കൊക്ക കോളയേക്കാള്‍ വലിയ കോടികളാണ് ബിഗ് ബോസ് വാഗ്ദാനം ചെയ്തത്, വേണ്ടെന്ന് വെക്കാന്‍ കാരണമിതാണ്: മമ്മൂട്ടി
Film News
കൊക്ക കോളയേക്കാള്‍ വലിയ കോടികളാണ് ബിഗ് ബോസ് വാഗ്ദാനം ചെയ്തത്, വേണ്ടെന്ന് വെക്കാന്‍ കാരണമിതാണ്: മമ്മൂട്ടി
എന്റര്‍ടെയിന്‍മെന്റ് ഡെസ്‌ക്
Tuesday, 17th January 2023, 10:19 pm

കോടികള്‍ വാഗ്ദാനം ചെയ്ത ബിഗ് ബോസിലെയും, കൊക്ക കോള പരസ്യത്തിന്റെയും അവസരം വേണ്ടെന്നു വെച്ചതിന് പിന്നിലെ കാരണം വ്യക്തമാക്കിയിരിക്കുകയാണ് മമ്മൂട്ടി.

കുറച്ച് കഴിയുമ്പോള്‍ തനിക്ക് ശ്വാസം മുട്ടുമെന്നും, തന്നെക്കൊണ്ട് ഇതൊന്നും ആവില്ലെന്നുമാണ് മമ്മൂക്ക പറഞ്ഞത്. നന്‍പകല്‍ നേരത്ത് മയക്കം എന്ന ചിത്രത്തിന്റെ പ്രൊമോഷന്റെ ഭാഗമായി മാധ്യമങ്ങള്‍ക്ക് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു മമ്മൂട്ടി.

ബിഗ് ബോസ്സില്‍ ആദ്യം ഹോസ്റ്റ് ആയിട്ട് വിളിച്ചത് മമ്മൂക്കയെ അല്ലെ, അത് പോലെ തന്നെ കൊക്ക കോളയുടെ കോടികള്‍ വാഗ്ദാനം ചെയ്ത പരസ്യങ്ങള്‍ എന്ത് കൊണ്ടാണ് വേണ്ടെന്ന് വെച്ചത് എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു താരം.

‘വലിയ തിയറികള്‍ ഒന്നുമില്ല. കൊക്ക കോളയേക്കാള്‍ വലിയ കോടികളാണ് ബിഗ് ബോസില്‍ നിന്ന് വാഗ്ദാനം ചെയ്തത്, പക്ഷെ എന്നെ കൊണ്ട് കൂട്ടിയാല്‍ കൂടില്ല എന്നുള്ളത് കൊണ്ട് തന്നെയാണ് അതൊക്കെ ഞാന്‍ വേണ്ടെന്ന് വെച്ചത്. ശരിയാവില്ല എന്ന് തോന്നി എനിക്ക്. കാരണം അവസാനം ശ്വാസം മുട്ടേണ്ടി വരും. വലിയ ഓഫര്‍ ആയിരുന്നു. അതിന്റെ ആളുകളോട് ചോദിച്ചു നോക്കിയാല്‍ അറിയാം. ലോകത്ത് വേറെ ആര്‍ക്കും ഇങ്ങനെയൊന്നും ആലോചിക്കാന്‍ കഴിയില്ല. ഞാന്‍ ഇങ്ങനെ ഒരു പൊട്ടന്‍,’ മമ്മൂട്ടി പറഞ്ഞു.

എസ്.ഹരീഷിന്റെ തിരക്കഥയില്‍ മമ്മൂട്ടിയെ നായകനാക്കി ലിജോ ജോസ് പെല്ലിശ്ശേരി രചനയും സംവിധാനവും നിര്‍വ്വഹിച്ച ചിത്രമാണ് നന്‍പകല്‍ നേരത്ത് മയക്കം. കുടുംബവുമൊത്തുള്ള വേളാങ്കണ്ണി യാത്ര കഴിഞ്ഞുള്ള മടക്കയാത്രയില്‍ ജെയിംസിന് പിന്നീട് സംഭവിക്കുന്ന മാറ്റങ്ങളിലൂടെയാണ് ചിത്രം കടന്നുപോകുന്നത്.

അശോകന്‍, രമ്യ പാണ്ഡ്യന്‍, അശ്വന്ത് അശോക് കുമാര്‍, ഗിരീഷ് പെരിഞ്ചീരി, സഞ്ജന ദിപു, തുടങ്ങിയവരാണ് ചിത്രത്തില്‍ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്. മമ്മൂട്ടി കമ്പനി, ആമേന്‍ മൂവി മൊണാസ്ട്രിയും ചേര്‍ന്നാണ് ചിത്രം നിര്‍മിച്ചിരിക്കുന്നത്. തേനി ഈശ്വറാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്.

Content Highlight: Mammootty has clarified the reason behind rejecting the opportunity of Bigg Boss and Coca Cola advertisement