പലരെയും നിരുത്സാഹപ്പെടുത്തി, എന്നിട്ടും മൃഗയപോലുള്ള സിനിമകൾ ചെയ്തു; നല്ലത് നൽകിയാൽ അവർ സ്വീകരിക്കും: മമ്മൂട്ടി
Malayalam Cinema
പലരെയും നിരുത്സാഹപ്പെടുത്തി, എന്നിട്ടും മൃഗയപോലുള്ള സിനിമകൾ ചെയ്തു; നല്ലത് നൽകിയാൽ അവർ സ്വീകരിക്കും: മമ്മൂട്ടി
നന്ദന എം.സി
Wednesday, 29th April 2026, 7:17 am

മലയാള സിനിമയിൽ കാലങ്ങളായി നിറസാന്നിധ്യമായി തുടരുമ്പോഴും ഓരോ തവണയും പുതുമയോടെ പ്രേക്ഷകരെ അത്ഭുതപ്പെടുത്തുന്ന നടനാണ് മമ്മൂട്ടി.

വ്യത്യസ്തമായ കഥാപാത്ര തെരഞ്ഞടുപ്പുകളിലൂടെയും അഭിനയ വൈവിധ്യത്തിലൂടെയും മലയാള സിനിമയെ പുതിയ ഉയരങ്ങളിലേക്ക് എത്തിച്ച താരം, ഇന്നും പരീക്ഷണങ്ങൾക്ക് തയ്യാറാകുന്ന അപൂർവ നടന്മാരിൽ ഒരാളാണ്.

നായകനായും വില്ലനായും സഹനായകനായും ഒരുപോലെ തിളങ്ങുന്ന അദ്ദേഹത്തിന്റെ കരിയർ ഓരോ സിനിമാപ്രേമിക്കും പ്രചോദനമാണ്. ഇപ്പോഴിതാ പുതിയ അഭിമുഖത്തിൽ, ഇത്തരത്തിൽ ധൈര്യമായി വ്യത്യസ്ത കഥാപാത്രങ്ങൾ തെരഞ്ഞെടുക്കാനുള്ള കാരണം തുറന്നു പറഞ്ഞിരിക്കുകയാണ് താരം.

മമ്മൂട്ടി, Photo: Mammootty/ Facebook

‘ഒരു നടനെന്ന നിലയിൽ ഇപ്പോൾ മമ്മൂക്ക ചെയ്യുന്ന സിനിമകളിൽ താങ്കൾ വ്യത്യസ്തമായ കഥാപാത്രങ്ങൾ തെരഞ്ഞെടുത്ത് ധൈര്യപൂർവം ചെയ്യുന്നുണ്ട് അതിനുള്ള കാരണമെന്താണ് എന്ന രേവതിയുടെ ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മമ്മൂട്ടി. സിലി മോങ്ക്സ് മോളിവുഡ് എന്ന യൂട്യൂബ് ചാനലിന് പേട്രിയറ്റ് ടീമിനൊപ്പം സംസാരിക്കവെയാണ് മമ്മൂട്ടിയുടെ ഈ പ്രതികരണം.

‘അതിനുള്ള കാര്യങ്ങൾ എന്തൊക്കെയാണെന്ന് വെച്ചാൽ എനിക്ക് പണ്ട് മുതലേ ഉള്ള ആഗ്രഹങ്ങളാണിതൊക്കെ. അന്ന് ഞാൻ പലതും ചെയ്തിട്ടുണ്ട്, എന്നാൽ അധികം ചെയ്യാൻ സമ്മതിച്ചിട്ടില്ല. കാരണം പടം ഓടുകയും കൂടെ ചെയ്യണമല്ലോ. പലരെയും നിരുത്സാഹപ്പെടുത്തിയതാണ്. എന്നിട്ടും നമ്മൾ മൃഗയ പോലുള്ള സിനിമകൾ ചെയ്തു. കുറെയേറെ അങ്ങനെ വന്നതൊക്കെയാണ്.

പിന്നെ ഇപ്പോഴത്തെ കാലത്ത് ഓഡിയൻസ് കുറച്ചുകൂടി എജുക്കേറ്റഡോ അല്ലെങ്കിൽ ഡെവലപ്പിഡോ, അല്ലെങ്കിൽ സിനിമയെ പറ്റി കൂടുതൽ അറിവുള്ളവരോ ആയിട്ടുണ്ട്. അവർക്ക് നല്ലത് കൊടുത്താൽ അവർ ഓക്കേ ആണ്. ആ ഒരു ധൈര്യമാണ് എന്റെ പ്രൊഡക്ഷനും ഞാൻ തന്നെയായത്,’ മമ്മൂട്ടി പറഞ്ഞു.

മൃഗയ, Photo: YouTube/ Screengrab

മലയാളികൾ ഒന്നടങ്കം കാത്തിരിക്കുന്ന ചിത്രമാണ് മെഗാ താരങ്ങളായ മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും ‘പേട്രിയറ്റ്’. മെയ് 1 ന് റിലീസാകുന്ന ചിത്രത്തിനുള്ള കാത്തിരിപ്പിലാണ് ഇരുവരുടെയും ആരാധകർ.

മഹേഷ് നാരായണൻ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ നയൻതാര, രേവതി, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ തുടങ്ങി വൻ താരനിരയും ഒന്നിച്ചെത്തുന്നുണ്ട്. ഇതിനോടകം ഇറങ്ങിയ ചിത്രത്തിന്റെ ട്രെയിലറിനും പോസ്റ്ററിനും മികച്ച പ്രതികരണമാണ് പ്രേക്ഷകരിൽ നിന്നും ലഭിക്കുന്നത്.

ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ.ജി. അനിൽകുമാർ എന്നിവർ ചേർന്നാണ് ചിത്രം നിർമിക്കുന്നത്. സി.ആർ. സലിം പ്രൊഡക്ഷൻസ്, ബ്ലൂ ടൈഗേഴ്സ് ലണ്ടൻ എന്നീ ബാനറുകളിൽ സി.ആർ. സലിം, സുഭാഷ് ജോർജ് മാനുവൽ എന്നിവരാണ് സഹനിർമാണം നിർവഹിക്കുന്നത്.

Content Highlight: Mammootty talks about his film choices

നന്ദന എം.സി
ഡൂള്‍ന്യൂസില്‍ സബ് എഡിറ്റര്‍ ട്രെയ്‌നി. ചേളന്നൂര്‍ ശ്രീനാരായണ ഗുരു കോളേജില്‍ ബി.എ ഇംഗ്ലീഷില്‍ ബിരുദം, കാലിക്കറ്റ് സര്‍വകലാശാലയില്‍ ജേണലിസത്തില്‍ ബിരുദാനന്തര ബിരുദം.