ചുരുക്കം സനിമകള്‍ കൊണ്ട് കേരളത്തിന് പുറത്തും ശ്രദ്ധിക്കപ്പെട്ട പ്രൊഡക്ഷന്‍ ഹൗസാണ് മമ്മൂട്ടിക്കമ്പനി. മലയാളത്തിന്റെ സ്വന്തം മമ്മൂട്ടി ആരംഭിച്ച പ്രൊഡക്ഷന്‍ ഹൗസ് മികച്ച സിനിമകള്‍ പ്രേക്ഷകരിലേക്കെത്തിക്കാനാണ് ശ്രമിക്കുന്ന്. വ്യത്യസ്ത ഴോണറുകളിലുള്ള സിനിമകളാണ് മമ്മൂട്ടിക്കമ്പനി ഇതുവരെ പ്രേക്ഷകര്‍ക്ക് സമ്മാനിച്ചത്.
നന്‍പകല്‍ നേരത്ത് മയക്കം, റോഷാക്ക്, കാതല്‍ പോലെ പരീക്ഷണസ്വഭാവമുള്ള സിനിമകള്‍ ഒരുക്കിയ മമ്മൂട്ടിക്കമ്പനി അവരുടെ ഴോണറുകള്‍ മാറ്റുന്നു എന്നാണ് പുതിയ റിപ്പോര്‍ട്ട്. തുടര്‍ച്ചയായി മാസ് സിനിമകള്‍ ഒരുക്കാനാണ് മമ്മൂട്ടിക്കമ്പനി പദ്ധതിയിടുന്നതെന്നാണ് റിപ്പോര്‍ട്ടുകള്‍.
മമ്മൂട്ടി,Photo: Mammootty/Facebook
ഫാലിമിക്ക് ശേഷം നിതീഷ് സഹദേവ് സംവിധാനം ചെയ്യുന്ന മലയാള ചിത്രം അത്തരത്തിലൊന്നാകുമെന്നാണ് പുറത്തുവരുന്ന വിവരം. തിരുവനന്തപുരം പ്രധാന ലൊക്കേഷനായെത്തുന്ന ചിത്രത്തില്‍ ലോക്കല്‍ ഗ്യാങ്‌സ്റ്ററുടെ വേഷത്തിലാകും മമ്മൂട്ടി പ്രത്യക്ഷപ്പെടുകയെന്നും റിപ്പോര്‍ട്ടുണ്ട്. കളങ്കാവലിന് ശേഷം വീണ്ടും തിരുവനന്തപുരം സ്ലാങ് സംസാരിക്കുന്ന മമ്മൂട്ടി തന്നെയാണ് ഈ ചിത്രത്തിന്റെ ഹൈലൈറ്റ്.
നിതീഷിനൊപ്പമുള്ള പ്രൊജക്ടിന് ശേഷം മമ്മൂട്ടി ഖാലിദ് റഹ്‌മാനുമായി കൈകോര്‍ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇതും മാസ് എലമെന്റുകളുള്ള ചിത്രമാകുമെന്ന് സിനിമാപേജുകള്‍ പറയുന്നു. മമ്മൂട്ടിക്കമ്പനി തന്നെയാകും ഈ ചിത്രത്തിന്റെയും നിര്‍മാണം. ഇതുവരെ പരീക്ഷണ സിനിമകള്‍ മാത്രം ചെയ്തിരുന്ന മമ്മൂട്ടിക്കമ്പനിയുടെ ഈ ഴോണര്‍ മാറ്റം ആരാധകരെയും സന്തോഷത്തിലാക്കിയിരിക്കുകയാണ്.
നിലവില്‍ മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന പാട്രിയറ്റിന്റെ ഷൂട്ടിലാണ് മമ്മൂട്ടി. രണ്ട് ഷെഡ്യൂളുകളാണ് ഇനി ചിത്രത്തിന്റേതായി ബാക്കിയുള്ളത്. ജനുവരി അവസാനത്തോടെ ചിത്രത്തിന്റെ ഷൂട്ട് പൂര്‍ത്തിയാകും. ഇതിന് ശേഷമാകും മമ്മൂട്ടി മറ്റ് പ്രൊജക്ടുകളിലേക്ക് കടക്കുക. ഇതിനിടയില്‍ അടൂര്‍ ഗോപാലകൃഷ്ണനുമായുള്ള പ്രൊജക്ടും മമ്മൂട്ടിയുടെ ലൈനപ്പിലുണ്ട്.
കൊവിഡിന് ശേഷം തന്റെ സ്‌ക്രിപ്റ്റ് സെലക്ഷനില്‍ വരുത്തിയ മാറ്റങ്ങളിലൂടെ ഇന്ത്യന്‍ സിനിമയില്‍ ചര്‍ച്ചാവിഷയമാകാന്‍ മമ്മൂട്ടിക്ക് സാധിച്ചിരുന്നു. ഏറ്റവുമൊടുവില്‍ പുറത്തിറങ്ങിയ കളങ്കാവലും ആ ചര്‍ച്ചയിലെ അവസാന എന്‍ട്രിയായി മാറി. ഇനിയും സിനിമാലോകത്തെ ഞെട്ടിക്കാന്‍ തന്നെയാണ് മമ്മൂട്ടിയുടെ ഉദ്ദേശം.
Content Highlight: Mammootty Kampany planning to do back to back mass movies