മലയാളികളുടെ സ്വകാര്യ അഹങ്കാരമാണ് മമ്മൂട്ടി. അഞ്ച് പതിറ്റാണ്ടിന് മുകളിലായി സിനിമാപ്രേമികളെ വിസ്മയിപ്പിക്കുന്ന അഭിനയ പ്രതിഭ ഓഫ് സ്‌ക്രീനിലും ഹൃദയം കവരാറുണ്ട്. അത്തരത്തിലൊരു രംഗമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ച. എറണാകുളത്ത് നടക്കുന്ന ഹോര്‍ത്തൂസിന്റെ ഉദ്ഘാടന ചടങ്ങിലെ മമ്മൂട്ടിയുടെ പ്രസംഗമാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്.
തന്നെ ആദ്യമായി മമ്മൂട്ടി എന്ന് വിളിച്ച വ്യക്തിയെ താരം ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയ വീഡിയോ ഇതിനോടകം വൈറലായി. മുഹമ്മദ് കുട്ടി എന്ന തന്റെ പേര് പഴഞ്ചനാണെന്ന് കോളേജില്‍ ചേര്‍ന്നപ്പോള്‍ തോന്നിയെന്നും അതിനാല്‍ സുഹൃത്തുക്കളോടെല്ലാം മറ്റൊരു പേരായിരുന്നു പറഞ്ഞിരുന്നതെന്നും താരം കൂട്ടിച്ചേര്‍ത്തു.
‘ആരെങ്കിലും പേരെന്താണെന്ന് ചോദിച്ചാല്‍ അവരോടൊക്കെ ഓമര്‍ ഷെരീഫ് എന്നായിരുന്നു പറഞ്ഞത്. അവരൊക്കെ എന്നെ ഒമറേ എന്ന് വിളിക്കുമായിരുന്നു. പക്ഷേ, ഐ.ഡി കാര്‍ഡില്‍ മുഹമ്മദ് കുട്ടി എന്ന് തന്നെയായിരുന്നു. ഒരു ദിവസം കൂട്ടുകാരോട് സംസാരിച്ചുകൊണ്ടിരിക്കുന്നതിനിടയില്‍ ഈ കാര്‍ഡ് താഴെ വീണു. അത് എടുത്തിട്ട് ഒരു സുഹൃത്ത് ‘നിന്റെ പേര് മമ്മൂട്ടിയെന്നാണോ, എന്നിട്ടാണോ ഒമര്‍ എന്ന് പറഞ്ഞത്’ എന്ന് ചോദിച്ചു.
അന്ന് മുതല്‍ സുഹൃത്തുക്കളുടെ ഇടയിലും പിന്നീട് നിങ്ങളുടെ മുന്നിലും ഞാന്‍ മമ്മൂട്ടിയായി. ആ പേര് എനിക്ക് നല്കിയ ആള്‍ ആരാണെന്ന് പലരും അന്വേഷിച്ചിട്ടുണ്ട്. ചിലര്‍ സ്വയം അവകാശപ്പെട്ടുകൊണ്ട് മുന്നോട്ട് വരാറുണ്ടായിരുന്നു. എന്നാല്‍ ആ വ്യക്തിയെ നിങ്ങള്‍ക്ക് പരിചയപ്പെടുത്തുകയാണ്. ശശിധരന്‍ എന്നയാളാണ് എന്നെ ആദ്യമായി മമ്മൂട്ടിയെന്ന് വിളിച്ചത്’ മമ്മൂട്ടി പറയുന്നു.
എടവനക്കാട് സ്വദേശിയായ പഴയ സുഹൃത്ത് ശശിധരനെ ഇപ്രകാരമാണ് മമ്മൂട്ടി ലോകത്തിന് മുന്നില്‍ പരിചയപ്പെടുത്തിയത്. സദസില്‍ ആള്‍ക്കൂട്ടത്തിനിടയിലിരുന്ന ശശിധരനെ മമ്മൂട്ടി സ്റ്റേജിലേക്ക് വിളിക്കുകയും ആലിംഗനം ചെയ്യുകയും ചെയ്തു. സോഷ്യല്‍ മീഡിയ മുഴുവന്‍ ഈ രണ്ട് സുഹൃത്തുക്കളാണ് നിറഞ്ഞുനില്‍ക്കുന്നത്.
മമ്മൂട്ടിയുടെ എക്കാലത്തെയും മികച്ച സിനിമകളിലൊന്നായ കഥ പറയുമ്പോള്‍ റീ ക്രിയേറ്റ് ചെയ്തതുപോലെയുണ്ടെന്ന് ചിലര്‍ അഭിപ്രായപ്പെട്ടു. റീലിലായാലും റിയല്‍ ലൈഫിലായാലും ഈ വ്യക്തിത്വമാണ് മമ്മൂട്ടിയെ വ്യത്യസ്തനാക്കുന്നതെന്നാണ് ആരാധകര്‍ പറയുന്നത്. ഇടവേളക്ക് ശേഷം തിരിച്ചെത്തിയ മമ്മൂട്ടിയെ ജനങ്ങള്‍ ഹൃദയത്തിലേറ്റുകയാണ് ഇപ്പോഴും.
Content Highlight: Mammootty introduced the person who called that name first time