ലോക്ക് ഡൗണിനെ തുടര്‍ന്ന് നീണ്ടുപോവുകയായിരുന്നു.

അമല്‍ നീരദ് സംവിധാനം ചെയ്ത ബിഗ് ബി സിനിമയുടെ രണ്ടാം ഭാഗമാണ് ബിലാല്‍. മമ്മൂട്ടിയ്‌ക്കൊപ്പം മനോജ് കെ. ജയന്‍, ബാല, മംമ്ത മോഹന്‍ദാസ്, പശുപതി, വിജയരാഘവന്‍, ജാഫര്‍ ഇടുക്കി, ലെന, ഇന്നസെന്റ്, വിനായകന്‍ എന്നിവര്‍ അഭിനയിച്ച ചിത്രത്തിന്റെ രണ്ടാം ഭാഗം വരുന്നുവെന്ന വാര്‍ത്ത ആവേശത്തോടെയാണ് ആരാധകര്‍ സ്വീകരിച്ചത്.

എന്നാല്‍ കൊവിഡും ലോക്ക് ഡൗണും ആയതോടെ ചിത്രത്തിന്റെ ഷൂട്ടിംഗ് മുടങ്ങി. എന്നാല്‍ മമ്മൂട്ടി ഫ്രീ ആകുന്ന മുറയ്ക്ക് ബിലാല്‍ ഷൂട്ടിംഗ് ആരംഭിക്കുമെന്ന് പറയുകയാണ് നടി മംമ്ത മോഹന്‍ദാസ്. ഡൂള്‍ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മംമ്തയുടെ പ്രതികരണം.

‘മമ്മൂക്ക എപ്പോള്‍ ഫ്രീ ആകുന്നോ അപ്പോള്‍ ബിലാല്‍ ആരംഭിക്കും. അതേ ടൈം പീരിഡില്‍ തന്നെയാണ് സിനിമ നടക്കുന്നത്. പതിമൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷമുള്ള കുരിശിങ്കല്‍ ഫാമിലിയുടെ കഥയാണിത്. അന്ന് മുരുഗന്റെ കാമുകിയായിട്ടാണ് ബിലാല്‍ റിമി ടോമിയെ കണ്ടതെങ്കില്‍ ഇപ്പോള്‍ കുരിശിങ്കല്‍ ഫാമിലിയിലെ ഒരാളായാണ് റിമിയെ കാണുന്നത്’, മംമ്ത പറയുന്നു.

ചിത്രത്തിന്റെ സംഗീത സംവിധാനം ആരംഭിച്ച കാര്യം ഗോപി സുന്ദര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഗ്ബിയുടെ സംഭാഷണം എഴുതിയ ഉണ്ണി ആറും വരത്തന്‍, വൈറസ് എന്നീ ചിത്രങ്ങളുടെ തിരക്കഥ നിര്‍വഹിച്ച ഷറഫുവും സുഹാസും ചേര്‍ന്നാണ് രണ്ടാം ഭാഗത്തിന്റെ തിരക്കഥയൊരുക്കുന്നത്.

കാതറീന്‍ ട്രീസ ചിത്രത്തില്‍ നായികയാവുമെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍.

ചിത്രത്തില്‍ ഫഹദ് ഫാസിലും ശ്രീനാഥ് ഭാസിയും അഭിനയിക്കുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. എന്നാല്‍ ഇക്കാര്യത്തില്‍ ഔദ്യോഗിക പ്രഖ്യാപനമൊന്നും ഇത് വരെ വന്നിട്ടില്ല.

ഡൂള്‍ന്യൂസിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡൂള്‍ന്യൂസിന്റെ സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തെ സാമ്പത്തികമായി സഹായിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

Content Highlight: Mamtha Mohandas Bilal Big B Mammootty Amal Neerad