എന്നെ അഭിനയിപ്പിക്കാന്‍ പഠിപ്പിച്ച ആളാണ്, അദ്ദേഹം എനിക്കൊരു ഗുരുവാണ്: മമ്മൂട്ടി
Film News
എന്നെ അഭിനയിപ്പിക്കാന്‍ പഠിപ്പിച്ച ആളാണ്, അദ്ദേഹം എനിക്കൊരു ഗുരുവാണ്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Monday, 7th August 2023, 4:47 pm

സുരാജിനെ കുറിച്ചുള്ള മമ്മൂട്ടിയുടെ വാക്കുകള്‍ ശ്രദ്ധ നേടുന്നു. സുരാജ് തന്റെ ഗുരുവാണെന്നും അദ്ദേഹത്തിന്റെ കലാപ്രകടനം കണ്ട് സന്തുഷ്ടനായാണ് സിനിമയിലേക്ക് വിളിച്ചതെന്നും മമ്മൂട്ടി പറഞ്ഞു. ആനന്ദ് ടി.വി. അവാര്‍ഡ്‌സില്‍ 2021-22 വര്‍ഷത്തെ ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമറിനുള്ള പുരസ്‌കാര ജേതാവായി സുരാജിനെ പ്രഖ്യാപിക്കുന്നതിന് മുമ്പാണ് മമ്മൂട്ടിയുടെ പരാമര്‍ശങ്ങള്‍.

‘ഈ പുള്ളി എനിക്ക് പരിചയമുള്ള ആളാണ്. ഒരു ക്ലൂ തരാം. ഈ പുള്ളിയെ എനിക്കും പരിചയമുണ്ട്, നിങ്ങള്‍ക്കും പരിചയമുണ്ട്. നിങ്ങളെക്കാളൊക്കെ എനിക്ക് പരിചയമുള്ള ആളാണ്. ഇദ്ദേഹത്തിന്റെ കലാപ്രകടനം കണ്ട് ആകൃഷ്ടനായി ഇദ്ദേഹത്തോട് സൗഹൃദം സ്ഥാപിക്കാന്‍ ശ്രമിക്കുകയും അദ്ദേഹത്തെ കുറച്ച് സഹായങ്ങളുമായി സമീപിക്കുകയും ചെയ്തു.

ഒരു സിനിമയില്‍ എന്നെ അഭിനയിക്കാന്‍ പഠിപ്പിക്കുകയും ചെയ്ത ആളാണ്. അസീസ് പറഞ്ഞതുപോലെ എനിക്കും അദ്ദേഹം ഒരു ഗുരുവാണ്. ഇദ്ദേഹത്തിന്റെ അഭിനയം കണ്ട് ഞാന്‍ സമീപിച്ചു, അങ്ങനെ സിനിമയില്‍ വന്നു, ആ അവസരത്തില്‍ പിടിച്ച് അങ്ങ് കേറി. അങ്ങനെ കേറി കേറി പല തരത്തിലുള്ള വേഷങ്ങള്‍ അഭിനയിച്ചു. ഇപ്പോള്‍ നായകനായി, അവാര്‍ഡായി, ദേശീയ അവാര്‍ഡ് വരെ നേടി, എന്റെ ഒറ്റ കുഴപ്പം കൊണ്ടാണ്.

ഔട്ട് സ്റ്റാന്‍ഡിങ് പെര്‍ഫോമറായി. ഇനി എന്നാണ് ഇന്‍സ്റ്റാന്‍ഡിങ് പെര്‍ഫോമര്‍ ആവുക എന്നാണ് ഞാന്‍ ആലോചിക്കുന്നത്. ഇപ്പോള്‍ ഏകദേശം ആളെ മനസിലായി കാണുമല്ലോ, സുരാജ് വെഞ്ഞാറമൂട്,’ മമ്മൂട്ടിയുടെ വാക്കുകള്‍ കയ്യടികളോടെ വേദി സ്വീകരിച്ചു

‘നടന്ന സംഭവമാണ്’ ഇനി റിലീസിനൊരുങ്ങുന്ന സുരാജിന്റെ ചിത്രം. ‘ഒരു മെക്‌സിക്കന്‍ അപാരത’എന്ന വമ്പന്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസ് നിര്‍മിക്കുന്ന രണ്ടാമത്തെ ചിത്രമാണ് നടന്ന സംഭവം’. അനൂപ് കണ്ണന്‍, രേണു എ. എന്നിവരാണ് ചിത്രത്തിന്റെ നിര്‍മാതാക്കള്‍.

മറഡോണ എന്ന ടോവിനോ ചിത്രത്തിനു ശേഷം വിഷ്ണു നാരായണ്‍ സംവിധാനം ചെയ്യുന്ന ചിത്രമാണിത്. ചിത്രത്തില്‍ ബിജു മേനോനും ഒരു പ്രധാനകഥാപാത്രമായി എത്തുന്നുണ്ട്. ലാലു അലക്‌സ്, ജോണി ആന്റണി, ലിജോ മോള്‍ ജോസ്, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ എന്നിവരാണ് മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്.

രാജേഷ് ഗോപിനാഥ് തിരക്കഥ എഴുതുന്ന ചിത്രത്തിന്റെ സംഗീതം ഒരുക്കുന്നത് അങ്കിത് മേനോനാണ്. ഛായാഗ്രഹണം മനേഷ് മാധവന്‍. എഡിറ്റര്‍ സൈജു ശ്രീധരന്‍, ടോബി ജോണ്‍. ആര്‍ട്ട് ഡയറക്ടര്‍ ഇന്ദുലാല്‍. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ ഷെബീര്‍ മലവട്ടത്ത്. മേക്കപ്പ് ശ്രീജിത്ത് ഗുരുവായൂര്‍. കോസ്റ്റ്യൂം സുനില്‍ ജോര്‍ജ്, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് ശ്രീജിത്ത് നായര്‍, സുനിത് സോമശേഖരന്‍. സ്റ്റില്‍സ് രാഹുല്‍ എം. സത്യന്‍, ആക്ഷന്‍ പി.സി. സ്റ്റണ്ട്‌സ്, പി.ആര്‍.ഒ. മഞ്ജു ഗോപിനാഥ്. ഡിസൈന്‍സ് സീറോ ഉണ്ണി.

Content Highlight: Mammotty about Suraj venjaramood