തിയേറ്ററില്‍ ആസ്വദിക്കാന്‍ കഴിയാതെപോയ സിനിമകളെല്ലാം സാങ്കേതികവിദ്യയുടെ സഹായത്തോടെ റീ റിലീസ് ചെയ്യുന്ന കാലമാണിത്. ഹോളിവുഡും ബോളിവുഡും കോളിവുഡും കഴിഞ്ഞ കുറച്ച് വര്‍ഷങ്ങളായി തുടര്‍ന്നുപോകുന്ന ശീലം കുറച്ചുകാലം മുമ്പാണ് മലയാളത്തിലും സജീവമായത്. മോഹന്‍ലാല്‍ നായകനായ സ്ഫടികമാണ് ഈ ലിസ്റ്റില്‍ ആദ്യത്തെ ചിത്രം.
പിന്നാലെ ദേവദൂതന്‍, മണിച്ചിത്രത്താഴ്, ഛോട്ടാ മുംബൈ തുടങ്ങിയ സിനിമകളെല്ലാം റീ റിലീസില്‍ തരംഗം സൃഷ്ടിച്ചു. തുടര്‍ച്ചയായി രണ്ട് മോഹന്‍ലാല്‍ ചിത്രങ്ങള്‍ റീ റിലീസില്‍ തിയേറ്ററുകളെ പൂരപ്പറമ്പാക്കി മാറ്റിയിരിക്കുകയാണ്. ആരാധകരെല്ലാം ഇഷ്ടനടന്റെ സിനിമയെ ആഘോഷമാക്കി മാറ്റുന്ന കാഴ്ച സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറി.
റീ റിലീസ് ട്രെന്‍ഡ് പിന്തുടര്‍ന്ന് മമ്മൂട്ടിയുടെ ചില സിനിമകള്‍ റീ റിലീസ് ചെയ്‌തെങ്കിലും മോഹന്‍ലാല്‍ ഉണ്ടാക്കിയ ഓളം സൃഷ്ടിക്കാന്‍ ഇതില്‍ ഒരു സിനിമക്കും കഴിഞ്ഞില്ല. റിപ്പീറ്റ് വാല്യുവുള്ള എന്റര്‍ടൈനറുകള്‍ റീ റിലീസ് ചെയ്യണമെന്നാണ് മമ്മൂട്ടിയുടെ ആരാധകര്‍ ആവശ്യപ്പെടുന്നത്. രാജമാണിക്യം, ചട്ടമ്പിനാട്, മായാവി തുടങ്ങിയ സിനിമകളെല്ലാം റീ റിലീസ് ചെയ്താല്‍ ശ്രദ്ധിക്കപ്പെടുമെന്നാണ് പലരും അഭിപ്രായപ്പെടുന്നത്.
എന്നാല്‍ മമ്മൂട്ടിയുടെ അടുത്ത റീ റിലീസ് ചിത്രം ഒരുവിഭാഗം ആരാധകരെ നിരാശരാക്കിയിരിക്കുകയാണ്. മമ്മൂട്ടി- ഭരതന്‍ കൂട്ടുകെട്ടിലൊരുങ്ങിയ അമരമാണ് വീണ്ടും ബിഗ് സ്‌ക്രീനിലേക്കെത്തുന്നത്. ഇന്ത്യയൊഴികെ മറ്റെല്ലായിടത്തും ചിത്രം വീണ്ടും പ്രദര്‍ശനത്തിനെത്തുമെന്ന് അണിയറപ്രവര്‍ത്തകര്‍ അറിയിച്ചിരിക്കുകയാണ്.
രാജമാണിക്യം പോലൊരു കൊമേഴ്‌സ്യല്‍ എന്റര്‍ടൈനറിന് പകരം ഇമോഷണല്‍ ഡ്രാമ ലഭിച്ചതിന്റെ നിരാശയിലാണ് പലരും. മുമ്പത്തെ റീ റിലീസുകളില്‍ ഒന്നുപോലും ശ്രദ്ധിക്കപ്പെടാത്തതും നിരാശയുടെ ആഴം കൂട്ടി. പാലേരി മാണിക്യം, ആവനാഴി എന്നീ സിനിമകള്‍ റീ റിലീസില്‍ വമ്പന്‍ പരാജയമാണ് നേരിട്ടത്. വല്യേട്ടന്‍, ഒരു വടക്കന്‍ വീരഗാഥ എന്നീ ചിത്രങ്ങള്‍ പ്രതീക്ഷക്കൊത്ത് കളക്ഷന്‍ നേടിയതുമില്ല.
അടുത്തിടെ മമ്മൂട്ടിയുടെ എക്കാലത്തെയും ഹിറ്റുകളിലൊന്നായ സാമ്രാജ്യം 4K റീമാസ്റ്റര്‍ പതിപ്പ് തിയേറ്ററുകളിലെത്തുമെന്ന് അറിയിച്ചിരുന്നു. എന്നാല്‍ റീമാസ്റ്റര്‍ എന്ന് അവകാശപ്പെട്ട് പുറത്തിറക്കിയ ടീസറിന് യാതൊരു ക്വാളിറ്റിയുമില്ലെന്നാണ് ഭൂരിഭാഗം പേരും അഭിപ്രായപ്പെട്ടത്. ഇതോടെ ചിത്രം റീ റിലീസ് ചെയ്യാനുള്ള ശ്രമം ഉപേക്ഷിച്ചെന്നാണ് റിപ്പോര്‍ട്ടുകള്‍.
Content Highlight: Mammootty’s Amaram movie going to re release soon