'മമ്മൂക്ക ഈസ് ബാക്ക്'; ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്ന് ആന്റോ ജോസഫ്
കൊച്ചി: നടന്‍ മമ്മൂട്ടിയുടെ അസുഖം പൂര്‍ണമായി ഭേദമായതായി നിര്‍മാതാവ് ആന്റോ ജോസഫ്. ലോകമെമ്പാടുമുള്ള ഒരുപാട് പേരുടെ പ്രാര്‍ത്ഥനയ്ക്ക് ഫലം കണ്ടെന്നും ദൈവത്തിന് നന്ദിയെന്നുമായിരുന്നു ആന്റോ ജോസഫിന്റെ പോസ്റ്റ്.
പോസ്റ്റില്‍ മമ്മൂട്ടിയുടെ പേര് പരാമര്‍ശിച്ചിട്ടില്ലെങ്കിലും മമ്മൂട്ടിയുടെ ആരോഗ്യവസ്ഥയുമായി ബന്ധപ്പെട്ട അപ്‌ഡേറ്റ് തന്നെയാണ് ഇതെന്ന് ആരാധകര്‍ ഉറപ്പിച്ചിട്ടുണ്ട്. എക്കാലത്തെയും വലിയ വാര്‍ത്തയെന്നായിരുന്നു പോസ്റ്റിന് താഴെ നടി മാലാ പാര്‍വതി കമന്റ് ചെയ്തത്.
ഏതാനും നാളുകളായി സിനിമയില്‍ നിന്ന് വിട്ടുനില്‍ക്കുകയായിരുന്നു മമ്മൂട്ടി. അടുത്തമാസത്തോടെ അദ്ദേഹം കൊച്ചിയിലേക്ക് മടങ്ങിയെത്തുമെന്നാണ് അറിയുന്നത്.

മമ്മൂട്ടിയുടെ അസുഖവുമായി ബന്ധപ്പെട്ട് അടുത്തിടെ വലിയ ചര്‍ച്ചകള്‍ സോഷ്യല്‍മീഡിയയിലും ആരാധകര്‍ക്കിടയിലുമൊക്കെ നടന്നിരുന്നു.
സോഷ്യല്‍ മീഡിയയില്‍ സജീവമായിരുന്നെങ്കിലും തന്റെ പുതിയ ചിത്രങ്ങളോ വരാനിരിക്കുന്ന സിനിമാ അപ്‌ഡേറ്റുകളോ മമ്മൂക്ക പങ്കുവെച്ചിരുന്നില്ല.
എന്നാല്‍ കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ റിലീസിനൊരുങ്ങുന്ന കളങ്കാവല്‍ എന്ന ചിത്രത്തിന്റെ പുതിയ പോസ്റ്റര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു. വലിയ ആഘോഷത്തോടെയായിരുന്നു പോസ്റ്റര്‍ ആരാധകര്‍ ഏറ്റെടുത്തത്.
ശാരീരിക അസ്വസ്ഥതകളെത്തുടര്‍ന്നുള്ള ചികിത്സ കഴിഞ്ഞ് വിശ്രമത്തിലാണ് നിലവില്‍ അദ്ദേഹം.
കഴിഞ്ഞ ദിവസം മമ്മൂട്ടിയുടെ ആരോഗ്യത്തെക്കുറിച്ചുള്ള വിവരം അദ്ദേഹത്തിന്റെ അനന്തരവനും നടനുമായ അഷ്‌കര്‍ സൗദാന്‍ പങ്കുവെച്ചിരുന്നു. മമ്മൂക്ക സുഖമായിരിക്കുന്നെന്നായിരുന്നു അഷ്‌കര്‍ പറഞ്ഞത്.
‘അദ്ദേഹം സന്തോഷവാനായിരിക്കുന്നു. ആരോഗ്യം ഇപ്പോള്‍ മെച്ചപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ ഏഴിന് പിറന്നാള്‍ ആണ്. ഒരു വരവ് വരുമെന്നാണ് വിശ്വസിക്കുന്നത്.
അദ്ദേഹത്തിന് അത്ര വലിയ പ്രശ്‌നങ്ങള്‍ ഒന്നുമില്ല. ഇപ്പോള്‍ ഒന്ന് റെസ്റ്റ് എടുക്കുന്നു,’ എന്നായിരുന്നു അഷ്‌കര്‍ പറഞ്ഞത്.
ഡീനോ ഡെന്നിസ് ഒരുക്കിയ ബസൂക്കയാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ മമ്മൂട്ടി ചിത്രം.
മഹേഷ് നാരായണന്റെ സംവിധാനത്തില്‍ ഒരുങ്ങുന്ന ബിഗ് ബജറ്റ് ചിത്രം, നവാഗതനായ ജിതിന്‍ കെ ജോസ് സംവിധാനം ചെയ്യുന്ന കളങ്കാവല്‍ എന്നിവയാണ് മമ്മൂട്ടിയുടേതായി വരാനിരിക്കുന്ന ചിത്രങ്ങള്‍.
മഹേഷ് നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ മമ്മൂട്ടിക്കൊപ്പം മോഹന്‍ലാല്‍, കുഞ്ചാക്കോ ബോബന്‍, ഫഹദ് ഫാസില്‍ തുടങ്ങി വലിയ താരനിരയും അണിനിരക്കുന്നുണ്ട്.
Content Highlight: Mammootty is Back Producer Anto Joseph Post