ഐശ്വര്യയുടെ സംസാരം എവിടെവരെ പോകുമെന്ന് ഞാന്‍ നോക്കുകയായിരുന്നു: മമ്മൂട്ടി
Entertainment news
ഐശ്വര്യയുടെ സംസാരം എവിടെവരെ പോകുമെന്ന് ഞാന്‍ നോക്കുകയായിരുന്നു: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Thursday, 2nd February 2023, 6:52 pm

നന്‍പകല്‍ നേരത്ത് മയക്കം എന്ന ഹിറ്റ് സിനിമക്ക് ശേഷം മമ്മൂട്ടി നായകനായെത്തുന്ന സിനിമയാണ് ക്രിസ്റ്റഫര്‍. ബി.ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന സിനിമയില്‍ സ്‌നേഹ, ഐശ്വര്യ ലക്ഷ്മി, അമല പോള്‍, ശരത് കുമാര്‍, ഷൈന്‍ ടോം ചാക്കോ എന്നിവരാണ് മറ്റ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. സിനിമയുടെ റിലീസിന് മുന്നോടിയായി ദുബായില്‍ പ്രസ് മീറ്റിനിടയില്‍ മമ്മൂട്ടിക്കൊപ്പമുള്ള അനുഭവങ്ങള്‍ പങ്കുവെക്കുകയായിരുന്നു നടി ഐശ്വര്യ ലക്ഷ്മി.

സംസാരം അവസാനിപ്പിക്കുന്നതിനിടയില്‍ മമ്മൂട്ടിയുടെ മുഖത്ത് നോക്കി നിര്‍ത്തട്ടെയെന്ന് ചിരിച്ച് കൊണ്ട് ഐശ്വര്യ ചോദിച്ചു. ആ ചോദ്യത്തിന് മമ്മൂട്ടി നല്‍കിയ മറുപടി സദസിനെ മുഴുവന്‍ ചിരിപ്പിച്ചു. ‘ഇത് എവിടെ വരെ പോകുമെന്ന് നോക്കുകയായിരുന്നു’ എന്നാണ് മമ്മൂട്ടി മറുപടി നല്‍കിയത്.

മമ്മൂട്ടിക്കൊപ്പം ആഭിനയിച്ചപ്പോഴുണ്ടായ രസകരമായ ചില അനുഭവങ്ങളും താരം പ്രസ് മീറ്റില്‍ പങ്കുവെച്ചിരുന്നു. മമ്മൂട്ടിയോടൊപ്പം അഭിനയിക്കുന്നത് ഒരു മാസ്റ്റര്‍ ക്ലാസില്‍ പങ്കെടുക്കുന്നത് പോലെയാണെന്നാണ് ഐശ്വര്യ പറഞ്ഞത്.

‘മമ്മൂക്കയുടെ കൂടെ വര്‍ക്ക് ചെയ്യുകയാണെന്ന് അറിഞ്ഞപ്പോള്‍ മുതല്‍ എല്ലാ അഭിമുഖങ്ങളിലും എന്നോട് ചോദിക്കുന്ന ചോദ്യമാണ് മമ്മൂക്കക്കൊപ്പമുള്ള എക്സ്പീരിയന്‍സ് എങ്ങനെയുണ്ടായിരുന്നു എന്ന്. ശരിക്കും ഇതൊരു ക്ലീഷേ ചോദ്യമാണ്. ഏത് ആക്ടറിന്റെ കൂടെ വര്‍ക്ക് ചെയ്താലും ഈ ചോദ്യങ്ങളുണ്ടാകാറുണ്ട്.

മമ്മൂക്കക്കൊപ്പമുള്ള അനുഭവങ്ങള്‍ ചോദിക്കുമ്പോള്‍, എന്റെ ഭാവം കാണുമ്പോള്‍ നിങ്ങള്‍ക്ക് മനസിലാകുമായിരിക്കുമല്ലോ എനിക്ക് എത്ര മാത്രം സന്തോഷമുണ്ടെന്ന്. ഉണ്ണികൃഷ്ണന്‍ സാറിന്റെ ഒരുപാട് സിനിമകളിലേക്ക് എന്നെ വിളിച്ചിട്ടുണ്ടായിരുന്നു. എന്നാല്‍ പല കാരണങ്ങള്‍കൊണ്ട് അതിന് കഴിയാതെ പോവുകയായിരുന്നു.

ശരിക്കും പറഞ്ഞാല്‍ ഈ കഥാപാത്രം ഞാന്‍ ചോദിച്ച് വാങ്ങിയതായിരുന്നു. നല്ലൊരു അനുഭവമാണ് ഈ സിനിമ എനിക്ക് തന്നത്. മമ്മൂക്കയുടെ കൂടെ അഭിനയിക്കുമ്പോള്‍ ഭയങ്കര സമാധാനമാണ്. ഞാന്‍ പെട്ടെന്ന് അപ്സെറ്റാകുന്ന ഒരാളാണ്. അങ്ങനെ എന്തെങ്കിലും കാര്യത്തില്‍ അപ്സെറ്റായി സെറ്റിലിരുന്നാല്‍ നമ്മളോട് മമ്മൂക്ക വന്ന് സംസാരിക്കാറുണ്ട്.

പിന്നെ പഴയ പലകാര്യങ്ങളും മമ്മൂക്ക നമ്മളോട് പറയും. അതായത് പണ്ടൊക്കെ സിനിമ ഷൂട്ട് ചെയ്യുന്ന സമയത്തെ കഥകളാണ് പറയുന്നത്. അന്നത്തെയൊക്കെ പല കഥകളും മമ്മൂക്ക പറഞ്ഞ് തന്നിട്ടുണ്ട്. മമ്മൂക്ക സിനിമയിലേക്ക് വന്ന കാലത്തെ കഥകള്‍ വരെ എന്നോട് പറഞ്ഞു. ശരിക്കും പറഞ്ഞാല്‍ ഒരു മാസ്റ്റര്‍ ക്ലാസില്‍ പങ്കെടുക്കുന്നത് പോലെയാണ് ക്രിസ്റ്റഫറിന്റെ ലൊക്കേഷന്‍ എനിക്ക് അനുഭവപ്പെട്ടത്,’ ഐശ്വര്യ ലക്ഷ്മി പറഞ്ഞു.

content highlight: mammooty’ s funny comment about aiswarya lakshmi