ജിതിന്‍.കെ.ജോസിന്റെ സംവിധാനത്തില്‍ മമ്മൂട്ടിയും വിനായകനും പ്രധാന വേഷത്തിലെത്തിയ ചിത്രമായ കളങ്കാവലിന് മികച്ച പ്രതികരണമാണ് ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും റിലീസ് ചെയ്ത് രണ്ടു ദിവസത്തിനകം ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തെ വിജയമാക്കിയ പ്രേക്ഷകര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് സൂപ്പര്‍ താരം മമ്മൂട്ടി സോഷ്യല്‍ മീഡിയില്‍ പങ്കുവെച്ച കുറിപ്പാണ് ചര്‍ച്ചയായിരിക്കുന്നത്.

കളങ്കാവല്‍. Photo: Theatrical poster/ Book my show
‘കഴിഞ്ഞ രണ്ടു ദിവസത്തെ എന്റെ അനുഭവം പറഞ്ഞറിയിക്കാന്‍ പറ്റാത്തതിലും വലുതാണ്. കളങ്കാവല്‍ റിലീസിന് ശേഷം നിങ്ങള്‍ നല്‍കിയ സ്‌നേഹം എന്നെ അത്ഭുതപ്പെടുത്തുന്നതായിരുന്നു. എന്റെ തെരഞ്ഞെടുപ്പുകളില്‍ നിങ്ങള്‍ക്കുള്ള വിശ്വാസത്തിന് നന്ദി, ‘ താരം പറഞ്ഞു.
ആദ്യ ദിനം തന്നെ ലോകമെമ്പാടുമുള്ള തിയേറ്ററുകളില്‍ നിന്നും 14 കോടിയോളം കളക്ഷന്‍ സ്വന്തമാക്കിയ ചിത്രം രണ്ടു ദിവസം പിന്നിടുമ്പോള്‍ 30 കോടിയോളം ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും നേടിയതായാണ് റിപ്പോര്‍ട്ടുകള്‍. മലയാളത്തില്‍ ഈ വര്‍ഷം വന്നതില്‍ മൂന്നാമത്തെ മികച്ച ഓപ്പണിങ്ങാണ് ചിത്രത്തിന് ലഭിച്ചത്. 4.92 കോടിയാണ് ലോക്കല്‍ ബോക്‌സ് ഓഫീസില്‍ നിന്നും മാത്രമായി ചിത്രം നേടിയത്. മോഹന്‍ലാല്‍ നായകനായ എമ്പുരാനും, തുടരുമാണ് ലിസ്റ്റില്‍ ഒന്നും രണ്ടും സ്ഥാനത്തുള്ള ചിത്രങ്ങള്‍.

കാതല്‍, ഭ്രമയുഗം. Photo: Theatrical poster
വിനായകന്‍ പൊലീസ് വേഷത്തിലെത്തുന്ന ചിത്രത്തില്‍ മമ്മൂട്ടി പ്രതിനായക വേഷത്തിലെത്തുന്നുവെന്നത് ഏറെ ചര്‍ച്ച ചെയ്യപ്പെട്ടിരുന്നു. മികച്ച രീതിയിലാണ് താരം കഥാപാത്രത്തെ കൈകകാര്യം ചെയ്തതെന്നാണ് ആരാധകരുടെ അഭിപ്രായം. ഇതാദ്യമായല്ല മമ്മൂട്ടി നെഗറ്റീവ് ഷേഡുള്ള കഥാപാത്രം കൈകാര്യം ചെയ്യുന്നത്. കാതല്‍, ഭ്രമയുഗം, പാലേരി മാണിക്യം തുടങ്ങിയ ചിത്രങ്ങളും വലിയ രീതിയില്‍ പ്രേക്ഷക പ്രശംസ നേടിയിരുന്നു.
ദുല്‍ഖറിന്റെ ഹിറ്റ് ചിത്രമായ കുറുപ്പിന്റെ കഥയെഴുതിയ ജിതിന്‍.കെ.ജോസിന്റെ ആദ്യ സംവിധാന സംരംഭമായ കളങ്കാവലില്‍ ജിബിന്‍ ഗോപിനാഥ്, രജിഷ വിജയന്‍, ഗായത്രി അരുണ്‍ തുടങ്ങിയവരും പ്രധാനവേഷത്തിലെത്തുന്നു.
Content Highlight: Mammootty shares his gratitude for the acceptance of kalamkaaval
