'ബി.ജെ.പിക്ക് പണം നല്‍കുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടി നടപ്പിലാക്കിയതാണ് പൗരത്വ നിയമം'; മമത ബാനര്‍ജി
national news
'ബി.ജെ.പിക്ക് പണം നല്‍കുന്നവര്‍ക്ക് പൗരത്വം നല്‍കുന്നതിന് വേണ്ടി നടപ്പിലാക്കിയതാണ് പൗരത്വ നിയമം'; മമത ബാനര്‍ജി
ന്യൂസ് ഡെസ്‌ക്
Tuesday, 14th January 2020, 10:59 pm

കൊല്‍ക്കത്ത: പൗരത്വ നിയമത്തെ ചൊല്ലി ബി.ജെ.പിക്കെതിരെയുള്ള വിമര്‍ശനം തുടരുകയാണ് ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി. നിയമപരമായി പൗരത്വമുള്ളവരില്‍ നിന്ന പൗരത്വം തിരിച്ചെടുക്കുകയും ബി.ജെ.പിക്ക് പണം നല്‍കുന്ന വിദേശികള്‍ക്ക് പൗരത്വം നല്‍കാനും വേണ്ടി നടപ്പിലാക്കിയ പദ്ധതിയാണ് പൗരത്വ നിയമമെന്ന് മമത ബാനര്‍ജി ചൊവ്വാഴ്ച പറഞ്ഞു.

വാര്‍ത്തകള്‍ ടെലഗ്രാമില്‍ ലഭിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യൂ

ബി.ജെ.പിക്ക് വിദേശപണം ലഭിക്കുന്നതിന് വേണ്ടിയും കള്ളപ്പണം വെളുപ്പിക്കുന്നതിനും വേണ്ടിയുമാണ് അവര്‍ പൗരത്വം നല്‍കുകയെന്നും മമത ബാനര്‍ജി ആരോപിച്ചു. പൗരത്വ നിയമങ്ങള്‍ക്കെതിരെ നടത്തിയ പ്രക്ഷോഭത്തിനിടക്ക് നാശനഷ്ടം വരുത്തിയവരെ തന്റെ പാര്‍ട്ടി ഭരിക്കുന്ന ആസാമിലും ഉത്തര്‍പ്രദേശിലും പട്ടികളെ പോലെ വെടിവെച്ചു കൊന്നുവെന്ന് പറഞ്ഞ ബി.ജെ.പി ബംഗാള്‍ സംസ്ഥാന അദ്ധ്യക്ഷന്‍ ദീലീപ് ഘോഷിനെതിരെയും മമത പ്രതികരിച്ചിരുന്നു.

ഡൂൾന്യൂസ് യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യാനായി ഇവിടെ ക്ലിക്ക് ചെയ്യൂ

‘ഇത് അപമാനകരമാണ്, എങ്ങനെയാണ് നിങ്ങള്‍ക്ക് ഇങ്ങനെ പറയാന്‍ കഴിയുന്നത്. നിങ്ങളുടെ പേര് പറയുന്നതേ മോശമാണ്. നിങ്ങള്‍ വെടിവെപ്പിനെ പ്രോത്സാഹിപ്പിക്കുന്നു. ഇത് ഉത്തര്‍പ്രദേശല്ല. ഇവിടെ വെടിവെപ്പ് നടക്കില്ല. നാളെ ഇവിടെയെന്തെങ്കിലും നടന്നാല്‍ താങ്കളും ഒരേ പോലെ ഉത്തരവാദിയാണെന്ന് ഓര്‍മ്മ വേണം. നിങ്ങള്‍ക്ക് പ്രതിഷേധിക്കുന്ന മനുഷ്യരെ വെടിവെച്ചു കൊല്ലുകയാണോ വേണ്ടത്?’, എന്നായിരുന്നു മമതയുടെ പ്രതികരണം.

പൗരത്വ നിയമത്തെ പിന്തുണച്ച് നാദിയ ജില്ലയില്‍ ബി.ജെ.പി നടത്തിയ റാലിയെ അഭിസംബോധന ചെയ്തു കൊണ്ടായിരുന്നു ദീലിപ് ഘോഷിന്റെ പരാമര്‍ശം. ബി.ജെ.പി നേതാക്കള്‍ തന്നെ ദീലീപ് ഘോഷിന്റെ പരാമര്‍ശത്തിനെതിരെ രംഗത്ത് വന്നിരുന്നു.